പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 153 – വിക്ടർ II (1018–1057)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1055 ഏപ്രിൽ 13 മുതൽ 1057 ജൂലൈ 28 വരെയുള്ള കാലയളവിൽ ആഗോളസഭയുടെ അദ്ധ്യക്ഷനായിരുന്ന മാർപാപ്പയാണ് വിക്ടർ രണ്ടാമൻ. വിശുദ്ധ റോമൻ സാമ്രാജ്യത്തിലെ ജർമ്മനിയിലെ സ്വാബിയ പ്രദേശത്ത് എ.ഡി. 1018 -ലാണ് ജെബ്ബാർഡിന്റെ ജനനം. ഹെൻറി മൂന്നാമൻ ചക്രവർത്തിയുടെ അടുത്ത ബന്ധുവായിരുന്ന ഹാർട്ട്വിഗ് പ്രഭുവായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ പിതൃസഹോദരനായ ഗോത്തെബോൾഡ് 1049 മുതൽ 1063 വരെ അക്വീലായിലെ പാത്രിയർക്കീസ് ആയിരുന്നു. ചക്രവർത്തി ജെബ്ബാർഡിനെ ഇരുപത്തിനാലാമത്തെ വയസ്സിൽ അയ്ഹ്സ്റ്റേറ്റ് രൂപതയുടെ ബിഷപ്പായും തന്റെ ഉപദേശകനായും നിയമിച്ചു.

ലിയോ ഒൻപതാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ റോമിലെ വൈദികരുടെ പ്രതിനിധികൾ ഹിൽഡേബ്രാന്റിന്റെ (പിന്നീട് ഗ്രിഗറി ഏഴാമൻ മാർപാപ്പ) നേതൃത്വത്തിൽ ചക്രവർത്തിയെ സന്ദർശിച്ച് ജെബ്ബാർഡിനെ മാർപാപ്പയാക്കണമെന്ന് ആവശ്യപ്പെട്ടു. ചക്രവർത്തി ഏറ്റെടുത്ത പരിശുദ്ധ സിംഹാസനത്തിന്റെ അധികാരങ്ങൾ തിരികെ നൽകണമെന്ന നിർദ്ദേശം സ്വീകാര്യമെങ്കിൽ മാർപാപ്പാസ്ഥാനം സ്വീകരിച്ചുകൊള്ളാമെന്ന് ജെബ്ബാർഡ് നിബന്ധന വയ്ക്കുന്നു. ഏതാണ്ട് നാലു മാസങ്ങൾക്കു ശേഷം ചക്രവർത്തി ഈ നിബന്ധന അംഗീകരിക്കുകയും അതിൻപ്രകാരം അദ്ദേഹം റോമിൽ പോയി വി. പത്രോസിന്റെ ബസിലിക്കയിൽ വച്ച് 1055 ഏപ്രിൽ 13 -ന് മാർപാപ്പ ആയി തിരഞ്ഞെടുക്കപ്പെടുകയും വിക്ടർ രണ്ടാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്യുന്നു.

എ.ഡി. 1055 -ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ വച്ച് ചക്രവർത്തിയുടെ സാന്നിധ്യത്തിൽ ഒരു കൗൺസിൽ കൂടുകയും വി. ഗ്രിഗറി ഒൻപതാമൻ മാർപാപ്പയുടെ എല്ലാ നയങ്ങളും പിന്തുടരുന്നതിന് തീരുമാനിക്കുകയും ചെയ്തു. ചക്രവർത്തിയുടെ മരണസമയത്ത് അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്ന വിക്ടർ മാർപാപ്പയോട് തന്റെ അഞ്ചു വയസ്സുള്ള മകനെ അടുത്ത ഭരണാധികാരിയായി വാഴിക്കണമെന്ന് ഹെൻറി മൂന്നാമൻ ആവശ്യപ്പെടുന്നു. ആഹൻ കത്തീഡ്രലിൽ വച്ച് അദ്ദേഹത്തെ ഹെൻറി നാലാമൻ എന്ന പേരിൽ ചക്രവർത്തിയായും അദ്ദേഹത്തിന്റെ അമ്മയെ, മകൻ പ്രായമാകുന്നതു വരെ രാജപ്രതിനിധിയായും മാർപാപ്പ വാഴിക്കുന്നു. പിന്നീട് ഇറ്റലിയിലെ അറേസ്സോയിൽ അജപാലന സന്ദർശനത്തിലായിരുന്ന സമയത്ത് വിക്റ്റർ മാർപാപ്പ പനി ബാധിച്ചു മരിക്കുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ജർമ്മനിയിലെ അയ്ഹ്സ്റ്റേറ്റിൽ കൊണ്ടുപോയി മാർപാപ്പയെ സംസ്കരിക്കാൻ തയ്യാറെടുക്കുമ്പോൾ റെവെന്നായിലെ ജനങ്ങൾ ബലമായി മൃതശരീരം അവിടുത്തെ സാന്താ മരിയ റോത്തെന്തോ ദേവാലയത്തിൽ സംസ്കരിച്ചു. വിക്ടർ മാർപ്പാക്കു ശേഷം ഏതാണ്ട് ആയിരം വർഷം കഴിയുമ്പോൾ ബനഡിക്റ്റ് പതിനാറാമൻ മാർപാപ്പ ആകുമ്പോഴാണ് വീണ്ടും ഒരു ജർമ്മൻകാരൻ ഈ സ്ഥാനത്തേയ്ക്ക് വരുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.