അത്ഭുതത്തിന്റെ മാധ്യമമായ മറിയം

കാനായിലെ കല്യാണം. കല്യാണവീടൊരുങ്ങി. പക്ഷെ ഒരുക്കത്തിനൊടുവിലും അവിടെ കുറവുണ്ടാകുന്നു. വീഞ്ഞുതീര്‍ന്നുപോകുന്നു. ഇതിനേക്കാള്‍ വലിയ ദുരന്തമില്ല. അപമാനം, നാണക്കേട്, കുടുംബത്തിനും കുടുംബാംഗങ്ങള്‍ക്കും നാട്ടിലിറങ്ങാന്‍ പറ്റാത്ത അവസ്ഥ. കല്യാണപ്പെണ്ണ്, കെട്ടാപ്പെണ്ണായി നിത്യവൈധവ്യത്തിലേക്ക് എത്തിച്ചേരാവുന്ന ദുരവസ്ഥ. വീഞ്ഞ് യഹൂദരെ സംബന്ധിച്ചിടത്തോളം സാധാരണ പാനീയമാണ്. ആഘോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും നിറവിന്റെന്‍റെയും, ഐശ്വര്യത്തിന്റെയും, കൂട്ടായ്മയുടേയുമൊക്കെ പ്രതീകം. വീഞ്ഞ് തീര്‍ന്നുപോകുന്ന അവസ്ഥ മരണവീടിനേക്കാള്‍ ശോകമയം. അനന്തരഫലമോ അനന്തതയോളം നീളുന്നവ. ഒരു കുടംബത്തിനു സംഭവിച്ച ഈ ഗതികേടിലാണ് യേശു പ്രവര്‍ത്തിച്ച ആദ്യ അടയാളത്തിന്‍റെ പ്രസക്തി.

ആഴമായ വിശ്വാസമുള്ളവരുടെ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ വിലയുള്ളതാണെന്നും ഇന്നത്തെ അത്ഭുതം വെളിപ്പെടുത്തുന്നു. യേശുവിന്റെ അമ്മയാണ് ആഴമായ ദൈവവിശ്വാസത്തിന്റെ ഉന്നതവും ഉദാത്തവുമായ മാത്രുക. അവളുടെ മാദ്ധ്യസ്ഥ്യപ്രാര്‍ത്ഥനയുടെ ഫലംചൂടലാണ് കാനായില്‍ നാം കാണുക. കാനായിലെ അത്ഭുതത്തിനു ശേഷമാണ് അവിടെ സന്നിഹിതരായിരുന്ന ശിഷ്യന്മാര്‍ യേശുവിശ്വാസത്തിലേക്കു കടന്നുവരിക (യോഹ 2:11). എന്നാല്‍ ‘അത്ഭുതത്തിന്റെ മാധ്യമമായ മറിയം’ കാനായിലെ അത്ഭുതത്തിനു മുന്‍പേതന്നെ വിശ്വാസത്തിന്റെ നിറകുടമായിരുന്നു. അമലോല്‍ഭവയായ മറിയം, നന്മ നിറഞ്ഞവളായ മറിയം, ഇതാ കര്‍ത്താവിന്‍റെ ദാസിയെന്നു പറഞ്ഞ് ദൈവഹിതത്തിനു സമര്‍പ്പിച്ചവളാണ്. കാനായിലെ കല്യാണവീട് യേശുവിന്റെയും അവിടുത്തെ അമ്മയുടെയും സാന്നിദ്ധ്യത്താല്‍ അത്ഭുതവീടായി മാറുന്നു.

യേശുവിന്റെ അമ്മയും യേശുവും പറഞ്ഞത് നമുക്കു അനുസ്മരിക്കാം. അമ്മ പറഞ്ഞു: “അവന്‍ പറയുന്നത് കേള്‍ക്കുക” (യോഹ2:5). വചനത്തിനു കാതോര്‍ക്കാം. വചനമനുസ്സരിച്ച് ജീവിക്കാം. അപ്പോള്‍ കുറവുകള്‍ നിറവുകളാകും. ഇല്ലായ്മകള്‍ ഉള്ളായ്മകളാകും.

യേശു പറഞ്ഞു: “ഭരണികളില്‍ വെള്ളം നിറക്കുവിന്‍” (യോഹ 2:7). ആറ് കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. പരിചാരകര്‍ അവയെല്ലാം വക്കോളം നിറച്ചു. യേശു അവയെല്ലാം വീഞ്ഞാക്കി മാറ്റി. സാധാരണ വീഞ്ഞല്ല; മേല്‍ത്തരം വീഞ്ഞ്. ആറ് അപൂര്‍ണതയുടെ സംഖ്യയാണെന്നാണു ബൈബിള്‍ പണ്ഡിതരുടെ അഭിമതം. ഏഴാണ് പൂര്‍ണതയുടെ അടയാളം. പരിപൂര്‍ണതയുടെ ഉറവിടമായ യേശുവിന്റെ സാന്നിദ്ധ്യവും ഇടപെടലും കാനാ കുടുംബത്തിനു നിറവുണ്ടാക്കി.

ആറ് കല്‍ഭരണികളില്‍ വക്കോളം വെള്ളം നിറച്ചുവെച്ച പരിചാരകരെപ്പോലെ നമ്മുടെ പാപവും പാപവഴികളും അപൂര്‍ണതകളും പോരായ്മകളും സ്നേഹരാഹിത്യവും ബന്ധങ്ങളിലെ വിള്ളലും അതിന്‍റെ പൂര്‍ണതയില്‍ (വക്കോളം) ദൈവത്തിനു സമര്‍പ്പിക്കാം; ദൈവം നമ്മുടെ കുറവുകളെ എടുത്തുമാറ്റി നമ്മുടെ ജീവിതത്തെ വീഞ്ഞുപോലെ നിറവും രുചിയും ലഹരിയുമുള്ളതാക്കട്ടെ.

ഡോ. ജോസ് പതിയാമൂല

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.