സ്വര്‍ഗ്ഗത്തോളമെത്തുന്ന സ്വപ്നങ്ങള്‍ 

mathew-illathuparampil
ഡോ. മാത്യു ഇല്ലത്തുപറമ്പില്‍

”കര്‍ത്താവ് പ്രവാസികളെ സീയോനിലേക്ക് തിരിച്ചുകൊണ്ടുവന്നപ്പോള്‍ അത് ഒരു സ്വപ്നമായിത്തോന്നി” (സങ്കീ 126:1).

ഹോണി എന്നുപേരുള്ള യൂദപണ്ഡിതനെ മുകളില്‍പ്പറഞ്ഞ സങ്കീര്‍ത്തനവാക്യം വല്ലാതെ കുഴക്കി. ആലോചിച്ചാലോചിച്ച്അതില്‍ ഒരു വലിയ പ്രശ്‌നം അദ്ദേഹം കണ്ടെത്തിയിരുന്നു. ബാബിലോണ്‍ പ്രവാസകാലം കഴിഞ്ഞ് ഇസ്രായേല്‍ ജനത്തെ കര്‍ത്താവ് സ്വദേശത്ത് തിരിച്ചെത്തിച്ചപ്പോള്‍ അവര്‍ക്കതൊരു സ്വപ്നമായി ത്തോന്നിയത്രേ. എന്തൊരു മറിമായമാണിത്? എഴുപതു കൊല്ലക്കാലം ഒരു സ്വപ്നംപോലെ കടന്നുപോകാന്‍ അവരങ്ങനെ സുഖിച്ച് കഴിയുകയായിരുന്നില്ലല്ലോ. നീണ്ടകാലത്തെ അടിമപ്പണി ഒരു കിനാവുപോലെ തോന്നാന്‍ എന്താണ് കാര്യം?

മെഡിറ്ററേനിയന്‍ പ്രദേശത്ത് വളരുന്ന കാരോബ് മരത്തൈകള്‍ ഒരാള്‍ നടുന്നത് ഹോണി ഒരിക്കല്‍ ശ്രദ്ധിച്ചു. ഈ മരങ്ങള്‍ ഫലം തരണമെങ്കില്‍ എഴുപത് കൊല്ലമെടുക്കും. നിങ്ങള്‍ക്ക് ഇതിന്റെ ഫലമെടുക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെന്തിന് നിങ്ങള്‍ ഇത് നട്ടുപിടിപ്പിക്കണം? അയാള്‍ മറുപടി പറഞ്ഞു. ഈ നാട്ടില്‍ പലയിടത്തും കാരോബ് മരങ്ങളുണ്ട്. അതെല്ലാം എന്റെ മുന്‍ഗാമികള്‍ വളര്‍ത്തിയതാണ്. എന്റെ കാര്‍ന്നോന്മാര്‍ എനിക്കുവേണ്ടി മരങ്ങള്‍ വച്ചുപിടിപ്പിച്ചതുപോലെ എന്റെ പേരക്കുട്ടികള്‍ക്കുവേണ്ടി ഞാനിത് ചെയ്യുന്നു.

ഹോണി വീട്ടിലെത്തി ആഹാരം കഴിച്ചു. അയാള്‍ പിന്നെ ഉറങ്ങാന്‍ തുടങ്ങി. ഒരു മേഘംവന്ന് അയാളെ മൂടിക്കളഞ്ഞു. അയാള്‍ പിന്നെയെങ്ങും കാണപ്പെട്ടില്ല. നീണ്ട ഉറക്കം അയാളെ പൊതിഞ്ഞുനിന്നു. അയാള്‍ ഉണര്‍ന്നത് എഴുപതുകൊല്ലങ്ങള്‍ക്കുശേഷമാണ്. ഒരു മനുഷ്യന്‍ കാരോബ് മരത്തില്‍നിന്ന് ഫലങ്ങള്‍ തിന്നുന്ന താണയാള്‍ കണ്ടത്. ഹോണി ചോദിച്ചു, ഈ മരം നട്ടതാരാണ്? അയാള്‍ പറഞ്ഞു, എന്റെ മുത്തച്ഛന്‍. ഹോണിക്ക് തിരിച്ചറിവുണ്ടായി, എഴുപത് കൊല്ലങ്ങള്‍ ഒരു സ്വപ്നം പോലെ…. അന്ന് മരം നട്ടയാള്‍ ഒരു സ്വപ്നം നട്ടുപിടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

സ്വപ്നങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ക്ലേശകാലങ്ങള്‍ കിനാവുപോലെ ഹ്രസ്വമാത്രകളായിത്തോന്നും. കാരണം അവരുടെ ഉടല്‍ വര്‍ത്തമാനകാലത്തിലാണെങ്കിലും അവരുടെ നിനവുകള്‍ ഭൂതകാലത്തിലാണ്. കൃഷി ചെയ്യുന്നവരും മക്കളെ വളര്‍ത്തുന്നവരും കവിതയെഴുതുന്നവരും പത്രമിറക്കുന്നവരും ഏതോ സ്വപ്നം നട്ടുപിടിപ്പിക്കുകയാണ്. നന്മ നൂറുമേനി വിളയുന്ന സ്വപ്നമാണവര്‍ കണ്ടുകൊണ്ടിരിക്കുന്നത്.

നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ,ചെറിയ സ്വപ്നങ്ങള്‍ മാത്രം ഭക്ഷിക്കുന്ന അനേകര്‍ ഇക്കാലത്തുണ്ട്. ഒന്നരക്കൊല്ലംകൊണ്ട് മാവ് കായ്ക്കണം (അതിന്റെ ആയുസ്സൊന്നും പ്രശ്‌നമല്ല); മകന് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടണം (അതിലപ്പുറം നോട്ടമൊന്നുമില്ല); മകള്‍ക്ക് കുറഞ്ഞത് ഒരുലക്ഷം രൂപ മാസശമ്പളം കിട്ടണം (അത് എവിടെപ്പോയി ജോലിയെടുത്താലും വേണ്ടില്ല). ഇത്തരം കുറിയ മോഹങ്ങള്‍ മാത്രമുണ്ടായാല്‍ പോര നമുക്ക്. സ്വര്‍ഗ്ഗത്തോളമെത്തുന്ന വലിയ സ്വപ്നങ്ങള്‍ കാണാന്‍ വിളിക്കപ്പെട്ടവരാണ് നമ്മള്‍. അത്തരക്കാര്‍ക്ക് യാതനകളുടെ നീണ്ട വര്‍ഷങ്ങള്‍പോലും ചെറുതായേ തോന്നൂ.

ഈശോ നമ്മെ കാണാന്‍ പഠിപ്പിച്ച മഹോന്നതമായ സ്വപ്നമാണ് ദൈവരാജ്യം (മത്താ.4:23). ദൈവരാജ്യത്തിന്റെ പരമ്പരാഗതമായ പേരാണ് സ്വര്‍ഗ്ഗം. പക്ഷേ സ്വര്‍ഗ്ഗത്തെക്കുറിച്ച് (നരകത്തെക്കുറിച്ചും) അധികമൊന്നും കേള്‍ക്കാത്ത കാലമാണ് നമ്മുടേത്. പല ദേവാലയങ്ങളിലെയും പ്രസംഗവേദികളുടെ ആത്മഗതം ഇങ്ങനെയായി രിക്കും: സ്വര്‍ഗ്ഗത്തെക്കുറിച്ച് കേള്‍ക്കാന്‍ എനിക്കെന്ന് യോഗമുണ്ടാകും? സ്വര്‍ഗ്ഗത്തെപ്പറ്റി പറയാത്തവര്‍ ഏറ്റവും വലിയ ക്രിസ്തീയ സ്വപ്നത്തിന്റെ വാതില്‍ അടച്ചിടുകയാണ്. മാത്രമല്ല, അവര്‍ ചെറുകിട സ്വപ്നങ്ങളുടെ വില്പനക്കാരുമായിരിക്കും.

സ്വര്‍ഗ്ഗം എന്ന വലിയ സ്വപ്നം ജീവിതഭാഗമായി മാറിയിട്ടുണ്ടെങ്കില്‍ എന്താണ് വ്യത്യാസം? ഒരു ഉദാഹരണ ത്തിലൂടെയാകാം മറുപടി. സ്വര്‍ഗ്ഗവും നരകവുംവരെ വര്‍ത്തമാനവിഷയമാക്കുന്ന രണ്ട് ആത്മസുഹൃത്തുക്കള്‍. ഇവര്‍ പരസ്പരം പ്രശംസിക്കാത്ത ദിവസങ്ങളില്ല. രണ്ടുപേരിലുമുള്ള നന്മകളും സ്‌നേഹവും എടുത്തുപറഞ്ഞ് അവര്‍ നിഷ്‌ക്കളങ്കമായി സന്തോഷിച്ചിരുന്നു.സ്വര്‍ഗ്ഗത്തിന്റെ ഭാഷ വശമുണ്ടായിരുന്ന അവര്‍ തിരിച്ചറിഞ്ഞു, പരിശുദ്ധ ത്രിത്വത്തില്‍ നിരന്തരം നടക്കുന്ന കാര്യം തന്നെയല്ലേ നമുക്കിടയില്‍ സംഭവിക്കുന്നത്? രക്ഷാകരവേലയെപ്രതി പിതാവ് പുത്രനെ ശ്ലാഘിക്കുന്നു; പിതാവിന്റെ അനന്തപരിപാലനയെപ്രതി പുത്രന്‍  അവിടുത്തെ സ്തുതിക്കുന്നു; ലോകത്തിലെ തുടര്‍പ്രവര്‍ത്തനങ്ങളെ പ്രതി പരിശുദ്ധാത്മാവിനെ പിതാവും പുത്രനും വാഴ്ത്തുന്നു. പരസ്പരമുള്ള ഈ സമ്പൂര്‍ണ്ണ അംഗീകാരം മൂന്നാളുകളെ  ഒരു സ്‌നേഹദൈവമാക്കി നിലനിര്‍ത്തുന്നു.സ്വര്‍ഗ്ഗത്തോളമെത്തുന്ന സ്വ്പനങ്ങള്‍ക്കു കീഴില്‍ തങ്ങളെത്തന്നെ നിരന്തരം നിര്‍ത്താനുള്ള കൃപലഭിച്ചവര്‍ ഭാഗ്യവാന്മാര്‍.

ഡോ. മാത്യു  ഇല്ലത്തുപറമ്പില്‍ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.