ഇരുകൈകളും വിജയഭാവത്തിൽ ഉയർത്തി അദ്ദേഹം മരിച്ചു!

ഡോ. ഫാ. ജോഷി മയ്യാറ്റില്‍
ഡോ. ഫാ. ജോഷി മയ്യാറ്റില്‍

“ഭയപ്പെടരുത്. നാമെല്ലാം ദൈവത്തിൻ്റെ കരങ്ങളിലല്ലേ? നമുക്ക് അപ്പുറത്തു കാണാമെന്നേയ്. കൊന്ത ചൊല്ലുക; എല്ലാവരെയും എൻ്റെ അന്വേഷണമറിയിക്കുക” – അതാണ് കൊറോണ ബാധിച്ച തൊണ്ണൂറ്റഞ്ചു വയസ്സുകാരനായ സിറിളച്ചൻ തൻ്റെ മരണത്തിനു രണ്ടു ദിവസം മുമ്പു നടത്തിയ ഒരു ടെലഫോൺ സംഭാഷണത്തിൽ പ്രിയപ്പെട്ടവരോടു പറഞ്ഞത്.

ഇറ്റലിയിൽ കോവിഡ് 19 തിമിർത്താടിയ ബെർഗമോ പ്രദേശത്തെ ഡോൺ ഒറിയോണെ സന്യാസ സമൂഹാംഗമായിരുന്നു ഫാദര്‍ സിറിള്‍. മാർച്ച് 12-ാം തീയതി രോഗബാധിതനെന്നു തിരിച്ചറിഞ്ഞതിനു ശേഷവും ആ പ്രസന്നതയ്ക്ക് ഒരു കുറവുമുണ്ടായില്ല.

“രണ്ടു കൈകളുള്ളത് എന്തിനാണ്? ഒന്നുകൊണ്ട് അധ്വാനിക്കാനും മറ്റേതുകൊണ്ട് കൊന്തയുരുട്ടാനും” – അദ്ദേഹം നിരന്തരം ഏവരോടും പറഞ്ഞിരുന്ന ഒരു വാക്യമാണിത്. ഒടുവിൽ, അതേ കൈകൾ വിജയഭാവത്തിൽ ഉയർത്തി അന്ത്യശ്വാസം വലിക്കുമ്പോഴും ഒരു കൈക്കരുകിൽത്തന്നെ കൊന്ത തിളങ്ങുന്നുണ്ടായിരുന്നു.

വി. യൗസേപ്പിതാവിൻ്റെ തിരുനാൾ ദിനം മാർച്ച് പത്തൊമ്പതാം തീയതി വിജയഘോഷത്തോടെ ആ ആത്മാവ് അപ്പുറത്തെത്തി.

ഫാ. ജോഷി മയ്യാറ്റില്‍