വിശ്വാസ സാക്ഷ്യത്തിന്റെ പുണ്യദിനം

ഒരു വലിയ വിശ്വാസപ്രഘോഷണത്തിന്റെ പുണ്യദിനം. വീരോചിതമായ ഒരു രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ദിവസം. പരിശുദ്ധാരൂപിയുടെ നിറവില്‍ വിശ്വാസത്തിന്റെ സമൃദ്ധിയുമായി അയയ്ക്കപ്പെട്ട ദിദിമോസിനെക്കുറിച്ചുളള ഓര്‍മ്മയാണ് ദുക്‌റാന.

അലയാഴികള്‍ താണ്ടി, തിരമാലകള്‍ ഭേദിച്ച് എ.ഡി. 52-ല്‍ ചേര-ചോള-പാണ്ഡ്യരാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന തുറമുഖപട്ടണമായിരുന്ന കൊടുങ്ങല്ലൂരില്‍ മാര്‍തോമാ കപ്പലിറങ്ങി. ഓംകാരത്തിന്റെ പൊരുള്‍ തേടിയിരുന്ന ആര്‍ഷഭാരത സംസ്‌കൃതിയുടെ വിശ്വാസ സംഹിതകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും നടുവിലേയ്ക്ക് കടന്നുവന്ന ശിഷ്യനായിരുന്നു തോമസ്.

അസതോമാ സത്ഗമയാ
തമസോമാ ജ്യോതിര്‍ഗമയാ
മൃതോര്‍മാ അമൃതംഗമയാ – അസത്യത്തിന്റെ നടുവിലെ ഏകസത്യമായി, അന്ധകാരത്തിന്റെ നടുവിലെ ഏകപ്രകാശമായി, മരണത്തിനു മുമ്പില്‍ അനശ്വരതയുടെ – അമര്‍ത്യതയുടെ അനന്തപ്രവാഹമായി ‘ഞാനാണ് വഴിയും സത്യവും ജിവനും’ എന്നരുളിയവന്റെ ശബ്ദവും ശക്തിയുമായി കടന്നുവന്ന ഈ വിശുദ്ധനെക്കുറിച്ച് വി. എഫ്രേം പറയുന്നു; ‘പന്ത്രണ്ടു പേരില്‍ ഒരുവനായ പ്രകാശമേ, കുരിശില്‍ നിന്ന് ഇറ്റുവീണ തൈലത്താല്‍ ഭാരതഭൂവിനെ നീ പ്രകാശപൂരിതമാക്കിയിരിക്കുന്നു.’

ദിവ്യഗുരുവിന്റെ പഞ്ചക്ഷതങ്ങളില്‍ മനമര്‍പ്പിച്ച് അഭിഷേകം കൊണ്ട് കരളുറപ്പ് നേടി അന്യമായ ഭാഷ-വേഷസംസ്‌കാരങ്ങള്‍ക്കും മതവിശ്വാസങ്ങള്‍ക്കും നടുവിലേയ്ക്ക് പാദമൂന്നിയ ഈ അപ്പസ്‌തോലന്‍ വിശ്വാസവെളിച്ചത്തിലേയ്ക്ക് നമ്മെ വഴിനടത്തി. ഇന്ന് ദുക്‌റാന തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ആ വലിയ വിശുദ്ധന്‍ പകര്‍ന്നുതന്ന വിശ്വാസവഴിയിലൂടെയാണോ ഞാന്‍ സഞ്ചരിക്കുന്നത് എന്ന് ധ്യാനിക്കാനുള്ള ദിവസമാണ്.

വിശുദ്ധ ഗ്രന്ഥത്തില്‍ യോഹന്നാന്‍ സുവിശേഷകനാണ് ഈ അപ്പസ്‌തോലനെക്കുറിച്ചുള്ള വിവരണം നല്‍കുന്നത്. ഈശോയുടെ വചനപ്രഘോഷണദൗത്യത്തിനു മുന്നില്‍ കല്ലെറിയാന്‍ നില്‍ക്കുന്നവര്‍, പിടിച്ചുകെട്ടാന്‍ വട്ടംകൂടുന്നവര്‍, തലയെടുക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നവര്‍ ഒന്നും ഇശോയ്ക്ക് പ്രതിബന്ധമല്ല എങ്കിലും, തന്റെ ദൗത്യവാഹകരായ ശിഷ്യഗണത്തിന്റെ കണ്ണുകളിലേയ്ക്ക് ഈശോ ഒന്ന് പാളിനോക്കിയിരിക്കണം. മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തു പറയുന്നുവെന്ന് ചിന്തിക്കുന്നില്ല. തന്റെ മാറിലെ ചൂടും ചൂരും ഏറ്റുവാങ്ങിയ ശിഷ്യരുടെ മനസ്സറിയാന്‍ അവന്‍ ആഗ്രഹിക്കുന്നു. എല്ലാവരും ഭാവിയുടെ വരുംവരായ്കകളില്‍ ദൃഷ്ടിയൂന്നി നില്‍ക്കുമ്പോള്‍, ഗനേസറത്ത് തടാകത്തിന്റെ ഓളപ്പരപ്പില്‍ മീന്‍പിടിച്ചു നടന്നവന്‍ – തന്റെ ജീവിതമാകുന്ന കുരിശും വഹിച്ചുകൊണ്ട് ഗുരുവിനെ അനുഗമിച്ചവന്‍ ഉറക്കെ പ്രഖ്യാപിക്കുകയാണ്: ‘മരിക്കേണ്ടി വന്നാലും ഗുരുവിനോടൊപ്പം.’ ‘ജീവിതം എനിക്ക് ക്രിസ്തുവും മരണം നേട്ടവുമാണ്’ എന്ന് വി. പൗലോസ് തിരിച്ചറിയുന്നതിനു മുമ്പുതന്നെ ആ സത്യത്തിന്റെ ആവിഷ്‌ക്കാരം തോമാശ്ലീഹായില്‍ നാം ദര്‍ശിക്കുന്നുണ്ട്.

പ്രിയമുള്ളവരെ, ക്രിസ്തുവിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ ആഗ്രഹിച്ചവനാണ് വി. തോമസ്. അതുകൊണ്ടാണ് പിതാവിന്റെ പക്കലേയ്ക്ക് പോകാമെന്നു പറഞ്ഞ ക്രിസ്തുവിന്റെ മുഖത്തുനോക്കി നിശബ്ദതയെ ഭേദിച്ച് അവന്‍ ചോദിച്ചത്: ‘കര്‍ത്താവേ, നീ എവിടേയ്ക്ക് പോകുന്നു എന്നറിയില്ല; പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും’ (യോഹ. 14:5).

വീണ്ടും നാം തോമസിനെ കണ്ടുമുട്ടുന്നത് യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായത്തിലാണ്. കൂട്ടുകാരൊക്കെ കരുതലോടെ കതകടച്ചിരുന്നപ്പോള്‍, തോമസ് ഗുരുവിനെ തേടി ഇടവഴികളിലും പാതയോരങ്ങളിലും അലഞ്ഞതുകൊണ്ടാവണം കൂട്ടുകാരോടൊപ്പം അവനില്ലാതെ പോയത്. കാണണമെന്ന് വാശിപിടിച്ചവന് ഗുരു നല്‍കുന്ന സമ്മാനം, തിരുമുറിവുകളുടെ ചുംബനമാണ്. ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന വിളി ക്രിസ്തുവുമായുള്ള ഹൃദയബന്ധത്തിന്റെ ആഴം അറിയിക്കുന്നതായിരുന്നു.

സ്‌നേഹമുള്ളവരെ, കടലെടുക്കാത്ത വിശ്വാസതീക്ഷ്ണതയുമായി കറുത്ത പൊന്നിന്റെ നാട്ടില്‍ കടല്‍ക്കരയില്‍ തോമസ് കാലുകുത്തിയത്, എ.ഡി. 72-ല്‍ മൈലാപ്പൂരിലെ ചിന്നമലയില്‍ ഒരു കല്‍ക്കുരിശിന്റെ ചുവട്ടില്‍ കുന്തം കൊണ്ട് കുത്തി മുറിവേല്‍പ്പിക്കപ്പെട്ട് രക്തസാക്ഷി മകുടം ചൂടിയ ഭാരത അപ്പസ്‌തോലന്റെ ഹൃദയരക്തത്തുള്ളികള്‍ ചിതറിത്തെറിച്ചു വീണത്, ഭാരതത്തിന്റെ വിശാലമായ വയലേലകളിലായിരുന്നു. ഭാരതത്തിന്റെ ആത്മാവില്‍ ആ ജീവിതം ലയിച്ചു. ആര്‍ഷഭാരത സംസ്‌കൃതിയുടെ മടിത്തട്ടില്‍ പൂത്തുലഞ്ഞ ആ പൂമരം അനേകര്‍ക്ക് വിശ്വാസത്തിന്റെ പ്രകാശഗോപുരമായിത്തീര്‍ന്നു.

ക്രിസ്തുശിഷ്യന്റെ ഘാതകവൃന്ദം ഇന്നും അവസരങ്ങള്‍ പാര്‍ത്ത് ഇരുളിന്റെ മറവില്‍ നില്‍ക്കുന്നു. ചതിയുടെ വാരിക്കുഴികളും, കാപട്യത്തിന്റെ കൊളോസിയങ്ങളും ഒരുക്കി ക്രിസ്തുശിഷ്യന്റെ ജീവന് വിലയിടുമ്പോള്‍ ഈ വിശുദ്ധന്റെ കാലടികള്‍ നമുക്ക് പിന്തുടരാം. ഉറഞ്ഞുതുള്ളുന്ന ജാതിക്കോമരങ്ങള്‍ ആര്‍ഷഭാരതത്തിന്റെ സംസ്‌കാരത്തിന് ചിതയൊരുക്കുമ്പോള്‍ നമ്മുടെ വിശ്വാസ സാക്ഷ്യത്തിലൂടെ ഒരു പ്രതിസംസ്‌കാരം രൂപപ്പെടുത്തണം. വിശ്വാസം സംരക്ഷിക്കാന്‍ ജീവന്‍ പോലും ഹോമിക്കുന്ന വിശ്വാസികള്‍ ഈ കാലഘട്ടത്തിലും ഉണ്ടെന്നുള്ളത് ക്രൈസ്തവരായ നമുക്ക് അഭിമാനിക്കാം. സ്വയം പരിത്യജിച്ച് കുരിശും വഹിച്ചുകൊണ്ട് കാല്‍വരി വഴിയില്‍ അണിനിരക്കാം.

കാലങ്ങള്‍ക്കുമുമ്പേ പറന്ന് വിശ്വാസവെളിച്ചം പകര്‍ന്ന ആ കര്‍മ്മയോഗിയുടെ കാലടികളെ നമുക്ക് പിന്തുടരാം. വിശ്വാസതീക്ഷ്ണതയാല്‍ ഈ കാലഘട്ടത്തെ നമുക്ക് പ്രകാശിപ്പിക്കാം.

ഒരിക്കല്‍ കൂടി ദുക്‌റാന തിരുനാളിന്റെ ആശംസകള്‍ നേരുന്നു.

ഫാ. ഫിലിപ്പ് കുമ്പക്കാട്ട് MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.