തിരുപ്പിറവി ശില്പങ്ങള്‍ പ്രദര്‍ശനത്തിനു വച്ച് റോമിലെ സെന്റ് മേരി മേജര്‍ ബസലിക്ക

റോമിലെ ചരിത്രപ്രസിദ്ധ ദേവാലയങ്ങളിലൊന്നായ സെന്റ് മേരി മേജറില്‍ ക്രിസ്തുമസിനോടനുബന്ധിച്ച് തിരുപ്പിറവിയുടെ ശില്പങ്ങള്‍ പ്രദര്‍ശനത്തിനു വച്ചു. ബസിലിക്കയുടെ സിസ്‌റ്റൈന്‍ ചാപ്പലില്‍ ഡിസംബര്‍ 22 മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്. പ്രശസ്ത ശില്പിയായിരുന്ന അര്‍ണോള്‍ഫോ ഡി ഗാംബിയോയാണ് പതിമൂന്നാം നൂറ്റാണ്ടില്‍ തിരുപ്പിറവി ശില്പങ്ങള്‍ പണിതത്. ഇവ മേരി മേജര്‍ ബസിലിക്കയുടെ താഴെയുള്ള ചാപ്പലിലായിരുന്നു സൂക്ഷിച്ചിരുന്നത്. 1292-ല്‍ മാര്‍പാപ്പയായിരുന്ന നിക്കോളാസ് നാലാമനാണ് ശില്പങ്ങള്‍ കൂദാശ ചെയ്തത്.

ഫ്രാന്‍സിസ്‌കന്‍ സഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായ നിക്കോളസിന് 1223-ല്‍ തന്റെ സഭയുടെ സ്ഥാപകനായ ഫ്രാന്‍സിസ് അസീസ്സി ഇറ്റാലിയില്‍ സൃഷ്ടിച്ച ജീവിക്കുന്ന പുല്‍ക്കൂടാണ് പ്രചോദനമായത്. ശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പുതന്നെ തിരുപ്പിറവിയുടെ ചിത്രങ്ങള്‍ നിരവധി കത്തീഡ്രല്‍ ദേവാലയങ്ങളിലും മറ്റും കാണപ്പെട്ടിരുന്നുവെങ്കിലും ഫ്രാന്‍സിസ് അസീസിയുടെ ആശയത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ശില്പത്തിന്റെ രൂപത്തിലുള്ള തിരുപ്പിറവിയുടെ സൃഷ്ടികളില്‍ ഏറ്റവും പുരാതനമായത് ഇതു തന്നെയാണെന്നും സാന്തി ഗൈഡോ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.