പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 48 – വി. ഫെലിക്സ് III (440-492)

ക്രിസ്തുവർഷം 483 മുതൽ 492 വരെ സഭയ്ക്ക് ഫെലിക്സ് മൂന്നാമൻ മാർപാപ്പ നേതൃത്വം നൽകി. റോമിലെ നിയമനിര്‍മ്മാണ സഭയിൽ ഉൾപ്പെട്ടിരുന്ന ഒരു കുടുംബത്തിലെ അംഗമായിട്ടാണ് അദ്ദേഹം ജനിച്ചത്. അതിനാൽ തന്നെ ഉന്നതവിദ്യാഭ്യാസവും നല്ല നിയമപരിജ്ഞാനവും അദ്ദേഹത്തിനുണ്ടായിരുന്നു. ഫെലിക്സ് മാർപാപ്പയുടെ പിതാവ് ഒരു പുരോഹിതൻ ആയിരുന്നുവെന്നും അദ്ദേഹം മാർപാപ്പ ആകുന്നതിനു മുൻപ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവും ആയിരുന്നുവെന്നും ചരിത്രരേഖകൾ സാക്ഷിക്കുന്നു. ഭാര്യയുടെ മരണശേഷം അദ്ദേഹം പൗരോഹിത്യം സ്വീകരിച്ച് അജപാലന ശുശ്രൂഷയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ രണ്ടു-മൂന്നു തലമുറകൾക്കു ശേഷമുള്ള കൊച്ചുമകനാണ് ഗ്രിഗറി ഒന്നാമൻ മാർപാപ്പ. അതുപോലെ അഗാപ്പേത്തൂസ് ഒന്നാമൻ മാർപാപ്പയും ഇദ്ദേഹത്തിന്റെ കുടുംബത്തിൽപെട്ട ആളായിരുന്നു. (ഫെലിക്സ് രണ്ടാമൻ എന്ന ആന്റിപോപ്പ് [355–65] അക്കാലത്ത് ഔദ്യാഗിക ലിസ്റ്റിൽ നിന്നും പുറത്തായിരുന്നില്ല. അതിനാലാണ് ഇദ്ദേഹം ഫെലിക്സ് മൂന്നാമൻ എന്ന് അറിയപ്പെടാൻ തുടങ്ങിയത്).

എവുത്തിക്യസ് ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാനായി സീനോ ചക്രവർത്തി 482-ൽ പാത്രിയർക്കീസ് അക്കാസിയൂസിന്റെ പ്രേരണയാൽ ‘ഹെനോത്തികോൺ’ (Henoticon) എന്ന പേരിൽ ഒരു കല്പന പുറപ്പെടുവിച്ചു. ഇത് കാൽസിഡോണിയ കൗൺസിലിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുവേണ്ടി ചെയ്തതാണെങ്കിലും ഉദ്ദേശിച്ചതിന്റെ വിപരീതഫലമാണ് ഉണ്ടാക്കിയത്. ഇതിന്റെ അനന്തരഫലമാണ് പാശ്ചാത്യ-പൗരസ്ത്യസഭകളെ വിഭജിച്ചുകൊണ്ട് ‘അക്കായിയൻ’ പാഷണ്ഡത എന്ന പേരിൽ മുപ്പത്തിയഞ്ചു വർഷം സഭയെ വിഭജിച്ച പുതിയൊരു വേദവിപരീതം ഉദയം ചെയ്തത്. ഫെലിക്സ് മൂന്നാമൻ അക്കായിയൂസിനെ സഭയിൽ നിന്നു പുറത്താക്കിയപ്പോൾ അദ്ദേഹം മാർപാപ്പയുടെ പേര് പ്രാർത്ഥനകളിൽ ചൊല്ലുന്നത് നിർത്തലാക്കി.

രാഷ്ട്രീയമായും മതപരമായും പ്രശ്നകലുഷിതമായ കാലയളവിലാണ് ഫെലിക്സ് മൂന്നാമൻ മാർപാപ്പ സഭാഭരണം നിർവഹിച്ചത്. പൗരസ്ത്യ പ്രദേശങ്ങളിൽ രാഷ്ട്രീയ ഭരണസ്ഥിരത ഉണ്ടായിരുന്നപ്പോൾ, പാശ്ചാത്യപ്രദേശങ്ങൾ ചിന്നഭിന്നമായിക്കൊണ്ടിരുന്നു. എന്നാൽ മാർപാപ്പയുടെ നേതൃത്വത്തിൽ പൗരസ്ത്യസഭ നന്നായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന സമയത്ത് പാശ്ചാത്യസഭയിൽ വിവിധ ദൈവശാസ്ത്ര തർക്കങ്ങൾ ഉണ്ടാവുകയും അത് വലിയ പാഷണ്ഡതകളായി പരിണമിക്കുകയും ചെയ്തു. ഈ തർക്കങ്ങൾ വരുംതലമുറകളിലേക്ക് കൈമാറിക്കൊണ്ടിരുന്നതിനാൽ സഭയിൽ വിഭജനത്തിന്റെ അംശങ്ങൾ എല്ലായിടത്തും പടരുന്നുണ്ടായിരുന്നു. വി. പൗലോസിന്റെ ബസിലിക്കയിൽ അടക്കിയിരിക്കുന്ന ഫെലിക്സ് മൂന്നാമൻ മാർപാപ്പയുടെ തിരുനാൾ മാർച്ച് 1-ന് സഭ കൊണ്ടാടുന്നു.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.