സത്യസന്ധത എങ്ങനെയാണ് പ്രധാനപ്പെട്ടതാകുന്നത്

സത്യസന്ധതയാണ് ദൈവത്തിങ്കലേയ്ക്കുള്ള ഒന്നാമത്തെ കാല്‍വയ്പ്പ്. വചനം പറയുന്നു: ”അവിടുന്ന് പ്രകാശത്തില്‍ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തില്‍ സഞ്ചരിച്ചാല്‍ നമുക്ക് തമ്മില്‍ കൂട്ടായ്മയുണ്ട്” (1യോഹ. 1:7) എന്ന്. സത്യസന്ധതയില്ലായ്മയെ ദൈവം വെറുക്കുന്നു. മറ്റാരോട് എന്നതിനേക്കാള്‍ യേശു  അധികം സംസാരിച്ചത് കാപട്യക്കാര്‍ക്കെതിരെ ആയിരുന്നു.

ദൈവം നമ്മോട് ആവശ്യപ്പെടുന്നത്, വിശുദ്ധരും എല്ലാം തികഞ്ഞവരും ആകണമെന്നല്ല. എന്നാല്‍, സത്യസന്ധരാകണമെന്നാണ്. യഥാര്‍ത്ഥ വിശുദ്ധിയുടെ തുടക്കം ഇവിടെയാണ്. അവിടെ നിന്ന് അത് എല്ലായിടത്തേയ്ക്കും ഒഴുകും. എളുപ്പം ചെയ്യാവുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അത്, സത്യസന്ധരായിരിക്കുക എന്നതാണ്. അതുകൊണ്ട് പാപത്തെ ഉടനെ തന്നെ ദൈവത്തോട് ഏറ്റുപറയുക. പാപകരമായ ചിന്തകളെ നല്ല പേരിട്ടു വിളിക്കാതിരിക്കുക.

നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ ഒരിക്കലും പാപത്തിന്റെ മേല്‍ ജയം പ്രാപിക്കുകയില്ല. ഒരിക്കലും പാപത്തെ ബലഹീനത എന്ന് വിളിക്കാതിരിക്കുക. കാരണം, യേശുവിന്റെ രക്തം പാപങ്ങളില്‍ നിന്നാണ് നമ്മെ ശുദ്ധീകരിക്കുന്നത്. അല്ലാതെ, ബലഹീനതകളില്‍ നിന്നല്ല. നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ ഒരിക്കലും പാപത്തിന്റ മേല്‍ ജയം പ്രാപിക്കയില്ല. സത്യസന്ധരല്ലാത്തവരെ അവിടുന്ന് ശുദ്ധീകരിക്കുന്നില്ല. സത്യസന്ധര്‍ക്കു മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്ന് വചനവും പറയുന്നു. ”തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല” (സദൃ. 28:13).

സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുവാനുള്ള സാധ്യത മതനേതാക്കന്മാരേക്കാള്‍, കള്ളന്മാര്‍ക്കും വേശ്യമാര്‍ക്കും ആണെന്ന് യേശു പറയുവാന്‍ കാരണമെന്താണ്?(മത്തായി 21:31). കാരണം, വേശ്യമാരും കള്ളന്മാരും തങ്ങള്‍ വിശുദ്ധരാണെന്നു ഭാവിക്കുന്നില്ല.