വിശുദ്ധ കുര്‍ബാനയില്‍ ശ്രദ്ധയോടെ പങ്കെടുക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ 

വിശുദ്ധ കുര്‍ബാന ഈശോയുടെ ബലിയുടെ പുനരര്‍പ്പണമാണ്. കുര്‍ബാനയിലെ ഓരോ പ്രാര്‍ത്ഥനക്കും അതിന്റേതായ പ്രാധാന്യവും അര്‍ത്ഥവും ഉണ്ട്. വിശുദ്ധ കുര്‍ബാനയില്‍ പൂര്‍ണ്ണമായി പങ്കെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്.

കുര്‍ബാനയില്‍ ആയിരിക്കുന്ന ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഒന്നര മണിക്കൂര്‍ വെറും കാഴ്ച്ചക്കാരാകാതെ പൂര്‍ണ്ണമായും അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ചില പ്രായോഗികവും ലളിതവുമായ കാര്യങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്…

1.  വിശുദ്ധ കുര്‍ബാനയിലെ അടയാളങ്ങളും അവയുടെ അര്‍ത്ഥവും പഠിക്കുക

വിശുദ്ധ കുര്‍ബാന വൈവിധ്യമാര്‍ന്ന അടയാളങ്ങളാലും അനുഷ്ഠാനങ്ങളാലും സമ്പന്നമാണ്. കുര്‍ബാന മദ്ധ്യേ ഉപയോഗിക്കുന്ന ഓരോ ആംഗ്യത്തിനും വ്യക്തമായ അര്‍ത്ഥമുണ്ട്. ഓരോ അടയാളവും അവയുടെ അര്‍ത്ഥവും അവയ്ക്കു പിന്നിലെ പാരമ്പര്യങ്ങളും വിശ്വാസങ്ങളും പഠിച്ചാല്‍ കൂടുതല്‍ ഭക്തിയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ നമുക്ക് കഴിയും.

2. ദേവാലയത്തില്‍ പോകുന്നതിനു മുന്‍പ് അന്നത്തെ ബൈബിള്‍ വായനകളിലൂടെ കടന്നുപോകാം

വിശുദ്ധ കുര്‍ബാനയിലെ ബൈബിള്‍ വായനയും പ്രസംഗങ്ങളും മടുപ്പായോ, താല്പര്യമില്ലാതെയോ തോന്നുന്നവര്‍ക്ക് പള്ളിയില്‍ പോകുന്നതിനു മുന്‍പായി അന്നത്തെ വിശുദ്ധ ഗ്രന്ഥവായനകളിലൂടെ കടന്നുപോകാം. വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുന്നതിനു മുന്‍പേയുള്ള ഇത്തരം ബൈബിള്‍ വായന, വായിച്ച ഭാഗത്തെക്കുറിച്ചുള്ള ഓര്‍മ്മ മനസ്സില്‍ തങ്ങിനിൽക്കുന്നതിനും ദൈവാലയത്തില്‍ വരുന്നതിനു മുന്‍പ് ആത്മീയമായ ഒരുക്കം നടത്തുന്നതിനും സഹായിക്കും.

3. നേരത്തെ കുര്‍ബാനയ്ക്ക് എത്തുക

വിശുദ്ധ കുര്‍ബാനയ്ക്ക് ഇടയില്‍ ഓടിക്കിതച്ചെത്തുന്നത് നമ്മുടെ മനസിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയേ ഉള്ളൂ. അതിനാല്‍ ദേവാലയത്തില്‍ പോകുന്ന സമയങ്ങളില്‍ അല്‍പാം നേരത്തെ വീട്ടില്‍ നിന്നിറങ്ങാം. പത്തു മിനിറ്റ് മുന്‍പേ എങ്കിലും പള്ളിയിലെത്താൻ ശ്രമിക്കണം. തുടര്‍ന്ന് മനസ് ശാന്തമാക്കി അല്‍പനേരം പ്രാര്‍ത്ഥിക്കാം. അപ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം വിശുദ്ധ കുര്‍ബാനയില്‍ ഏകാഗ്രതയോടെ പങ്കെടുക്കുവാന്‍ നമ്മെ സഹായിക്കും.

4 . കുര്‍ബാനയ്ക്കു മുന്‍പുള്ള സമയങ്ങളില്‍ നിശബ്ദത പാലിക്കുക 

വിശുദ്ധ കുര്‍ബാനയ്ക്ക് എത്തുന്നതിനു മുന്‍പുള്ള സമയങ്ങളില്‍ നിശബ്ധത പാലിക്കുന്നത് മനസ് ശാന്തമാക്കാനും ഏകാഗ്രമാക്കാനും സഹായിക്കും. എഴുന്നേല്‍ക്കുന്ന സമയം മുതല്‍ നിശബ്ധമായിരിക്കാം. പള്ളിയിലേയ്ക്ക് വരുന്നത് വാഹനത്തിലാണെങ്കില്‍ ആ സമയം വണ്ടിയില്‍ വയ്ക്കുന്ന പാട്ട്, റേഡിയോ തുടങ്ങിയവ ഓഫാക്കാം. ഉച്ചത്തിലുള്ള സംസാരവും ബഹളവും ഒഴിവാക്കുന്നതും നന്നാണ്.

5. കാവല്‍ മാലാഖയുടെ സഹായം തേടാം 

വിശുദ്ധ കുര്‍ബാന എന്നത് ദൈവവും മനുഷ്യനും തമ്മിലുള്ള ഒരു ഉടമ്പടിയുടെ പുനരാവിഷ്ക്കരണമാണ്. അതിനാല്‍ ഇവിടെ നമ്മെ സഹായിക്കാന്‍ കഴിയുന്ന ഏറ്റവും ഉചിതമായ വ്യക്തി നമ്മുടെ കാവല്‍ മാലാഖ തന്നെയാണ്. നമുക്ക് എന്ത് സഹായവും നല്കാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ കാവല്‍ മാലാഖയോട് നമുക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചോദിക്കാം. അവയെ ദൈവസന്നിയില്‍ അര്‍പ്പിക്കാന്‍ മാലാഖമാര്‍ക്കു കഴിയും. വിശുദ്ധ കുര്‍ബാന ഏറ്റവും ഭക്തിയോടും വിശുദ്ധിയോടും കൂടി സ്വീകരിക്കാന്‍ കാവല്‍ മാലാഖ സഹായിക്കും.

വിശുദ്ധ കുര്‍ബാനയില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ നമ്മെ സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.