ആഫ്രിക്കന്‍ ജനതയ്ക്കിടയില്‍ ക്രിസ്തുവിനെ നല്‍കാന്‍ 12000 കിലോമീറ്ററുകൾ താണ്ടിയ വൈദികന്‍ 

    ക്രിസ്തുവിന്റെ സ്നേഹത്താല്‍ നിര്‍ബന്ധിതമായി അതിര്‍ത്തികള്‍ കടന്ന് സുവിശേഷ വേലയ്ക്കായി എത്തുന്നവരാണ് മിഷനറിമാര്‍. ക്രിസ്തുവിനായി എല്ലാം ത്യജിച്ച് സഹനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായവര്‍. അവര്‍ക്ക് മുന്നില്‍ ദൂരമോ ഏറ്റെടുക്കേണ്ടി വരുന്ന സഹനങ്ങളോ ഒന്നും ഒരു തടസമാകാറില്ല എന്നതാണ് വാസ്തവം.

    ക്രിസ്തുവിന്റെ സ്നേഹത്താല്‍ ജ്വലിച്ച് ആഫ്രിക്കയുടെ വിവിധ മേഖലകളിലേയ്ക്ക്  മിഷന്‍ പ്രവര്‍ത്തനത്തിനായി എത്തിയ ഒരു വൈദികന്‍. ക്രിസ്തുവിനെ പങ്കുവെച്ചു നല്‍കുവാനുള്ള തീക്ഷണതയാല്‍ അദ്ദേഹം പിന്നിട്ടത്  12000 കിലോമീറ്ററുകൾ. ഫാ. ജോൺ ഫേ തൂ ഗിനിയ ബിസാവു എന്ന വൈദികന്റെ ജീവിതത്തിലൂടെ ഒന്ന് കടന്നു പോകാം.

    വൈദികനാകുവാന്‍ ആഗ്രഹിച്ച ബാല്യം 

    1976 ല്‍ മൈ നി കോണ്‍ എന്ന സ്ഥലത്താണ് ഫാ. ജോൺ ജനിക്കുന്നത്. ആഴമായ വിശ്വാസം ഉള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ തന്നെ ഒരു വൈദികനാകണം എന്ന ആഗ്രഹം അദ്ദേഹത്തില്‍ ചെറുപ്പത്തിലേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഒരു രൂപതാ വൈദികന്‍ ആകണം എന്ന് മാത്രമാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. മിഷന്‍ മേഖലയെക്കുറിച്ച് അന്ന് കേട്ടുകേള്‍വി പോലും ഉണ്ടായിരുന്നില്ല. അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായി  മ്യാൻമാറിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വൈദികര്‍ എത്തുന്നത്.

    അവരുമായി ഉള്ള സൗഹൃദത്തില്‍ നിന്നുകൊണ്ട് അദ്ദേഹവും അവര്‍ക്ക് ഒപ്പം കൂടി. അവരുടെ മിഷന്‍ പ്രവര്‍ത്തികള്‍ കാണുവാനും സഹായിക്കാനും ആയി ആ വൈദികര്‍ക്കൊപ്പം കൂടിയപ്പോള്‍ എന്താണ് യഥാര്‍ത്ഥ മിഷനറി പ്രവര്‍ത്തനം എന്നതിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുകയായിരുന്നു താന്‍ എന്ന് ഫാ. ജോൺ വെളിപ്പെടുത്തി. അവരുടെ ജീവിതം അദ്ദേഹത്തെ വളരെയേറെ സ്വാധീനിച്ചു. തിരികെ അദ്ദേഹം തന്റെ വീട്ടില്‍ എത്തി. രൂപതാധ്യക്ഷനോട് മിഷനില്‍ പോകുവാന്‍ ഉള്ള താല്പര്യം അറിയിച്ചു.

    ധീരതയോടെ ക്രിസ്തുവിനായി ഇറങ്ങുന്നു 

    രൂപതാധ്യക്ഷനോട് കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു” നിസാന്‍ വൈദികര്‍ക്കു ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. അറിയാത്ത നാടുകള്‍, ആളുകള്‍, അവരുടെ ഇടയിലെ അപകടം പിടിച്ച പ്രവര്‍ത്തനങ്ങള്‍ അങ്ങനെ പലതും ഉണ്ട്.” പിതാവിന്റെ ആ അഭിപ്രായം അദ്ദേഹത്തെ കൂടുതല്‍ ആവേശം പിടിപ്പിക്കുകയാണ്‌ ഉണ്ടായത്. അങ്ങനെ പിതാവില്‍ നിന്ന് സമ്മതം വാങ്ങി ജോൺ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സെമിനാരിയിൽ ചേര്‍ന്നു.

    രണ്ടുവർഷം റോമിലും രണ്ടുവർഷം മ്യാൻമറിലും ആയിരുന്നു പഠനം. വൈദികപട്ടം സ്വീകരിച്ചശേഷം ഏത് പ്രദേശത്തേക്ക് വേണമെങ്കിലും മിഷ്ണറിയായി പോകാൻ ജോൺ സന്നദ്ധനായിരുന്നു. മിഷ്ണറി പ്രദേശത്തേക്ക് പോകുന്നതിന്റെ ആനന്ദം ഭയത്തേക്കാൾ വലുതായിരുന്നു. ശരിക്കും ദൈവസ്നേഹം തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. അറിയാത്ത നാടുകളില്‍ ക്രിസ്തുവാകുന്ന നിത്യ സ്നേഹത്തെ പകര്‍ന്നു നല്‍കുന്നതിനുള്ള ആഗ്രഹം ഹൃദയത്തില്‍ ജ്വലിക്കുന്ന ഒരു അവസ്ഥ. അത്രയും ഒരു തീക്ഷണതയിലൂടെയാണ് താന്‍ കടന്നു പോയത് എന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

    ഗിനിയ ബിസാവുലേയ്ക്ക്

    ആ ഒരു തീക്ഷണതയില്‍ നിന്ന അദ്ദേഹത്തെ മിഷന്‍ പ്രവര്‍ത്തനത്തിനായി അയച്ചത് പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയ ബിസാവുവിലേയ്ക്കാണ്. ദൈവത്തെ കുറിച്ചു പങ്കുവയ്ക്കുവാന്‍ 12000 കിലോ മീറ്ററുകള്‍ താണ്ടിയുള്ള യാത്ര. എന്നാല്‍ തുടക്കത്തില്‍ കാര്യങ്ങള്‍ അത്ര എളുപ്പം ആയിരുന്നില്ല. കത്തോലിക്കര്‍ അധികം ഇല്ലാത്ത സ്ഥലം. ഭൂരിഭാഗം പേരും പ്രകൃതിശക്തികളെയാണ് ആരാധിക്കുന്നത്. കൂടാതെ വെളുത്ത വർഗ്ഗക്കാരെ മാത്രമാണ് ഇവര്‍ വൈദികരായി അംഗീകരിച്ചിരുന്നത്. വളരെയേറെ പ്രത്യേകതകള്‍ നിറഞ്ഞ സമൂഹം. അവര്‍ക്കിടയില്‍ ഒരു സൗഹൃദം സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹം നന്നേ പാടുപെട്ടു.

    എങ്കിലും അധികം വൈകാതെ അവരില്‍ ഒരാളെപ്പോലെ ആയി മാറി അദ്ദേഹവും. അവര്‍ക്ക് സത്യ ദൈവത്തെക്കുറിച്ച് അറിവ് നല്‍കി. സഭയുടെ പ്രബോധനങ്ങളും മറ്റും പഠിപ്പിച്ചു. അങ്ങനെ അവര്‍ക്ക് ക്രിസ്തു മതത്തെ കുറിച്ച് ആഴമായ അറിവ് നല്‍കി. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന ഫലമായി പത്തു യുവജനങ്ങള്‍ മാമ്മോദീസ സ്വീകരിച്ചു. ഏകദേശം ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന പരിശീലനത്തിന് ഒടുവിലാണ് അവര്‍ മാമ്മോദീസ സ്വീകരിക്കുന്നത്.

    ഇവിടം കൊണ്ടും തീരുന്നില്ല, മിഷനറി പ്രവര്‍ത്തനങ്ങള്‍. ഇനിയും ധാരാളം ചെയ്യാനുണ്ട്. ഒപ്പം പ്രതിസന്ധികളും ഏറെ. അവയ്ക്കിടയിലും   കര്‍ത്താവിന്റെ വചനം അനേകര്‍ക്ക് പകര്‍ന്നു നല്‍കി സത്യ ദൈവത്തെ പ്രഘോഷിക്കുകയാണ് ഈ നാല്‍പ്പത്തിമൂന്നുകാരന്‍.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.