പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 94 – സ്റ്റീഫൻ III (723-772)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 768 ആഗസ്റ്റ് 7 മുതൽ 772 ഫെബ്രുവരി 1 വരെ സഭയെ നയിച്ച മാർപാപ്പയാണ് സ്റ്റീഫൻ മൂന്നാമൻ. ഇറ്റലിയുടെ തെക്കുഭാഗത്തുള്ള സിസിലി ദ്വീപിൽ ഗ്രീക്ക് വംശരായ മാതാപിതാക്കളുടെ മകനായി എ.ഡി. 723 -ൽ അദ്ദേഹം ജനിച്ചു. റോമിലുള്ള ബെനഡിക്റ്റിൻ ആശ്രമത്തിൽ ചേർന്ന് ഒരു സന്യാസിയായി ജീവിച്ച അദ്ദേഹത്തെ സഖറിയാസ് മാർപാപ്പയാണ് ലാറ്ററൻ അരമനയിലെ ജോലിക്കായി നിയോഗിക്കുന്നത്. പോൾ മാർപാപ്പയുടെ മരണശേഷം മറ്റ് രണ്ടുപേർ കൂടി മാർപാപ്പ സ്ഥാനം ആഗ്രഹിച്ചെങ്കിലും റോമിലെ ജനങ്ങളും പുരോഹിതന്മാരും സ്റ്റീഫനെ തിരഞ്ഞെടുക്കുകയും റോമിലെ സാന്താ സീസീലിയ ദേവാലയത്തിൽ നിന്നും പ്രദക്ഷിണമായി ലാറ്ററൻ അരമനയിൽ കൊണ്ടാക്കുകയും ചെയ്തു. മാർപാപ്പ പേപ്പൽ സ്റ്റേറ്റിന്റെ ഭരണാധികാരി കൂടി ആയിരുന്നതിനാൽ ശക്തരായ പ്രഭുകുടുംബങ്ങൾക്ക് മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ തങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുക പ്രധാനമായിരുന്നു. അതിനാൽ ഇവർ ഉൾപ്പെട്ട പ്രശ്നങ്ങളിലെല്ലാം തന്നെ മാർപാപ്പയുടെ പേരും വലിച്ചിഴക്കപ്പെടുന്ന പതിവും ഉണ്ടായിരുന്നു.

സഭയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി എ.ഡി. 769 -ൽ സ്റ്റീഫൻ മാർപാപ്പ ലാറ്ററൻ അരമനയിൽ വച്ച് ഒരു കൗൺസിൽ വിളിച്ചുകൂട്ടി. മാർപാപ്പയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഗൗരവതരമായ ചില നിയമങ്ങൾ ഈ കൗൺസിൽ നടപ്പിൽ വരുത്തി. ഇതിൽ പ്രഭുകുടുംബങ്ങളുടെ എല്ലാവിധ ഇടപെടലുകളും നിരോധിച്ചതോടൊപ്പം ഡീക്കന്മാരെയോ, പുരോഹിതന്മാരെയോ മാത്രമേ മാർപാപ്പയായി തിരഞ്ഞെടുക്കാൻ സാധിക്കൂ എന്നും തീരുമാനമെടുത്തു. ഈ സമയത്ത് ചർച്ച ചെയ്യപ്പെട്ട പ്രധാന വിഷയങ്ങളിലൊന്നായ “ഐക്കണോക്ലാസ്സം” ഈ കൗൺസിലിൽ ചർച്ച ചെയ്തു. ബൈസന്റൈൻ ചക്രവർത്തിയുടെ തീരുമാനങ്ങൾക്ക് എതിരായി ദേവാലയങ്ങളിൽ ചിത്രങ്ങളും രൂപങ്ങളും ഉപയോഗിക്കുന്നത് നിയമാനുസൃതമാണെന്ന് കൗൺസിൽ വിധിക്കുകയും ചെയ്തു.

മൈക്കിൾ എന്ന ഒരു സാധാരണ വിശ്വാസിയെ റെവെന്നായിലെ ബിഷപ്പായി തിരഞ്ഞെടുത്തിരിക്കുന്നുവെന്ന് ലൊംബാർഡ് രാജാവ് ഡെസിദേരിയൂസ് മാർപാപ്പയെ അറിയിക്കുന്നു. എന്നാൽ സ്റ്റീഫൻ മാർപാപ്പ ഈ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് രാജാവിനെ രേഖാമൂലം അറിയിക്കുകയും ലാറ്ററൻ കൗൺസിലിന്റെ തീരുമാനമനുസരിച്ച് അദ്ദേഹത്തിന് ആർച്ചുബിഷപ്പാകാൻ സാധിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രാജാവ് എതിർപ്പുകളെ വകവയ്ക്കാതെ മുന്നോട്ട് പോയതിനാൽ ഏതാണ്ട് ഒരുവർഷത്തോളം ഈ പ്രശ്നം പരിഹരിക്കപ്പെടാതെയിരുന്നു. പിന്നീട് റെവന്നായിലെ ഫ്രാങ്കിഷ്‌ രാജാവിന്റെ പ്രതിനിധിയുടെ ഇടപെടലോടെയാണ് പ്രശ്നപരിഹാരം ഉണ്ടാവുന്നത്. എ.ഡി. 772 ജനുവരി 24 -ന് കാലം ചെയ്ത സ്റ്റീഫൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.