ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിൽ ‘മൂന്നാം ബൈബിൾ കൺവെൻഷൻ’

ഗ്രേറ്റ് ബ്രിട്ടൺ രൂപതാകുടുംബം ഒന്നാകെ തിരുവചനം ധ്യാനിക്കുവാനും പഠിക്കുവാനുമായി ഒരുക്കുന്ന ‘രൂപതാ ഏകദിന ബൈബിൾ കൺവൻഷന്റെ’ ഈ വർഷത്തെ ശുശ്രുഷകൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, റാംസ്‌ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ റെവ. ഫാ. ജോർജ്ജ് പനയ്ക്കൽ വി.സി. എന്നിവർ നേതൃത്വം നൽകും. രൂപതയുടെ എട്ട് റീജിയനുകളിലായി ഒക്ടോബർ 22 മുതൽ 30 വരെയാണ് ഈ ഏകദിന ബൈബിൾ കൺവെൻഷനുകൾ നടക്കുന്നത്.

“തിരുസഭയുടെ അപ്പസ്തോലിക പാരമ്പര്യത്തിൽ നിന്ന് മാറ്റിനിർത്താനാവാത്തതും ഈ പാരമ്പര്യത്തിലൂടെ തന്നെ പ്രഘോഷിക്കപ്പെടേണ്ടതുമായ തിരുവചനം, ദൈവത്തിന്റെ തന്നെ വാക്കുകളായി പ്രസംഗിക്കുകയും കേൾക്കുകയും വായിക്കുകയും സ്വീകരിക്കുകയും ജീവിതത്തിൽ അനുഭവമാക്കുകയും ചെയ്യണം” എന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത എല്ലാ വർഷവും ബൈബിൾ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. ‘ദൈവഹിതത്തെക്കുറിച്ച് ശരിയായ അറിവില്ലെങ്കിൽ, വേണ്ടതുപോലെ ക്രിസ്തുവിനെ സഭയിൽ ബഹുമാനിക്കാനും ആരാധിക്കാനും കഴിയില്ലെന്നും സത്യത്തോടും ദൈവവചനത്തോടും അടങ്ങാത്ത അഭിനിവേശമുണ്ടായിരിക്കണം’ എന്നും വി. പൗലോസ് ശ്ലീഹായും ഓർമ്മിപ്പിക്കുന്നു.

കരിസ്മാറ്റിക് നവീകരണപ്രസ്ഥാനങ്ങൾക്ക് കേരളസഭയിൽ തുടക്കമിടുന്നതിൽ ദൈവകരങ്ങളിൽ ശക്തമായ ഉപകരണമായ റവ. ഫാ. ജോർജ്ജ് പനയ്ക്കൽ വി.സി. യാണ് ഇത്തവണ വചനപ്രഘോഷണ വേദികളിൽ പ്രധാന പ്രസംഗകനായി ദൈവസന്ദേശം അറിയിക്കുന്നത്.

രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ എട്ട് റീജിയനുകളിലും ദിവ്യബലിയർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഇടവക, മിഷൻ, പ്രോപോസ്ഡ് മിഷൻ സ്ഥലങ്ങളിൽ നിന്നും സാധിക്കുന്നത്ര ആളുകൾക്ക് അതാത് റീജിയനുകളിലെ കൺവെഷനിൽ പങ്കെടുക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ വൈദികർക്കും കൈക്കാരന്മാർക്കും കമ്മറ്റിയംഗങ്ങൾക്കും മാർ ജോസഫ് സ്രാമ്പിക്കൽ നിർദ്ദേശം നൽകിയിട്ടുണ്ട്.