പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 12 – വി. സോത്തർ (119-174)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 167 മുതൽ 174 വരെ സഭയെ നയിച്ച മാർപാപ്പയാണ് വി. സോത്തർ. ഇറ്റലിയിലെ ലാസിയോ പ്രദേശത്തുള്ള കംപാനിയ എന്ന സ്ഥലത്ത് ഗ്രീക്ക് വംശജരുടെ മകനായി 119-ൽ സോത്തർ ജനിച്ചു. “സൊത്തീരിയോസ്” (Σωτήριος) എന്ന ഗ്രീക്ക് വാക്കിന്റെ അർത്ഥം “രക്ഷകൻ” എന്നാണ്. മാർപാപ്പയായി തിരഞ്ഞെടുക്കുമ്പോൾ പുതിയ നാമം സ്വീകരിക്കുന്ന പാരമ്പര്യം അന്ന് നിലവിലില്ലാതിരുന്നതിനാൽ ഇതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ മാമ്മോദീസ പേര് എന്ന് കരുതുന്നു. വി. സോത്തറിന്റെ ജീവിതത്തെക്കുറിച്ച് ചരിത്രപരമായ വിരളമായ വിവരങ്ങളേ നമുക്ക് ലഭ്യമായിട്ടുള്ളൂ. ക്രൈസ്തവ വിവാഹം പുരോഹിതന്മാർ ആശീർവദിച്ചെങ്കിൽ മാത്രമേ ഒരു കൂദാശയായി കണക്കാക്കാൻ സാധിക്കൂ എന്ന കല്പന അദ്ദേഹം പുറപ്പെടുവിച്ചു. അതുപോലെ കാലങ്ങളായി തുടർന്നുവന്ന ഈസ്റ്റർ സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും ഇദ്ദേഹം പരിശ്രമിച്ചു. എല്ലാ ഞായറാഴ്‌ചയും ഈസ്റ്റർ പോലെ ആഘോഷിക്കേണ്ടതാകയാൽ പ്രത്യേക ഒരു ഈസ്റ്റർ ആഘോഷം പല സ്ഥലങ്ങളിലും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ ഈസ്റ്റർ എല്ലാ വർഷവും ഒരേ ദിവസം എല്ലായിടത്തും വിശ്വാസികൾ ആഘോഷിക്കേണ്ടതാണെന്ന തീരുമാനമെടുത്തത് സോത്തർ മാർപാപ്പയാണ്.

ഏഷ്യ മൈനർ പ്രദേശത്ത് ആരംഭിച്ച മോന്തേനിസ് പാഷണ്ഡത റോമിലും ഗൗൾ പ്രദേശങ്ങളിലും ഈ കാലയളവിൽ ശക്തി പ്രാപിച്ചു. ഇന്നത്തെ പെന്തക്കോസ് സഭാ ചിന്താഗതിക്ക് സമാനായ പഠനങ്ങളായിരുന്നു അവരുടേത്. പരിശുദ്ധാത്മ വരങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്ത് വ്യക്തിഗത പ്രവചനങ്ങൾ നടത്തുന്ന ഒരു വിഭാഗമായിരുന്നു ഇത്. മൊന്തേനുസ് എന്ന സന്യാസി നടത്തിയ ചില പ്രബോധനങ്ങളിൽ നിന്നും ഉരുവായതിനാലാണ് ഇത് മോന്തേനിസം എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ഈ വേദവിപരീത ചിന്താഗതികളെ എതിർത്തുകൊണ്ട് സോത്തർ മാർപാപ്പ ഒരു ഗ്രന്ഥം രചിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്.

സോത്തർ മാർപാപ്പ ധാരാളം കാരുണ്യപ്രവർത്തികൾ നടത്തിയ വ്യക്തിയായിരുന്നു. ഇതിനെക്കുറിച്ച് പിന്നീട് വന്ന പല മാർപാപ്പമാരും തങ്ങളുടെ എഴുത്തുകളിൽ പരാമർശിക്കുന്നുണ്ട്. പീഡനമനുഭവിക്കുന്ന തന്റെ സഭയിലെ വിശ്വാസികൾക്കു വേണ്ടി സംസാരിക്കുന്നതിനും അവരുടെ അവകാശങ്ങൾ സ്ഥാപിച്ചുകിട്ടുന്നതിനും അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു. കോറിന്തോസിലെ ഡയനീഷ്യസ് മെത്രാന് ഇദ്ദേഹം എഴുതിയ കത്തിന്റെ പ്രതികൾ സഭാചരിത്രകാരനായിരുന്ന എവുസേബിയസിന് ലഭ്യമായിരുന്നു. ഈ കത്തിൽ നിന്നും വളരെയധികം കരുണയുള്ള വ്യക്തിയായിരുന്നു വി. സോത്തർ എന്ന് വി. എവുസേബിയസ് പറയുന്നു. റോമിൽ വച്ച് തന്റെ മുൻഗാമികളായ മാർപാപ്പമാരെപ്പോലെ ക്രിസ്തീയവിശ്വാസത്തെപ്രതി രക്തസാക്ഷിത്വ മകുടം വരിച്ച മാർപാപ്പയായിരുന്നു വി. സൊത്തറും. ഏപ്രിൽ 22-ന് സഭ അദ്ദേഹത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.