കയറാടി സെന്റ് തെരേസ ഇടവക വികാരിയെ ആരോഗ്യ – പോലീസ് ഉദ്യോഗസ്ഥര്‍ അവഹേളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ഇടപെടണം: കത്തോലിക്കാ കോണ്‍ഗ്രസ്

പാലക്കാട്: കയറാടി സെന്റ് തെരേസ ഇടവക വികാരിയെ ആരോഗ്യ – പോലീസ് ഉദ്യോഗസ്ഥര്‍ അവഹേളിച്ച സംഭവത്തില്‍ ഇടപെടണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാസമിതിയുടെ വീഡിയോ കോണ്‍ഫറന്‍സ് യോഗം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ് 19-നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ നല്കിയിട്ടുള്ള മുഴുവന്‍ നിര്‍ദ്ദേശങ്ങളും സീറോ മലബാര്‍ സഭയുടെ ഭാഗമായ പാലക്കാട് രൂപതയിലെ മുഴുവന്‍ ഇടവകകളിലും നൂറുശതമാനവും കൃത്യമായി പാലിച്ചുവരുന്നുണ്ട്. ദേവാലയങ്ങളില്‍ ജനപങ്കാളിത്വത്തോടെയുള്ള യാതൊരു ശുശ്രൂഷകളും നടത്താതെ സര്‍ക്കാരിനോട് ക്രിയാത്മകമായി സഹകരിക്കുന്ന ക്രൈസ്തവ വൈദികരെ ഇത്തരത്തില്‍ അപമാനിക്കുന്നത് ദു:ഖകരമാണ്.

വധൂവരന്മാരെ ഉള്‍പ്പെടെ പത്തില്‍ കവിയാത്ത അംഗങ്ങളെ മാത്രമേ ചടങ്ങില്‍ പങ്കെടുപ്പിക്കുകയുള്ളൂ എന്നും സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദന്ധങ്ങളും സാമൂഹ്യ അകലവും പാലിക്കുമെന്നും കയറാടി സെന്റ് തെരേസ പള്ളിയില്‍ വിവാഹസമ്മതം നടക്കുന്നതിന് നാലു ദിവസം മുമ്പെത്തിയ ആരോഗ്യ – പോലീസ് ഉദ്യോഗസ്ഥരെ ഇടവക വികാരി ഫാ. അബ്രാഹാം പാലത്തിങ്കല്‍ അറിയിച്ചിരുന്നു. എന്നാല്‍, അടച്ചിട്ടിരിക്കുന്ന പള്ളിയില്‍ വിവാഹസമ്മതം നടത്താന്‍ പാടില്ലായെന്നും ചടങ്ങുകള്‍ നടത്തിയാല്‍ വികാരിയച്ചനെ അറസ്റ്റ് ചെയ്യുമെന്നും ക്വാറന്റെയിനില്‍ വിടുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.

ഏപ്രില്‍  ഇരുപത്തിയഞ്ചാം തീയതി ചടങ്ങ് തുടങ്ങുന്നതിനു മുമ്പ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോലീസ് അകമ്പടിയോടെ വരികയും പള്ളി തുറക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു. പള്ളിയ്ക്കുള്ളില്‍ സാമൂഹിക അകലം പാലിച്ചു നില്‍ക്കാനുള്ള ക്രമീകരണങ്ങള്‍ കണ്ടു ബോധ്യപ്പെടാന്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ അതിന് തയ്യാറാകാതിരിക്കുകയും വിവാഹസമ്മത ചടങ്ങ് നടത്തിയാല്‍ ഇടവക വികാരിയെ ക്വാറന്റെയിനില്‍ വിടുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പള്ളി തുറക്കാന്‍ സമ്മതിക്കാതെ വന്നപ്പോള്‍, പള്ളിയുടെ വാതില്‍പ്പടിയില്‍ നിന്നുകൊണ്ട് വധൂവരന്മാരെ മാത്രം നിര്‍ത്തി, ഇടവക വികാരിയ്ക്ക് കൈക്കാരന്റെ സഹായത്താല്‍ ചടങ്ങ് നടത്തേണ്ട ദുരവസ്ഥ ഉണ്ടായത് ദൗര്‍ഭാഗ്യകരമാണ്.

കേരളാ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വിവാഹചടങ്ങ് നടത്താന്‍ തടസ്സം നിന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിക്കുകയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി. കെ.കെ. ഷൈലജ ടീച്ചര്‍ക്കും രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി, രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് പരാതി നല്കി.

കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് തോമസ് ആന്റ്ണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി അജോ വട്ടുകുന്നേല്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ജോസ് മേനാച്ചേരി, ഗ്ലോബല്‍ സെക്രട്ടറി മോഹന്‍ ഐസക്, രൂപത ട്രഷറര്‍ മാത്യു കല്ലടിക്കോട്, വൈസ് പ്രസിഡന്റുമാരായ ജോസ് മുക്കട, സ്വപ്ന ജെയിംസ്, ഷേര്‍ളി റാവു, സെക്രട്ടറിമാരായ അഡ്വ. റെജിമോന്‍ ജോസഫ്, അഡ്വ. ബോബി പൂവ്വത്തിങ്കല്‍, ജോസ് വടക്കേക്കര എന്നിവര്‍ സംസാരിച്ചു.