ജപമാല പ്രാർത്ഥനാ കൂടുതൽ മനോഹരമാക്കാൻ

ലൂർദ്ദിലും, ഫാത്തിമായിലും മറ്റു പല പ്രത്യക്ഷീകരണങ്ങളിലും ദൈവമാതാവായ പരിശുദ്ധ കന്യകാമറിയം ആവർത്തിച്ചാവശ്യപ്പെടുന്ന കാര്യമാണ് ലോകസമാധാനത്തിനും രക്ഷയ്ക്കുമായി ജപമാല ചെല്ലി പ്രാർത്ഥിക്കുക എന്നത്. കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം 147 നമ്പറിൽ വിശുദ്ധരുടെ ഇടയിൽ കന്യകാമറിയത്തിനുള്ള വിശിഷ്ട സ്ഥാനത്തെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്: “മറിയം ദൈവമാതാവാണ്. അവൾ യേശുവുമായി ഭൂമിയിൽ അവഗാഢം ഐക്യപ്പെട്ടിരിക്കുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാൾക്കും അതും സാധ്യമായിരുന്നുമില്ല. ആ ഉറ്റ ബന്ധം സ്വർഗത്തിൽ ഇല്ലാതാകുന്നില്ല. മറിയം സ്വർഗ്ഗറാണിയാണ്. അവളുടെ മാതൃത്വത്തിൽ നമ്മോട് ഏറ്റവും അടുത്തിരിക്കുന്നു.” പരിശുദ്ധ അമ്മയുടെ മാതൃത്വത്തോട് ഹൃദയപൂർവ്വം ഏറ്റവും അടുത്തിരിക്കാൻ പറ്റുന്ന പ്രാർത്ഥനയാണ് ജപമാല. ജർമ്മൻ ദൈവശാസ്ത്രജ്ഞനായ റൊമാനോ ഗ്വാർദിനി ഇപ്രകാരം പറയുന്നു: “ജപമാലയെന്നതിന്റെ അർത്ഥം മറിയത്തിന്റെ ജീവിതമണ്ഡലത്തിൽ തങ്ങി നിൽക്കുകയെന്നാണ്, അതിന്റെ ഉള്ളടക്കമാകട്ടെ ക്രിസ്തു ആണ്. ” നമ്മുടെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജീവിതമണ്ഡലത്തിൽ സവിശേഷമായി തിങ്ങിനിൽക്കേണ്ട മാസമാണ് മെയ് മാസം. അതിനാൽ ഈ മാസം ജപമാല പ്രാർത്ഥനയെ കൂടുതൽ സ്നേഹിക്കുകയും നമ്മുടെ ആത്മീയ യാത്രയുടെ ഭാഗമാക്കുകയും ചെയ്യാം. എന്തുകൊണ്ടാണ് മറിയം ജപമാല പ്രാർത്ഥന ഹൃദയ പ്രാർത്ഥനയായി നമുക്കു നൽകിയത്?

ലൂർദ്ദിലും ഫാത്തിമായിലും പരിശുദ്ധ മറിയം ദർശനം നൽകിയവരെ നോക്കിയാൽ ഇതിനുള്ള ഉത്തരം വ്യക്തമാണ്. നല്ലതുപോലെ എഴുതുവാനോ വായിക്കാനോ പോലും അറിയത്തില്ലാത്ത കുട്ടികൾക്കാണ് മറിയം ദർശനമേകിയത്. എങ്ങനെ നല്ലതുപോലെ പ്രാർത്ഥിക്കാൻ പഠിക്കാം എന്നതിനു ഏറ്റവും അനുയോജ്യമായ സ്കൂളാണ് ജപമാല. ജപമാലയിലെ ഓരോ മുത്തുമണികളിൽ നിന്നു മറ്റൊന്നിലേക്ക് കടക്കുമ്പോൾ വാചിക പ്രാർത്ഥനയിൽ നിന്നു മനനത്തിലേക്കു പിന്നീട് അതിതീക്ഷ്ണമായ ധ്യാനത്തിലേക്കു യഥാക്രമം അതു നയിക്കും.

ജപമാലയിലൂടെ മറിയത്തോടൊപ്പം നയിക്കപ്പെടാൻ തുറവിയുള്ള എല്ലാവരെയും അമ്മ സങ്കീർണതകളോ പ്രായോഗിക ബുദ്ധിമുട്ടുകളാ ഇല്ലാതെ ആന്തരിക പ്രാർത്ഥനയിലേക്കു നയിക്കും. ജപമാല പ്രാർത്ഥന എളിയവരായ മനുഷ്യരുടെ പ്രാർത്ഥന മാത്രമല്ല. പലപ്പോഴും വലിയ വിജ്ഞാനദാഹികളായ മനുഷ്യർ പോലും ദൈവതിരുമുമ്പിൽ ഒരു കുഞ്ഞിനെപ്പോൽ കൈകൾ കൂപ്പി എളിമയോടും ആത്മാർത്ഥതയോടും ആത്മവിശ്വാസത്തോടും കൂടി ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നതു കാണുന്നത് വിശ്വാസ സമൂഹം കണി കണ്ട് ഉണരേണ്ട നന്മയാണ്.

ജപമാല പ്രാർത്ഥന ചൊല്ലുന്നതു ഗിത്താർ വായിക്കുന്നതുമായി നമുക്കു താരതമ്യപ്പെടുത്താം. വാചിക പ്രാർത്ഥനകൾ – സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നന്മ നിറഞ്ഞ മറിയമേ, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി- ഇവ ക്രൈസ്തവ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തു നിൽക്കുന്ന ദൈവവചനത്തിലധിഷ്ഠതമായ പ്രാർത്ഥനകളാണ്. ഇവ ഒരു ഗാനത്തിന്റെ താളം (rhythm) പൊലെയാണ്.

വെറുതെ ഗിത്താർ വായിച്ചാൽ അതു ഒരു ഗാനമാവുകയില്ല. അശ്രദ്ധമായി വാക്കുകൾ ആവർത്തിച്ചുച്ചരിച്ചാൽ അതു ആന്തരിക പ്രാർത്ഥനയാവുകയില്ല. താളത്തെ കൂടാതെ സ്വരവും ആവശ്യമാണ്. ജപമാലയിലെ രഹസ്യങ്ങൾ ഗിത്താറിലെ കമ്പികൾ പോലെയാണ്. വാചിക പ്രാർത്ഥനകൾ ജപമാലയിലെ രഹസ്യങ്ങൾ ധ്യാനിക്കാനുള്ള ചട്ടക്കൂടാണ്.

1) ജപമാല പ്രാർത്ഥനയ്ക്കായി സമയം കണ്ടെത്തുക

നമ്മുടെ ദിവസം മുഴുവൻ അപ്പോയിൻമെന്റുകളാൽ നിറഞ്ഞതാണ്. ഓരോ കാര്യനിർവ്വഹണത്തിനായി നമ്മളു പദ്ധതികൾ തയ്യാറാക്കുന്നു. ജപമാല പ്രാർത്ഥനയ്ക്കായി ദിവസവും ഒരു 20 മുതൽ 30 മിനിറ്റുവരെ മാറ്റി വയ്ക്കുക. ഈശോയ്ക്കും മാതാവിനുമൊപ്പമുള്ള ‘അപ്പോയൻമെൻറ്’ (appointment) ഒരിക്കലും ഒരു ഡിസ് അപ്പോയിൻമെന്റ് ആവുകയില്ല. രാവിലെയോ വൈകിട്ടോ കുടുബാംഗങ്ങൾ ഒന്നിച്ചു ജപമാല ചെല്ലുവാൻ ഉചിതമായ സമയം കുടുംബ ടൈം ടേബിളിൽ നൽകുക.

2) ജപമാല പ്രാർത്ഥനയുടെ വേഗത കുറയ്ക്കുക 

എങ്ങനെ പ്രാർത്ഥിക്കണം എന്നു പഠിക്കാൻ പ്രേമിക്കുന്നവരെ നിരീക്ഷിച്ചാൽ മതി. ഇഷ്ടപ്പെട്ടവർ സമയം ചെലവഴിക്കുമ്പോൾ പരാതിയില്ല പരിഭവമില്ല. പരിശുദ്ധ മറിയത്തെയും ജപമാലയെയും സ്നേഹിച്ചു തുടങ്ങുമ്പോൾ ജപമണികളുടെ വേഗത കുറയും ജപമാല ധ്യാനാത്മകമാകും.

3) ജപമാല  ഹൃദ്യമാക്കാൻ രഹസ്യങ്ങൾക്കിടയിൽ അല്പം നിശബ്ദത നൽകുക

ഒരാൾ താൻ ശ്വസിക്കുന്ന താളമനുസരിച്ച് പ്രാർത്ഥനയുടെ വാക്കുകളെ ക്രമപ്പെടുത്തുന്നതിനെ പ്രാർത്ഥനയും മൂന്നാം രൂപമെന്നു (‘third form of prayer’) വിശുദ്ധ ഇഗ്നേഷ്യസ് വിശേഷിപ്പിക്കുന്നു. ജപമാലയുടെ രഹസ്യങ്ങൾക്കിടയിൽ ഒരു കൊച്ചു നിശബ്ദത നൽകി യേശുവിനെയും മാതാവിനെയും പൂർണ്ണ ആനന്ദത്തോടും സ്നേഹത്തോടും കൂടി അംഗീകരിക്കുമ്പോൾ ഞാൻ ദൈവത്തിന്റെ ഒരു കുട്ടിയെന്ന നിലയിൽ ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു തറപ്പിച്ചു പറയുകയാണ്. അപ്രകാരം ചെയ്യാൻ ഓരോ രഹസ്യങ്ങൾക്കും ഇടയിൽ അല്പം നിശബ്ദത നൽകുക.

4) ജപമാല പ്രാർത്ഥന ചെല്ലുമ്പോൾ ജപമാല ഉപയോഗിക്കുക

ജപമാല പ്രാർത്ഥന നടത്തുമ്പോൾ എല്ലാവരും ജപമാലകൾ കൈയ്യിൽ എടുത്തു കൊണ്ടു അതിൽ പങ്കുചേരുമ്പോൾ കൊന്ത നമസ്കാരത്തിൽ നല്ലതുപോലെ സംബന്ധിക്കാൻ സാധിക്കുന്നു. ശ്രദ്ധ പതറുന്നതു ഒരു പരിധി വരെ ലഘൂകരിക്കാൻ ജപമാല കൈയ്യിലെടുക്കുമ്പോൾ കഴിയുന്നു.

5) ക്രിസ്തു രഹസ്യങ്ങൾ ഓരോ നന്മ നിറഞ്ഞ മറിയത്തിനുമവസാനം ജപിക്കുക  

ജപമാല പ്രാർത്ഥനയിലെ വാചിക പ്രാർത്ഥനകൾ ജപമാലക്കു താളാത്മകത നൽകുന്നു. ഓരോ നന്മ നിറഞ്ഞ മറിയത്തിനു ശേഷവും ഓരോ രഹസ്യത്തിന്റെയും അന്തസത്ത ചേർത്തു ജപമാല ചൊല്ലുകയാണങ്കിൽ അതു കൂടുതൽ അർത്ഥവത്താകും ഉദാഹരണത്തിന് ദു:ഖ രഹസ്യങ്ങളിൽ ഇപ്രകാരം പ്രാർത്ഥിക്കാം:

ഞങ്ങൾക്കായി പൂങ്കാവനത്തിൽ രക്തം വിയർത്ത ഈശോ  അനുഗ്രഹീതനാകുന്നു.
ഞങ്ങൾക്കായി ചമ്മട്ടിയടിയേറ്റ ഈശോ അനുഗ്രഹീതനാകുന്നു.
ഞങ്ങൾക്കായി മുൾമുടിയണിഞ്ഞ  ഈശോ അനുഗ്രഹീതനാകുന്നു.
ഞങ്ങൾക്കായി കുരിശു വഹിച്ച ഈശോ അനുഗ്രഹീതനാകുന്നു.
ഞങ്ങൾക്കായി കുരിശിൽ മരിച്ച ഈശോ അനുഗ്രഹീതനാകുന്നു.

6) പൂന്തോട്ടത്തിലോ യാത്രക്കിടയിലോ ജപമാല ചെല്ലുക

ജപമാല പ്രാർത്ഥന കൂടുതൽ അനുഭവവേദ്യവും ഹൃദ്യവും ആവർത്തന വിരസത ഒഴിവാക്കുവാനുമായി ആഴ്ചയിലൊരിക്കൽ പൂന്തോട്ടത്തിലോ, ഗാനരൂപത്തിലോ കൊന്ത നമസ്കാരം നടത്തുക. യാത്രക്കിടയിൽ ജപമാല ചൊല്ലുമ്പോൾ മാതാവിന്റെ സംരക്ഷണത്തോടൊപ്പം ഈശോയുടെ രക്ഷാകര രഹസ്യങ്ങളിലൂടെയുള്ള സഞ്ചാരവുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.