പ്രാണൻ പകുത്തു നൽകുന്ന ഫീലിപ്പോസ് അച്ചൻ

കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ്‌ അവരെ സുഖപ്പെടുത്തിയത്‌. (ജ്‌ഞാനം 16:12)

മറ്റുള്ളവർക്കായി നമ്മെത്തന്നെ മുറിച്ചു നൽകുമ്പോൾ ഒരുവൻ ക്രിസ്തുവുമായി താദാത്മ്യപ്പെടുന്നു. അല്ല അവൻ ക്രിസ്തുവിലാകുന്നു. അവൻ ക്രിസ്തുവായി രൂപാന്തരപ്പെടുന്നു. പ്രീയ റോബിൻ മനയ്ക്കലേത്ത് അച്ചന് തന്റെ ശരീരത്തിന്റെ ഒരു ഭാഗം പകുത്തു നൽകുന്ന പ്രീയ ഫീലിപ്പോസ് ചരിവുപുരയിടത്തിൽ അച്ചനും രൂപാന്തരപ്പെടുന്നത് മറ്റൊരു ക്രിസ്തുവായിട്ടാണ്. തന്റെ സഹോദരവൈദീകനെ ചേർത്തു പിടിച്ചപ്പോൾ ഫീലിപ്പോസ് അച്ചൻ ദൈവകരുണയുടെ വറ്റാത്ത ഉറവിടമായ ഈശോയുടെ തിരുമുറിവുകളിലാണ് ചുംബിക്കുന്നത്.

പത്തനംതിട്ട രൂപതയിലെ കാർമല പള്ളിയിൽ നിന്നുള്ള രണ്ട് യുവവൈദീകരാണ് ഫാ. റോബിൻ മനയ്ക്കലേത്തും ഫാ. ഫീലിപ്പോസ് ചരിവുപുരയിടത്തിലും. വൃക്കരോഗത്താൽ ക്ലേശിച്ചപ്പോഴും നിറഞ്ഞ പുഞ്ചിരിയോടും പ്രത്യാശയോടും ആ അനുഭവത്തെ നേരിട്ട റോബിനച്ചന് തന്റെ ശരീരം മുറിച്ചു നൽകി ക്രിസ്തുവിനോട് അനുരൂപപ്പെടാൻ തക്ക അടിയുറച്ച വിശ്വാസവും ശരണവും സ്നേഹവും ഫീലിപ്പോസ് അച്ചന് പരിശുദ്ധാത്മാവ് ദാനമായി നൽകി. “കൂട്‌ ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചതു കര്‍ത്താവാണ്‌.” (നിയമാ 32 : 11-12).

ഫ്രാൻസിസ് പാപ്പാ പറയുന്നതു പോലെ ഇത് അഗാധവും, സ്നേഹത്താലും പരോന്മുഖതയാലും സാന്ദ്രതമവുമായ അനുഭവമാണ്. പ്രാണൻ പകുത്തു നൽകുന്ന ക്രിസ്താനുഭവം. ഈ അനുഭവത്തിൽ നമുക്കും പങ്കുകാരാകാം. അതിനായി ശുദ്ധമായ ഹൃദയത്തോടും ആത്മാർത്ഥമായ മനസ്സോടും പ്രാർത്ഥനയിൽ ഈ വന്ദ്യ വൈദീകരോട് ചേർന്നുനിൽക്കാം. തിരുസഭ മുഴുവനിലും അർപ്പിക്കപ്പെടുന്ന ദിവ്യബലിയോടും പ്രാർത്ഥനകളോടും പരിഹാരപ്രവർത്തികളോടും ചേർന്നു നിന്ന് നമ്മുടെ എളിയ പ്രാർത്ഥനകളും അർപ്പിക്കാം. ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി നമ്മുടെ ഇടയിൽ ദൈവം ഈ വന്ദ്യ വൈദീകരെ ഉയർത്തുകയും കാത്തുപാലിക്കുകയും ചെയ്യട്ടെ..

ഒപ്പം ശസ്ത്രക്രിയ നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടറുമാരുടെ കരങ്ങൾ വഴി ദൈവം പ്രവർത്തിക്കുവാനും ഇതിനോട് ചേർന്നു പ്രവർത്തിക്കുന്ന നഴ്സുമാർ തുടങ്ങി എല്ലാ അനുബന്ധ സംവിധാനങ്ങളിലും സ്വർഗ്ഗത്തിന്റെ വലിയ കരുതലും സംരക്ഷണവും ഉണ്ടാകുന്നതിനും എല്ലാവരും പ്രാർത്ഥിക്കണമേ.. പരിശുദ്ധ അമ്മയും യൗസേപ്പിതാവും വി. ലൂക്കോസും അന്ത്യോക്യായിലെ വി. മറീനയും വി. അഗതയും വി. അന്തോണീസും വി. ബനഡിക്ടും മറ്റെല്ലാ വിശുദ്ധരും മാലാഖമാരും ഈ വന്ദ്യ വൈദീകർക്കും അവരെ ചികിത്സിക്കുന്നവർക്കും ശുശ്രൂഷിക്കുന്നവർക്കും എല്ലാം കോട്ടയായിരിക്കട്ടെ. ആമേൻ

മനുഷ്യന്റെ അദ്‌ഭുതകൃത്യങ്ങളില്‍ മഹത്വപ്പെടേണ്ടതിന്‌ അവിടുന്ന്‌ മനുഷ്യര്‍ക്കു സിദ്‌ധികള്‍ നല്‍കി. അതു മുഖേന അവന്‍ വേദനയകറ്റുകയും രോഗം സുഖമാക്കുകയും ചെയ്യുന്നു; ഒൗഷധ നിര്‍മാതാവ്‌ അതുപയോഗിച്ചു മിശ്രിതം ഉണ്ടാക്കുന്നു. അവിടുത്തെ പ്രവൃത്തികള്‍ക്ക്‌ അന്തമില്ല; ഭൂമുഖത്ത്‌ അവിടുന്ന്‌ ആരോഗ്യം വ്യാപിപ്പിക്കുന്നു. മകനേ, രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക; അവിടുന്ന്‌ നിന്നെ സുഖപ്പെടുത്തും. (പ്രഭാഷകന്‍ 38: 6-9)

കര്‍ത്താവേ, മഹത്വവും ശക്‌തിയും മഹിമയും വിജയവും ഒൗന്നത്യവും അങ്ങയുടേതാകുന്നു. ആകാശത്തിലും ഭൂമിയിലുമുള്ളതെല്ലാം അങ്ങയുടേത്‌. കര്‍ത്താവേ, രാജ്യം അങ്ങയുടേത്‌; അങ്ങ്‌ എല്ലാറ്റിന്‍െറയും അധീശനായി സ്‌തുതിക്കപ്പെടുന്നു. (1 ദിനവൃത്താന്തം 29:11)

സുമ മാത്യു ചേടിയത്ത്