സ്വാർത്ഥതയും പാപവും സൃഷ്ടിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു : ഫ്രാൻസീസ് പാപ്പ

സ്വാർത്ഥതയും പാപവും സൃഷ്ടിയുടെ സൗന്ദര്യം നഷ്ടപ്പെടുത്തുന്നു, പക്ഷേ ദൈവം ഒരിക്കലും മാനവരാശിയെ ഉപേക്ഷിച്ചില്ല പ്രപഞ്ചത്തിന്റെ പരിദേവനം പുതിയ ജീവിതത്തിന്റെ പ്രത്യാശയാക്കി മാറ്റുന്നു. ഇതായിരുന്നു ഫെബ്രുവരി ഇരുപത്തിരണ്ടാം തീയതിയിലെ ജനറൽ ഓഡിയൻസിൽ  ക്രിസ്തീയ പ്രതീക്ഷയെക്കുറിച്ച്  ഫ്രാൻസീസ് പാപ്പ നൽകിയ സന്ദേശത്തിന്റെ ഹൃദയഭാഗം

റോമക്കാർക്കുള്ള ലേഖനം എട്ടാം അധ്യായത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് പാപ്പ മതബോധനം നടത്തിയത്. “ദൈവം നമ്മുടെ കരങ്ങളിൽ തന്നിരിക്കുന്ന അമൂല്യ സമ്മാനമാണു സൃഷ്ട പ്രപഞ്ചമെന്നു പൗലോസ് ശ്ലീഹാ നമ്മളെ ഓർമ്മിപ്പിക്കുന്നു.  അതുവഴി അവനുമായി ബന്ധത്തിലേക്കു പ്രവേശിക്കുവാനും അവന്റെ സ്നേഹത്തിന്റെ മുദ്ര അംഗീകരിക്കുവാനും നമുക്കു കഴിയും.” എന്നാൽ നമ്മൾ സ്വാർത്ഥരും പാപം ചെയ്യുന്നവരുമാകുമ്പോൾ ദൈവവുമായുള്ള ബന്ധത്തിൽ നിന്നു നമ്മൾ വേർപെടുന്നു, അതുവഴി മനുഷ്യപ്രകൃതിയുടെയും സൃഷ്ട പ്രപഞ്ചത്തിന്റെയും ആദി സൗന്ദര്യം നമ്മൾ വികൃതമാക്കുന്നു. തന്മൂലം സൃഷ്ടപ്രപഞ്ചം ദൈവത്തിന്റെ അനന്ത സ്നേഹം വെളിപ്പെടുത്തുന്നതിനേക്കാൾ  മനുഷ്യാഹങ്കാരത്തിന്റെ മുറിവുകളുമാണ് കാണിക്കുന്നത്. പക്ഷേ ദൈവം നമ്മളെ ഉപേക്ഷിക്കുന്നില്ല പകരം സ്വാതന്ത്ര്യത്തിന്റെയും രക്ഷയുടെയും പുതിയ ചക്രവാളം നമുക്കു തരുന്നു.

സകല സൃഷ്ടിടികളുടെയും  ആർത്തനാദം കേൾക്കാൻ ക്ഷണിച്ചുകൊണ്ട് വി. പൗലോസ് ഈ സത്യം നമ്മളെ ഓർമ്മിപ്പിക്കുന്നു.

വാസ്തവത്തിൽ നമുക്കു ചുറ്റും ഉണ്ടാകുന്ന പരിദേവനങ്ങളെ ശ്രദ്ധയോടെ ശ്രവിച്ചാൽ : പ്രപഞ്ചം തന്നെ പരിദേവിക്കുന്നു,  നമ്മൾ മനുഷ്യർ ഞരക്കുന്നു. പരിശുദ്ധാത്മാവു നമ്മുടെ ഹൃദയങ്ങളിൽ മന്ത്രിക്കുന്നു”.

“പരിദേവനങ്ങൾ വന്ധ്യമോ ആശ്വസിപ്പിക്കാനാവത്തതോ അല്ല, മറിച്ച് – അപ്പസ്തോലൻ ചൂണ്ടിക്കാട്ടുന്നതു പോലെ – അവ   ഈറ്റുനോവിനെക്കുറിച്ചു പറയുന്നു, അവ സഹിക്കുന്നവരുടെ  പരിദേവനങ്ങളാണ്, പക്ഷേ ഒരു പുതിയ ജീവൻ പ്രകാശത്തിലേക്കു വരുന്നുവെന്നു അറിയാം” പാപ്പ പറഞ്ഞു. പാപത്തിന്റെയും വീഴ്ചകളുടെയും ധാരാളം അടയാളങ്ങൾ ഉണ്ടെങ്കിലും ” ദൈവത്താൽ രക്ഷിക്കപ്പെട്ടവരാണ് നമ്മളെന്നു നമുക്കറിയാം ഇപ്പോൾപോലും നമ്മുടെ ഉള്ളിലും നമുക്കു ചുറ്റും ഉത്ഥാനത്തിന്റെ അടയാളങ്ങൾ, ഈസ്റ്ററിന്റെ, പുതിയ ജീവന്റെ  അടയാളങ്ങൾ ധ്യാനിക്കുകയും അനുഭവിക്കുകയും ചെയ്യാം ” എന്നു പാപ്പ കൂട്ടിച്ചേർത്തു.

നമ്മൾ ക്രിസ്ത്യാനികൾ ഈ ലോകത്തിനു പുറത്തു ജീവിക്കുന്നവരല്ല, ലോകത്തിനുള്ളിൽ ജീവിക്കുന്നവരാണ്. ഉത്ഥിതന്റെ കണ്ണുകളിലൂടെ എല്ലാ കാര്യങ്ങളും വായിക്കാൻ വിളിക്കപ്പെട്ടവരാണ് ക്രൈസ്തവർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.