പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 124 – സ്റ്റീഫൻ VII (880-931)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 929 ഫെബ്രുവരി മുതൽ 931 മാർച്ച് 15 വരെയുള്ള കാലയളവിൽ മാർപാപ്പ ആയിരുന്ന ആളാണ് സ്റ്റീഫൻ ഏഴാമൻ. റോമിൽ തെയോദെമുന്തൂസ് എന്നയാളുടെ മകനായി എ.ഡി. 880 -ലാണ് അദ്ദേഹത്തിന്റെ ജനനം. റോമിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് വൈദികനാകാനുള്ള പരിശീലനവും നടത്തിയത്. സ്റ്റീഫൻ റോമിലെ പ്രസിദ്ധ ദേവാലയമായ വി. അനസ്തേസിയായിലെ കർദ്ദിനാൾ പുരോഹിതനായിരുന്നു. (സഭയുടെ ആരംഭകാലത്ത് നിർമ്മിച്ച ഈ ദേവാലയം ഇന്ന് ഒരു മൈനർ ബസിലിക്കയാണ്. എ.ഡി. 2020 ജൂലൈ മുതൽ ഇതിന്റെ ചുമതല ഫ്രാൻസിസ് മാർപാപ്പ സീറോ-മലബാർ സഭയെ ഏല്പിച്ചിരിക്കയാണ്).

ഈ കാലഘട്ടത്തിന് “സെക്കുളും ഒബ്സ്കൂരും” (ഇരുണ്ട യുഗം) എന്ന പ്രസിദ്ധമായ പേരിന് കാരണമായിത്തീർന്ന മാറോസിയ എന്ന പേരോടു കൂടിയ റോമൻ പ്രഭുകുടുംബത്തിലെ സ്ത്രീയുടെ സ്വാധീനത്തിലായിരുന്നു ഭരണസംവിധാനങ്ങൾ മുന്നോട്ടു പോയിരുന്നത്. പ്രസിദ്ധ ഇംഗ്ളീഷ് ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺസ് മാറോസിയയേയും അവരുടെ അമ്മ തെയഡോറയെയും വിളിക്കുന്നത് “വേശ്യാസഹോദരികൾ” എന്നാണ്. പതിമൂന്നാം നൂറ്റാണ്ടിൽ ഇറങ്ങിയ “പോപ്പ് ജൊവാൻ” എന്ന കല്പിതകഥയിൽ വിവരിക്കുന്ന ‘സ്ത്രീമാർപാപ്പ’ മാറോസിയ ആണെന്നും പറയപ്പെടുന്നു. ഇവരുടെ മകനും കൊച്ചുമക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ അനേകർ പത്രോസിന്റെ പിൻഗാമികളായിത്തീർന്ന് സഭയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കി. തെയഡോറയും മകൾ മാറോസിയയും നടത്തിയത് “അശ്ലീലഭരണം” (pornocracy) ആയിരുന്നുവെന്ന് പറയുന്ന ചരിത്രകാരന്മാരുമുണ്ട്. ചരിത്രകാരനും ഇക്കാലഘട്ടത്തിൽ വടക്കൻ ഇറ്റലിയിലെ ബിഷപ്പുമായിരുന്ന ക്രമോണയിലെ ലിയുത്പ്രാൻഡ് ഇവരെക്കുറിച്ച് എഴുതിയിരിക്കുന്നത് “റോമിലെ ജനങ്ങളുടെമേൽ പുരുഷനെപ്പോലെ അധികാരം പ്രയോഗിച്ച നാണമില്ലാത്ത വേശ്യ” എന്നാണ്.

തന്റെ മകൻ ജോൺ പ്രായപൂർത്തിയായി മാർപാപ്പ സ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപായി ഒരു താൽക്കാലിക മാർപാപ്പ എന്ന നിലയിൽ തിയഡോറയുടെ സ്വാധീനത്തിൽ ഈ സ്ഥാനത്തേക്കു വന്നയാളാണ് സ്റ്റീഫൻ ഏഴാമൻ. അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തെക്കുറിച്ച് കാര്യമായ ചരിത്രവിവരണങ്ങൾ നമുക്ക് ലഭ്യമല്ല. ഇറ്റലിയിലും ഫ്രാൻസിലുമുള്ള ചില ആശ്രമങ്ങൾക്ക് ചില ആനുകൂല്യങ്ങൾ അദ്ദേഹം അനുവദിച്ചു നൽകിയതായി പറയപ്പെടുന്നു. ആർലസിലെ ഹ്യു എന്ന ഭരണാധികാരിയിൽ നിന്നുള്ള ഭീഷണികളെ നേരിടുന്നതിന് സഹായിച്ച കാന്തേ ദി ഗബ്രിയെല്ലി എന്ന പ്രഭുവിനെ ഗിബ്ബോയിലെ ഗവർണ്ണറായി സ്റ്റീഫൻ നിയമിക്കുന്നു. വൈദികരുടെ അച്ചടക്കം വർദ്ധിപ്പിക്കുന്നതിനായി ചില നിയമങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. വി. പത്രോസിന്റെ ബസിലിക്കയിലാണ് സ്റ്റീഫൻ മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.