ഹാരി പോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് നീക്കം ചെയ്ത് കത്തോലിക്കാ സ്‌കൂള്‍

ഹാരി പോട്ടര്‍ സീരീസിലെ പുസ്തകങ്ങള്‍ നീക്കം ചെയ്ത് അമേരിക്കയിലെ ടെന്നസി സംസ്ഥാനത്തുള്ള കത്തോലിക്കാ സ്‌കൂളിലെ ലൈബ്രറി. നാഷ്വില്ലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിന്റെ അജപാലന പദവി വഹിക്കുന്ന ഫാ. ഡാന്‍ റീഹിലാണ് ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുത്തത്. ഭൂതോച്ചാടകരുമായും, വത്തിക്കാനുമായും കൂടിയാലോചിച്ചതിനു ശേഷമാണ് 7 വാല്യങ്ങളുള്ള ഹാരി പോട്ടര്‍ പരമ്പരയിലെ പുസ്തകങ്ങള്‍ തങ്ങളുടെ ലൈബ്രറിയില്‍ നിന്നും നിരോധിക്കാന്‍ ഫാ. ഡാന്‍ റീഹില്‍ തീരുമാനമെടുത്തത്.

തീരുമാനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഫാ. ഡാന്‍, ഇമെയില്‍ സന്ദേശവും അയച്ചിട്ടുണ്ട്. ഇന്ദ്രജാലത്തെ നല്ലതും ചീത്തയുമായി വേര്‍തിരിച്ചു കാണുന്നതു തന്നെ ഒരു കൗശലപൂര്‍ണ്ണമായ തെറ്റിധാരണ സൃഷ്ടിക്കലാണെന്നും അദ്ദേഹം പറയുന്നു. പുസ്തകത്തില്‍ പറയുന്ന മന്ത്രങ്ങള്‍, യഥാര്‍ത്ഥത്തിലുള്ളവയാണെന്നാണ് ഫാ. ഡാന്‍ റീഹില്‍ പറയുന്നത്. ‘പുസ്തകത്തില്‍ പറയുന്ന മന്ത്രങ്ങള്‍, യഥാര്‍ത്ഥത്തിലുള്ളവ തന്നെയാണ്. ഇത് വായിക്കുന്ന മനുഷ്യര്‍ പൈശാചിക ശക്തികളുടെ സാന്നിധ്യത്തിന് അടിമപ്പെടാന്‍ സാധ്യതയുണ്ട്’ – ഫാ. ഡാന്‍ റീഹില്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂളില്‍ പുതിയ ലൈബ്രറി ആരംഭിച്ച സാഹചര്യത്തില്‍ നിലവിലെ പുസ്തകങ്ങളെക്കുറിച്ച് ഒന്നുകൂടി വിശകലനം ചെയ്തതിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം. ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ പൈശാചിക സ്വാധീനത്തിന് വഴിവെക്കുമെന്ന് ലോക പ്രശസ്ത ഭൂതോച്ചാടകന്‍ ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് നല്‍കിയ മുന്നറിയിപ്പും പുതിയ നടപടിക്ക് പ്രചോദനമായിട്ടുണ്ട്.