സര്‍ക്കാര്‍ മുതല്‍ സമൂഹം മുഴുവന്റെയും ഏറ്റം എളിയവരുടെയും സഹകരണം ആവശ്യം: മാര്‍പാപ്പ

ആരോഗ്യപ്രതിസന്ധിയും അതേ സമയം തന്നെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുമായ പ്രശ്നത്തില്‍ നിന്ന് മികച്ച രീതിയില്‍ പുറത്തുകടക്കുന്നതിന് ഓരോരുത്തരും അവനവന്റെ ഉത്തരവാദിത്വം അതായത്, കൂട്ടുത്തരവാദിത്വം ഏറ്റെടുക്കാന്‍ വിളിക്കപ്പെടുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ.

വ്യക്തികള്‍ എന്ന നിലയില്‍ മാത്രമല്ല, സമൂഹത്തിലെ അംഗം എന്ന നിലയിലും സമൂഹത്തില്‍ നമുക്കുള്ള പങ്കിന്റെയും നമ്മുടെ ആദര്‍ശങ്ങളുടെയും അടിസ്ഥാനത്തിലും വിശ്വാസികളാണെങ്കില്‍ ദൈവവിശ്വാസത്തിന്റെ പേരിലും നാം പ്രതികരിക്കേണ്ടിയിരിക്കുന്നു എന്നും പാപ്പാ പറഞ്ഞു.

എന്നാല്‍, പലപ്പോഴും പലര്‍ക്കും പൊതുനന്മയ്ക്കായുള്ള പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ പങ്കുചേരാനാകുന്നില്ല. അതിനു കാരണം അവരെ പാര്‍ശ്വവത്ക്കരിക്കരിക്കുകയും ഒഴിവാക്കുകയും അല്ലെങ്കില്‍ അവഗണിക്കുകയും ചെയ്യുന്നു എന്നതു തന്നെ. മറ്റിടങ്ങളില്‍, പ്രത്യേകിച്ച് പാശ്ചാത്യലോകത്ത്, പലരും തങ്ങളുടെ ധാര്‍മ്മികമോ മതപരമോ ആയ ബോധ്യങ്ങളെ സ്വയം അടിച്ചമര്‍ത്തുന്നു. എന്നാല്‍ ഈ രീതിയില്‍ നമുക്ക് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കഴിയില്ല. അല്ലെങ്കില്‍ മെച്ചപ്പെട്ട രീതിയില്‍ നമുക്ക് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയില്ല. സകലവും താറുമാറാകും. അതിനാല്‍, നമ്മുടെ ജനങ്ങളുടെ പരിപാലനത്തിലും പുനരുജ്ജീവനത്തിലും പങ്കാളികളാകാന്‍ കഴിയണമെങ്കില്‍ നമുക്കെല്ലാവര്‍ക്കും അതിന് മതിയായ വിഭവങ്ങള്‍ ആവശ്യമാണ്.

1929-ലെ വലിയ സാമ്പത്തികമാന്ദ്യത്തിനു ശേഷം പതിനൊന്നാം പീയൂസ് പാപ്പാ ഒരു യഥാര്‍ത്ഥ പുനര്‍നിര്‍മ്മാണത്തിന് അധീനാവകാശ സംരക്ഷണ സഹായതത്വം എത്രമാത്രം പ്രധാനമാണെന്ന് വിശദീകരിക്കുകയുണ്ടായി. ഈ തത്വത്തിന് ദ്വിവിധ ചലനാത്മകതയുണ്ട് – മുകളില്‍ നിന്ന് താഴേയ്ക്കും താഴെ നിന്ന് മുകളിലേയ്ക്കും. ഇതിന്റെ പൊരുളെന്തെന്ന് ഒരുപക്ഷേ, നമുക്ക് മനസ്സിലാകുന്നില്ലായിരിക്കും നമ്മെ ഐക്യപ്പെടുത്തുന്ന ഒരു സാമൂഹ്യതത്വമാണത്.

ഒരുവശത്ത് പ്രത്യേകിച്ചും മാറ്റത്തിന്റെ സമയത്ത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ചെറുസംഘങ്ങള്‍ക്കും അല്ലെങ്കില്‍ പ്രാദേശികസമൂഹങ്ങള്‍ക്കും പ്രാഥമികലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ വരുമ്പോള്‍ മുന്നോട്ട് പോകാനാവശ്യമായ വിഭവങ്ങള്‍ പ്രദാനം ചെയ്യുന്നതിന് സാമൂഹികസംവിധാനത്തിന്റെ – രാഷ്ട്രം പോലുള്ള ഉന്നത തലത്തിലുള്ള ഇടപെടല്‍ ഉണ്ടാകേണ്ടത് ന്യായമാണ്.

ഉദാഹരണത്തിന്, കൊറോണ വൈറസ് മൂലം ഉണ്ടായ അടച്ചിടല്‍ അതായത്, ലോക്ക്ഡൗണ്‍ കാരണം നിരവധി ആളുകളും കുടുംബങ്ങളും സാമ്പത്തിക ഇടപാടുകളും ഒക്കെ പ്രതിസന്ധിയിലായി. ഇപ്പോഴും ഗുരുതരമായ പ്രതിസന്ധിയുണ്ട്. അപ്പോള്‍ പൊതുസ്ഥാപനങ്ങള്‍ ഉചിതമായ ഇടപെടലുകള്‍ വഴി സാമൂഹ്യ-സാമ്പത്തിക-ആരോഗ്യ ഇടപെടലുകളിലൂടെ സഹായിക്കാന്‍ ശ്രമിക്കുന്നു. അത് അവയുടെ ദൗത്യമാണ്, കടമയാണ് – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.