ശുദ്ധീകരണസ്ഥലത്തേക്കുറിച്ചുള്ള ചിന്ത നമ്മുടെ വ്യക്തി ജീവിതത്തെ സഹായിക്കുന്നതെങ്ങനെ?  

നവംബർ മാസം മരിച്ച വിശ്വാസികളെ പ്രത്യേകമായി അനുസ്മരിക്കുന്ന മാസമാണ്. അതോടൊപ്പം കത്തോലിക്കാ വിശ്വാസികളായ നാം ഓരോരുത്തരും നമ്മുടെ വ്യക്തി ജീവിതത്തെ പുനഃപരിശോധിക്കേണ്ട കാലഘട്ടവും കൂടിയാണിത്. ഓരോ നിമിഷവും ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് മരണത്തിന് ഒരുങ്ങിയിരിക്കണം. അത് എപ്രകാരമായിരിക്കണം എന്ന് നമുക്കൊന്ന് പരിശോധിക്കാം.

നവംബർ മാസം പ്രത്യേകമായി രണ്ട് തിരുനാൾ ആണ് നാം ആഘോഷിക്കുന്നത്. സകല വിശുദ്ധരുടെ തിരുനാളും സകല മരിച്ചവരുടെ തിരുനാളും. സകല വിശുദ്ധരുടെയും തിരുനാളിൽ സഭ വിശുദ്ധരായി പ്രഖ്യാപിച്ചവരോട് പ്രത്യേക മാധ്യസ്ഥം തേടുവാനുള്ള അവസരം നൽകുന്നു. എന്നാൽ സകല മരിച്ചവരുടെയും തിരുനാളിൽ ശുദ്ധീകരണസ്ഥലത്തിൽ വേദന അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അങ്ങനെ അവരെ സ്വർഗത്തിൽ എത്തുവാൻ സഹായിക്കുകയും ചെയ്യുന്നു.

മരിച്ചവർക്കു വേണ്ടി നാം പ്രാർത്ഥിക്കുമ്പോൾ, അത് പൂർണ്ണവും അർത്ഥവത്തും ആക്കുവാൻ സഹായിക്കുന്ന ഏതാനും ഘടകങ്ങൾ, ചിന്താ ശകലങ്ങൾ ചുവടെ ചേർക്കുന്നു.

1. അവർ സ്വർഗ്ഗത്തിൽ എത്തുക തന്നെ ചെയ്യും

ശുദ്ധീകരണസ്ഥലത്തിൽ ആയിരിക്കുന്നവർ അവരുടെ ശുദ്ധീകരണത്തിന്റെ  കാലഘട്ടം കഴിഞ്ഞു സ്വർഗത്തിൽ എത്തിച്ചേരും.  സ്വർഗത്തിൽ എത്തിച്ചേരുക എന്ന യുദ്‌ധം അവർ വിജയിക്കേണ്ടിയിരിക്കുന്നു. അതിനാലാണ് അവരെ ‘വിശുദ്ധ ആത്മാക്കൾ’ എന്ന് വിശേഷിപ്പിക്കുന്നത്. അവരുടെ ഹൃദയത്തിന്റെ അപൂർണതകൾ, നെഗറ്റീവ് ചിന്താഗതികൾ എന്നിങ്ങനെയുള്ള ചെറിയ പാപങ്ങൾ ആണ് അവർക്ക് സ്വർഗത്തിൽ പോകുവാൻ തടസമായി നിൽക്കുന്നത്. ജീവിച്ചിരിക്കുന്നവരുടെ പ്രാർത്ഥനകളിലൂടെ മാത്രമേ ശുദ്ധീകരാത്മാക്കൾക്കു സ്വർഗം പ്രാപിക്കുവാൻ സാധിക്കുകയുള്ളൂ.

2. സഹനങ്ങളില്ലാതെ സ്വർഗം എന്ന നേട്ടമില്ല

കർത്താവിന്റെ കരുണയുടെ വലിയ പ്രായോഗിക തലമാണ് ശുദ്ധീകരണസ്ഥലം. ഈ ലോകത്തിന്റെ നേട്ടങ്ങളല്ല നമ്മെ സ്വർഗത്തിൽ എത്തുവാൻ സഹായിക്കുന്നത്. നമ്മുടെ ഡിഗ്രികൾ, ഉയർന്ന ജോലി, നല്ല ശമ്പളം ഇവയൊക്കെ ഭൗതികമായ നേട്ടങ്ങൾ മാത്രമാണ്. എന്നാൽ സ്വർഗ്ഗം പ്രാപിക്കുവാനുള്ള മാനദണ്ഡം നമ്മുടെ ഹൃദയത്തിന്റെ വിശുദ്ധി മാത്രമാണ്.

‘തീ’ എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് ശുദ്ധീകരണസ്ഥലം എന്ന പേര് വരുന്നത്. അതായത് എല്ലാറ്റിനെയും ശുദ്ധീകരിക്കുന്നത് എന്ന് അർത്ഥം. ഈ അടുത്തയിടെ വിശുദ്ധിയിലേക്ക് ഉയർത്തപ്പെട്ട വിശുദ്ധ ഹെൻറി ന്യൂമാൻ ഇപ്രകാരം പറയുന്നു.” ഒരു വ്യക്തിയുടെ ആത്മാവ്‌ ശുദ്ധീകരണത്തിന്റെ നാളുകളിലൂടെ കടന്ന് പോകുന്ന അവസ്ഥയാണിത്. ദൈവത്തിന്റെ മുഖം കാണാൻ ആന്തരികമായി ഒരു വ്യക്തി ഒരുങ്ങുന്ന സ്ഥലം.” ശുദ്ധീകരമാത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഈ കാര്യം നമുക്ക് ചിന്തിക്കാം.

3. വീണ്ടെടുക്കപ്പെടുവാനുള്ള സ്ഥലം

ശുദ്ധീകരണസ്ഥലം എന്ന യാഥാർഥ്യം വിശ്വസിക്കാത്ത അനേകം ക്രിസ്ത്യാനികൾ ഇന്നും ലോകത്തിൽ ഉണ്ട്. ബൈബിളിൽ തന്നെ  ശുദ്ധീകരണസ്ഥലം ഉണ്ടെന്നുള്ളതിന്റെ തെളിവ് മക്കബായരുടെ പുസ്തകത്തിൽ കാണുവാൻ സാധിക്കും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു. “എല്ലാവരും മരിക്കുന്നത് കർത്താവിന്റെ കൃപയിലും സൗഹൃദത്തിലും ആണ്. എന്നാൽ ചിലരുടെ ജീവിതത്തിൽ വിശുദ്ധീകരണം ആവശ്യമാണ്. എങ്കിൽ മാത്രമേ സ്വർഗ്ഗമെന്ന സന്തോഷത്തിൽ പ്രവേശിക്കുവാൻ അവർക്ക് സാധിക്കുകയുള്ളൂ.”

4. പ്രാർത്ഥനയാകുന്ന ശക്തി

ശുദ്ധീകരണസ്ഥലത്തിൽ വേദന അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, പ്രാർത്ഥിക്കുവാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുക എന്നത് വളരെ നല്ല കാര്യമാണ്. ഈ ആത്മാക്കൾ സ്വർഗത്തിൽ എത്തിയ ശേഷം നമുക്ക് വേണ്ടി പ്രാർത്ഥിക്കും. നമ്മുടെ പ്രിയപ്പെട്ടവർ നമ്മിൽ നിന്നും മരണം വഴി വേർപിരിഞ്ഞവർ ആണെങ്കിലും നമ്മുടെ പ്രാർത്ഥനകൾ വഴി അവരെ സ്വർഗത്തിലേക്ക് കയറ്റുവാൻ നമുക്ക് സാധിക്കും. അപ്പോൾ ഒരുപക്ഷേ, നാം സ്വർഗത്തിൽ എത്തുമ്പോൾ “നിങ്ങളുടെ പ്രാർത്ഥനകൾക്ക് നന്ദി” എന്ന് അവർ നമ്മെ നോക്കി പറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.