പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 163 – ഹൊണോറിയോസ് II (1060-1130)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1124 ഡിസംബർ 21 മുതൽ 1130 ഫെബ്രുവരി 13 വരെ സഭയെ നയിച്ച മാർപാപ്പയാണ് ഹൊണോറിയോസ് രണ്ടാമൻ. ഇറ്റലിയിലെ ബൊളോഞ്ഞയ്ക്കടുത്തുള്ള കസാൽഫിയുമനേസെ എന്ന പ്രദേശത്ത് എ.ഡി. 1060 -ൽ ഒരു കർഷക കുടുബത്തിലാണ് ലാംബെർത്തോ സ്കാനബേച്ചിയുടെ ജനനം. അസാധാരണ കഴിവുകൾ നന്നേ ചെറുപ്രായത്തിൽ തന്നെ വെളിവാക്കപ്പെട്ട ലാംബെർത്തോയുടെ വളർച്ച പെട്ടെന്നായിരുന്നു. ബൊളോഞ്ഞയിലെ ആർച്ചുഡീക്കനായി ജോലി ചെയ്യുന്ന കാലയളവിൽ അദ്ദേഹം ഉർബൻ രണ്ടാമൻ മാർപാപ്പയുടെ ശ്രദ്ധയിൽപെടുകയും മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാൾ ഡീക്കനായി ഉയർത്തി. പിന്നീട് പാസ്‌ക്കൽ രണ്ടാമൻ ലാംബെർത്തോയെ ഓസ്തിയ രൂപതയുടെ ബിഷപ്പായി നിയമിക്കുന്നു. കലിസ്റ്റസ് രണ്ടാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ സെലസ്റ്റിൻ രണ്ടാമൻ എന്ന പേരിൽ തെയോബാൾഡ് എന്നൊരാളെ ഒരു വിഭാഗം മാർപാപ്പയായി തിരഞ്ഞെടുത്തെങ്കിലും ബിഷപ്പ് ലാംബെർത്തോയെയാണ് ഭൂരിപക്ഷം കർദ്ദിനാളന്മാരും അനുകൂലിച്ചത്.

“വേമ്സിലെ ഉടമ്പടി” (Concordat of Worms) നിലവിൽ വന്നതിനു ശേഷമുള്ള ആദ്യത്തെ മാർപാപ്പ എന്ന നിലയിൽ മെത്രാന്മാരെയും മറ്റ് സഭാധികാരികളെയും സ്വതന്ത്രമായി നിയമിക്കാൻ ഹൊണോറിയോസ് മാർപാപ്പക്കു സാധിക്കുന്നു. ബനഡിക്‌റ്റീൻ സന്യാസ സമൂഹം സഭയിലെ ഭരണമേഖലകളിൽ അമിത ഇടപെടൽ നടത്തുന്നതിനെ പ്രതിരോധിക്കുന്നതിനു വേണ്ടി അഗസ്റ്റീനിയൻ, സിസ്റ്റേഴ്സിയൻ സന്യാസ സമൂഹങ്ങളെ മാർപാപ്പ പ്രോത്സാഹിപ്പിച്ചു. കൂടാതെ, അക്കാലത്ത് ആരംഭിച്ച പ്രമോസ്ത്രാത്തെൻസിയൻസ് (നോർബർട്ടീൻസ്) എന്ന സന്യാസ സമൂഹത്തിന് അംഗീകാരവും നൽകുന്നു. അങ്ങനെ ക്ലൂണിയിലെയും മോണ്ടെ കസ്സിനോയിലെയും ആശ്രമങ്ങളുടെ പ്രാധാന്യം കുറയുന്നു. അതുപോലെ തന്നെ നൈറ്റ്സ് ടെംപ്ളാർ എന്ന സംഘടനക്ക് എ.ഡി. 1128 -ൽ മാർപാപ്പ അംഗീകാരം നൽകുന്നു. വിശുദ്ധ നാട്ടിലേക്ക് സന്ദർശനം നടത്തുന്ന തീർത്ഥാടകർക്ക് സുരക്ഷയൊരുക്കുകയായിരുന്നു ഇവരുടെ പ്രധാന ദൗത്യം.

റോമിനു പുറത്തു നിന്ന് കർദ്ദിനാളന്മാരെ കൂടുതലായി നിയമിക്കുന്ന രീതി ഹൊണോറിയോസ് മാർപാപ്പ ആരംഭിക്കുന്നു. ഇക്കാലത്ത് റോമിലെ പ്രബലരായ കുടുംബങ്ങൾ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിനായി റോമൻ തെരുവുകളിൽ കലാപങ്ങളിൽ ഏർപ്പെട്ടത് മാർപാപ്പക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എ.ഡി. 1130 -ൽ മാർപാപ്പ രോഗബാധിനായി ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുമ്പോൾ അദ്ദേഹത്തെ റോമിലെ ചേലിയോ കുന്നിലുള്ള സാൻ ഗ്രിഗോറിയോ ആശ്രമത്തിൽ അദ്ദേഹത്തിന്റെ അനുയായികൾ ശുശ്രൂഷിക്കുന്നു. എ.ഡി. 1130 ഫെബ്രുവരി 13 -ന് കാലം ചെയ്ത മാർപാപ്പയെ സാൻ ഗ്രിഗോറിയോ ആശ്രമത്തിൽ അടക്കിയെങ്കിലും പിന്നീട് ലാറ്ററൻ ബസിലിക്കയിൽ ആഘോഷമായി കബറടക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.