നമ്മുടെ പഞ്ചേന്ദ്രിയങ്ങൾ എങ്ങനെ ദൈവമഹത്വത്തിനായി ഉപയോഗിക്കാം

ദൈവവുമായി കൂടുതൽ അടുക്കാൻ നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ നമുക്ക് ഉപയോഗിക്കാൻ സാധിക്കും. കാരണം നമ്മുടെ ജീവിതം മുഴുവനും ദൈവത്തിന്റെ ദാനമാണ്. നമ്മുടെ ആത്മാവിന്റെ അവസ്ഥ മനസിലാക്കാനുള്ള ഒരു മാർഗ്ഗം ഒരു പരിധിവരെ, നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ നാം എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ദൈവത്തെ മഹത്വപ്പെടുത്താൻ നാം നമ്മുടെ ഇന്ദ്രിയങ്ങളെ ഉപയോഗിച്ചിട്ടുണ്ടോ? അതോ നമ്മുടെ ഇന്ദ്രിയങ്ങൾ നമ്മെ വഴി തെറ്റിച്ചിട്ടുണ്ടോ?

ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണ്ണത തിരിച്ചറിയുവാനായി അവിടുന്ന് നമുക്ക് കണ്ണുകൾ നൽകി. സ്രഷ്ടാവിനെ സ്നേഹിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനുമായി ദൈവം എനിക്ക് കണ്ണുകൾ നൽകി. തിന്മയെ എന്റെ ആത്മാവിലേയ്ക്ക് ആകർഷിക്കാൻ ഞാൻ ഈ കണ്ണുകൾ ഉപയോഗിക്കുകയും ദൈവസ്നേഹത്തിന് എതിരായിപോലും ഉപയോഗിക്കുകയും ചെയ്ത നിമിഷങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലേ?

പാപം ചെയ്യുന്നതും ദൈവകല്പനകൾ ജീവിക്കാതിരിക്കാൻ പ്രലോഭിതമാകുന്നതും പലപ്പോഴും നമ്മുടെ കണ്ണിലൂടെയാണ്. അതുകൊണ്ട് നമ്മുടെ കണ്ണുകളെ നിയന്ത്രിക്കേണ്ടതും അവ ശരിയായി ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. നമ്മുടെ സ്വന്തം ബലഹീനതകളെക്കുറിച്ചും ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്നതും എന്താണെന്നു തിരിച്ചറിയുക.

സുഗന്ധം ആസ്വദിക്കാനുള്ള കഴിവ് ദൈവം എനിക്കു തന്നിട്ടുണ്ട്. അവയിൽ നിന്നും ദൈവത്തെ മഹത്വപ്പെടുത്തുവാനുള്ള അവസരമാണ് ദൈവം നമുക്കായി നൽകുന്നത്. ഈ പ്രപഞ്ചത്തിന്റെ മനോഹരമായ ഗന്ധം നാം എത്ര തവണ ആസ്വദിക്കുന്നു?

ജീവിതപങ്കാളിയുടെ, സ്നേഹിതരുടെ, മക്കളുടെ, മാതാപിതാക്കളുടെയൊക്കെ ശബ്ദം ഞാൻ കേൾക്കുവാനും എന്റെ ആത്മാവിന് ആശ്വാസം ലഭിക്കുവാനും ദൈവം എനിക്ക് ചെവി നൽകിയിട്ടുണ്ട്. എന്നാൽ അപവാദങ്ങൾ കേൾക്കാനും അവ പ്രചരിപ്പിക്കാനുമായി എത്ര തവണ ഞാൻ എന്റെ ചെവികൾ തിന്മയിലേയ്ക്ക് ചായ്ച്ചിരിക്കുന്നു. ദൈവത്തെ ശ്രവിക്കുവാൻ നാം നമ്മുടെ ജീവിതത്തിൽ സമയം ചെലവഴിക്കുന്നുണ്ടോ? അതോ നമ്മൾ നമ്മുടെ സുഹൃത്തുക്കളെ വളരെയധികം ശ്രദ്ധിക്കുകയും മൊബൈൽ ഫോണിലൂടെയും ആധുനിക മാധ്യമങ്ങളിലൂടെയും തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്നതുമാണോ എന്റെ കാതുകള്‍?

ദൈവത്തിന്റെ സ്നേഹം രുചിച്ചറിയാനും സ്പർശനം അനുഭവിക്കാനും ദൈവം മനുഷ്യർക്ക് കഴിവുകൾ നൽകിയിട്ടുണ്ട്. എന്നാൽ, അവ അനാവശ്യമായ കാര്യങ്ങളിലേക്കും തെറ്റിലേക്കും നയിക്കുന്നതിന് നാം ഉപയോഗിക്കുന്നുണ്ടോ?

നമ്മുടെ പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കാം. ‘എന്റെ ദൈവമേ, എന്റെ അഭയസ്ഥാനവും പ്രത്യാശയുമായ ദൈവമേ, എന്റെ ഇന്ദ്രിയങ്ങളെ അങ്ങയെ മഹത്വപ്പെടുത്താനുള്ള ഉപകരണങ്ങളാക്കി മാറ്റണമേ, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.