മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സ്നേഹത്തോടെ എങ്ങനെ സ്വീകരിക്കാം 

മറ്റുള്ളവരുടെ ചില സ്വഭാവരീതികൾ, സംസാരശൈലികൾ, ഇടപെടുന്ന രീതി എന്നിവയൊക്കെ പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുത്തുന്നതായിരിക്കും. ഇത്തരം സാഹചര്യങ്ങളിലുണ്ടാകുന്ന മാനസീക പ്രതിസന്ധികളെ ഈ നോമ്പുകാലത്ത് എങ്ങനെ നേരിടാമെന്ന് നമുക്ക് പരിശോധിക്കാം.

വിശാലമല്ലാത്ത വഴികൾ നേരിലേയ്ക്ക് നയിക്കും

വലിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കഷ്ടപ്പാടുകളുമൊക്കെ ജീവിതത്തിൽ കടന്നുവരിക സ്വാഭാവികമാണ്. അപ്പോൾ, ദൈവത്തിലേയ്ക്ക് തിരിയുവാനുള്ള അവസരമായി അതിനെ കാണുവാൻ സാധിക്കുമ്പോൾ മാത്രമേ ഈ നോമ്പുകാലം കൂടുതൽ ഫലദായകമായി മാറുകയുള്ളൂ. അവയെ നിരാകരിക്കാനുള്ള പ്രലോഭനങ്ങൾ കടന്നുവരുന്നതും സ്വാഭാവികമാണ്. എന്നാൽ, അവയെ നേരിടാൻ സാധിക്കണമെങ്കിൽ ക്രിസ്തുവിനോട് ചേർന്നുനിൽക്കുക എന്നത് അത്യന്താപേക്ഷിതമാണ്.

ഇടുങ്ങിയതും ബുദ്ധിമുട്ടേറിയതുമായ വഴികൾ ദൈവത്തിലേയ്ക്കുള്ള യാത്ര കൂടുതൽ എളുപ്പമുള്ളതാക്കുന്നു. അഹങ്കാരചിന്തയെ മാറ്റിവച്ച്, ജീവിക്കാനുള്ള പ്രചോദനം ലഭിക്കുന്നു. ഇത് ജീവിതത്തെ ബാധിക്കുന്ന ചെറിയ പ്രതിസന്ധികളെപ്പോലും കൂടുതൽ ക്ഷമയോടെ ഉൾക്കൊള്ളുവാനുള്ള വലിയ പ്രചോദനമാണ് നൽകുന്നത്. മറ്റുള്ളവരിൽ നിന്നുമുണ്ടാകുന്ന ചെറിയ കുറവുകൾ പോലും അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവരാണ് ഓരോ മനുഷ്യരും. അങ്ങനെയുള്ളവർ, ദൈവം നമ്മിലേയ്ക്ക് അനുദിനവും ചൊരിയുന്ന കരുണയെക്കുറിച്ച് അല്പമൊന്ന് ചിന്തിക്കുന്നത് നല്ലതാണ്.

ബലഹീനതകളിൽ ദൈവത്തിന്റെ കൃപ യാചിക്കാം

ചെറിയ കാര്യങ്ങളിൽപോലും ദൈവത്തിന്റെ സഹായമില്ലെങ്കിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ നമ്മുടെ ബലഹീനതകളിൽ ദൈവത്തിന്റെ കൃപയ്ക്കായി യാചിക്കാം. മറ്റുള്ളവരോട് കോപിക്കുകയും ക്ഷമയില്ലാതെ പെരുമാറുകയും ചെയ്യുന്ന നമ്മുടെ ബലഹീനതകളെ കർത്താവിന്റെ കരുണയ്ക്ക് നമുക്ക് സമർപ്പിക്കാം. ഓരോ വാക്കിലും ഓരോ നോട്ടത്തിലും ദൈവത്തിന്റെ കരുണ നമ്മിൽ നിറയാനായി നമുക്ക് പ്രാർത്ഥിക്കാം. അതോടൊപ്പം നാമുമായി ഇടപെടുന്ന വ്യക്തികളിൽ ദൈവത്തിന്റെ സ്നേഹം നിറയപ്പെടുന്നതിനായും പ്രാർത്ഥിക്കാം.

നമ്മെ ബുദ്ധിമുട്ടിക്കുന്നവരെ ദൈവത്തിനു സമർപ്പിക്കാം

നമ്മെ ബുദ്ധിമുട്ടിക്കുന്ന നിരവധി വ്യക്തികൾ നമ്മുടെ ചുറ്റുപാടുമുണ്ട്. അവരോട് ദേഷ്യമുള്ള മനോഭാവം വച്ചുപുലർത്താതെ അവരെ ദൈവത്തിന് സമർപ്പിക്കുന്നത് ഈ നോമ്പുകാലത്തിൽ നമ്മെ കൂടുതൽ ആത്മീയ മനുഷ്യരാക്കും. ബുദ്ധിമുട്ടുകൾ നോക്കാതെ, ദൈവം നൽകുന്നതുപോലെ നമുക്കും നൽകാം. അളന്നു നോക്കാതെ അപരർക്കുവേണ്ടി സ്നേഹം പകർന്നുകൊടുത്ത് ദൈവത്തിന്റെ മക്കളായി ജീവിക്കുവാൻ ഈ നോമ്പുകാലത്തിൽ നമുക്ക് പരിശ്രമിക്കാം.