പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 175 – സെലസ്റ്റിൻ III (1106–1198)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1191 ഏപ്രിൽ 10 മുതൽ 1198 ജനുവരി 8 വരെയുള്ള കാലയളവിൽ മാർപാപ്പയായിരുന്ന ആളാണ് സെലസ്റ്റിൻ മൂന്നാമൻ. റോമിലെ ഒർസിനി പ്രഭുകുടുംബത്തിൽ എ.ഡി. 1106 -ലാണ് ജിയചിന്തോ ബൊബോണെ ജനിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസത്തിനും വൈദിക പരിശീലനത്തിനും ശേഷം ഒരു ഡീക്കനായി വിവിധ ദേവാലയങ്ങളിൽ അദ്ദേഹം ശുശ്രൂഷ ചെയ്തു. സ്പെയിനുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ റോമൻ കൂരിയ, ജിയചിന്തോ ബൊബോണെയുടെ സഹായം തേടിയിരുന്നു. രണ്ടു പ്രാവശ്യം മാർപാപ്പമാർ അദ്ദേഹത്തെ സ്പെയിനിലേക്ക് വലിയ ദൗത്യവുമായി അയക്കുകയും ചെയ്തു. കോസ്മദിയാനിലുള്ള സാന്താ മരിയ ദേവാലയത്തിൽ കർദ്ദിനാൾ ഡീക്കനായി സേവനമനുഷ്ഠിക്കുമ്പോഴാണ് അദ്ദേഹം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു വൈദികനായും ബിഷപ്പായും അഭിഷേകം ചെയ്യപ്പെട്ടതിനു ശേഷമാണ് മാർപാപ്പയുടെ ഔദ്യോഗിക ചുമതലകൾ അദ്ദേഹം ഏറ്റെടുക്കുന്നത്.

സെലസ്റ്റിൻ മാർപാപ്പ സ്ഥാനമേൽക്കുമ്പോൾ അദ്ദേഹത്തിന് 85 വയസുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഇത്രയും പ്രായമുള്ളയാൾ മാർപാപ്പ സ്ഥാനത്തേക്കു വരിക വിരളമായിരുന്നു. എന്നാൽ നീണ്ട ഏഴു വർഷക്കാലത്തോളം സഭയുടെ നേതൃസ്ഥാനത്ത് അദ്ദേഹം ഉണ്ടായിരുന്നു. മാർപാപ്പ ആയ ഉടൻ തന്നെ ഹെൻറി നാലാമന്റെ അഭ്യർത്ഥന മാനിച്ച് അദ്ദേഹത്തെ ചക്രവർത്തിയായി അഭിഷേകം ചെയ്യുന്നു. ഗ്രിഗറി എട്ടാമൻ മാർപാപ്പ കാലം ചെയ്യുന്നതിനു മുൻപ് വാഗ്ദാനം ചെയ്ത ഈ അഭിഷേക കർമ്മത്തിനു തയ്യാറായി ഹെൻറി നാലാമൻ റോമിനു പുറത്ത് കാത്തുനിൽക്കുകയായിരുന്നു.

പ്രായം കൊണ്ട് ചെറുപ്പമായിരുന്ന ചക്രവർത്തി നിലവിലിരുന്ന വ്യവസ്ഥിതികളും നിയമങ്ങളും മറന്നുകൊണ്ട് ജർമ്മനിയിൽ തനിക്കിഷ്ടമുള്ളവരെ ബിഷപ്പുമാരായി നിയമിക്കാൻ തുടങ്ങി. ഇതു കൂടാതെ കുരിശുയുദ്ധം കഴിഞ്ഞു മടങ്ങിവന്ന, പേപ്പൽ സംരക്ഷണം ഉണ്ടായിരുന്ന, ഇംഗ്ലണ്ടിലെ രാജാവ് റിച്ചാർഡിനെ വ്യക്തിവിരോധത്തിന്റെ പേരിൽ ജർമ്മനിയിൽ തടവിലാക്കുകയും ചെയ്തു. ഇക്കാര്യങ്ങളൊക്കെ ചക്രവർത്തിയും റോമും തമ്മിലുള്ള ബന്ധങ്ങൾ വഷളാകുന്നതിനു കാരണമായി. ഇറ്റലിയിലെ ടസ്‌കണി പ്രദേശത്തുള്ള നഗരങ്ങളെ ഒരുമിച്ചു ചേർത്തുകൊണ്ട് 1197 നവംബർ 11 -ന് സെലസ്റ്റിൻ മാർപാപ്പയുടെ നിർദ്ദേശപ്രകാരം “ടസ്കൻ ലീഗ്” എന്ന ഉടമ്പടി ഉണ്ടാക്കി. ചക്രവർത്തിയുടെ അധികാര ദുർവിനിയോഗത്തെ എതിർക്കാൻ ഒരുമിച്ചു നിൽക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. പിസാ നഗരം ഇതിൽ ചേരാൻ വിസമ്മിതിച്ചപ്പോൾ മാർപാപ്പ അവർക്കെതിരെ വിലക്ക് (interdict) ഏർപ്പെടുത്തി. പ്രായാധിക്യം കാരണം സ്ഥാനത്യാഗം ചെയ്യുന്നതിനെക്കുറിച്ച് കർദ്ദിനാളന്മാരുമായി മാർപാപ്പ ചർച്ച നടത്തി. എന്നാൽ അത് സംഭവിക്കുന്നതിനു മുൻപായി എ.ഡി. 1198 ജനുവരി 8 -ന് സെലെസ്റ്റിൻ മാർപാപ്പ കാലം ചെയ്തു. തുടർന്ന് മാർപാപ്പയെ ലാറ്ററൻ ബസിലിക്കയിൽ അടക്കം ചെയ്തു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.