ആത്മീയതയുടെ പ്രശാന്ത സാഗരം- ഫാ. പ്രശാന്ത് ഐ എം എസ്

ദൈവവചനം, സോഷ്യൽ മീഡിയയിലൂടെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന പുന്നപ്ര, ഐ എം എസ് – ലെ ബഹുമാനപ്പെട്ട പ്രശാന്തച്ചന്‍ ലൈഫ് ഡേ – യോട് സംസാരിക്കുന്നു.  

മരിയ ജോസ്

പുന്നപ്ര, ഐ എം എസ് അമ്മയുടെ നടയിൽ പ്രാർത്ഥിച്ചതിനു ശേഷം ഞങ്ങൾ വാതിലിൽ സെക്യൂരിറ്റിയോട് അന്വേഷിച്ചു. “പ്രശാന്തച്ചൻ?” നടയുടെ പിന്നിലാണ് അച്ചന്റെ മുറി. അവിടെ അച്ചൻ ഉണ്ടാവും. ചെന്നോളൂ.  ഞങ്ങൾ നടന്നു. നടത്തം അവസാനിച്ചത് ഫാ. പ്രശാന്ത് ഐ എം എസ്  എന്ന ബോർഡ് സ്ഥാപിച്ച മുറിയുടെ മുന്നിൽ. ആളുകൾ കയറുന്നു. അച്ചൻ പ്രാർത്ഥിക്കുന്നു. അവിടെ വരുന്നവരെ നിയന്ത്രിക്കാനോ ക്യുവിൽ നിർത്താനോ ആരും ഇല്ല. പ്രാർത്ഥന ചോദിച്ചെത്തുന്നവരുടെ മുൻപിൽ ഏതു സമയവും തുറന്നു കിടക്കും ഈ മുറിയുടെ വാതിൽ. അനുവാദം ചോദിച്ചു അകത്തു കടന്നപ്പോൾ ചിരിക്കുന്ന ഒരു മുഖവുമായി അച്ചൻ സ്വാഗതം ചെയ്തു.

പേര് അന്വർത്ഥമാക്കുന്ന പ്രകൃതം. ഇത് പ്രശാന്തച്ചൻ. അദ്ദേഹത്തെ അറിയാത്തവർ വിരളമായിരിക്കും. ഒരു കാലഘട്ടത്തിന്റെ അഭിഷേകമായി മാറിയ പുരോഹിതൻ. മരിയ ഭക്തിയിൽ കേരളത്തെ ഉറപ്പിച്ച, കരിസ്മാറ്റിക്ക് ആധ്യാത്മികതയിലൂടെ കേരളത്തിലെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിനു ആഴമായ അടിത്തറ പാകിയ ഐ എം എസ് ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ.

ചെറിയൊരു കുശലാന്വേഷണത്തിനു ശേഷം അച്ചൻ ചോദിച്ചു.” എന്റടുത്ത് ധാരാളം ആളുകൾ പ്രാർത്ഥിക്കുവാൻ വരും. അതൊരു തടസ്സമാകുമോ?” ഇല്ല എന്ന മറുപടി കിട്ടിയതോടെ അച്ചൻ തന്റെ ജീവിതത്തെക്കുറിച്ചു ലൈഫ് ഡേയോട് സംസാരിച്ചു തുടങ്ങി.

കുടുംബത്തിൽ നിന്ന് ലഭിച്ച പ്രാർത്ഥനാനുഭവം 

പള്ളിത്തോട്‌ എന്ന കൊച്ചു ഗ്രാമത്തിലെ റെയ്നോൾഡ്- എർണ്ണമ്മ ദമ്പതികളുടെ പത്ത് മക്കളിൽ രണ്ടാമത്തെ ആളായി പ്രശാന്തച്ചൻ ജനിച്ചു. തങ്ങളുടെ ആദ്യത്തെ കുഞ്ഞു ആണായിരിക്കണം എന്നതായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. എങ്കിലും ദൈവം രണ്ടാമത്തെ കുഞ്ഞിനെയാണ് ആൺകുഞ്ഞായി നൽകിയത്. ആ കുഞ്ഞിന് അവർ ഉണ്ണി എന്ന് പേരിട്ടു. മാമ്മോദീസ വേളയിൽ ഉണ്ണിക്ക് അവർ ‘പ്ലാസിഡ്’ എന്ന പേരാണ്  നൽകിയത്.  മതപരമായ അനുഷ്ടാനങ്ങളിലും പ്രാർത്ഥനയിലും താല്പര്യപ്പൂർവം നിലകൊണ്ട ഉണ്ണിയിൽ ദൈവത്തോടും  ദേവാലയത്തോടും അടുപ്പം ജനിക്കുക എന്നത് വലിയ അത്ഭുതമൊന്നും ആയിരുന്നില്ല. അതിരാവിലെ എഴുന്നേറ്റുള്ള ജപമാലയും കുടുംബം ഒന്നിച്ചു അനുദിന ബലിയിൽ സംബന്ധിച്ചിരുന്നതും ഉണ്ണിയിലെ ആത്മീയ ജീവിതത്തിനു അടിത്തറ പാകിയിരുന്നു. ജപമാല ഭക്തിയും ആപത്തുകളിൽ മാതാവിനോട് മാധ്യസ്ഥം തേടിയുള്ള പ്രാർത്ഥനയും ബാലനായ ഉണ്ണിയിൽ മാതാവിനോടുള്ള ഭക്തി ആഴത്തിൽ പതിയുന്നതിനു കാരണമായി.

ദൈവം പരിപാലിച്ചുയർത്തിയ ഉണ്ണി 

ഒരു ആൺകുഞ്ഞിനായുള്ള തുടര്‍ച്ചയായ പ്രാർത്ഥനയ്‌ക്കൊടുവിലാണ് ഉണ്ണി ജനിക്കുന്നത്. ഉണ്ണിയുടെ ബാല്യത്തിൽ നടന്ന ഒരു സംഭവം ദൈവത്തിന്റെ പ്രത്യേക കരുതൽ ആ ബാലന്റെ മേൽ ഉണ്ടെന്നു മാതാപിതാക്കൾക്ക് വ്യക്തമാക്കി കൊടുത്തു. ഉണ്ണിക്ക് മൂന്നു വയസ് പ്രായം. കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ നിലയില്ലാക്കയത്തിലേയ്ക്ക് ഉണ്ണി വഴുതി വീണു. ഉണ്ണി കളിക്കുകയാകും എന്ന് കരുതിയ കൂട്ടുകാർ അമ്മയെ വിളിച്ചുകൊണ്ട് വന്നു. എങ്കിലും ഉണ്ണിയുടെ അനക്കമില്ലാത്ത ശരീരമാണ് അമ്മയ്ക്കു ലഭിച്ചത്. ശരീരം മുഴുവൻ നീലനിറമായി. അക്കാലത്ത് വെള്ളത്തിൽ വീണവർക്ക് നൽകുന്ന പ്രാഥമിക  ശുശ്രൂഷാരീതികളൊന്നും ഫലം ചെയ്തില്ല. ഉണ്ണി മരിച്ചു എന്ന് നാട്ടുകാർ വിധിയെഴുതി. അമ്മ തളർന്നു വീണു. എന്നാൽ മനോധൈര്യം വീണ്ടെടുത്ത വല്യമ്മ ഉണ്ണിയെ തിരുഹൃദയ രൂപത്തിന്റെ മുന്നിൽ കിടത്തി പ്രാർത്ഥന തുടങ്ങി. ഒപ്പം ശരീരം ചൂടുപിടിപ്പിച്ചു.

ഏകദേശം മൂന്നു മണിക്കൂറോളം പ്രാർത്ഥനയും ചൂടുപിടിപ്പിക്കലും തുടർന്നു. കുട്ടി ശ്വാസമെടുത്തു തുടങ്ങി. ഉടൻ തന്നെ ഡോക്ടർ എത്തുകയും മരുന്ന് നൽകുകയും ചെയ്തു . അങ്ങനെ ഉണ്ണി അത്ഭുതകരമായ ദൈവവപരിപാലനയിൽ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തി.

പൗരോഹിത്യത്തിന്റെ വിത്തുകൾ പാകുന്നു

മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അൾത്താരബാലസഖ്യത്തിൽ ചേർന്ന് പ്രവർത്തനം ആരംഭിച്ചു. സ്കൂളിൽ പോയി വന്നാലുടൻ ചെത്തിപൂവ് ശേഖരിച്ചു മാലയുണ്ടാക്കി വയ്ക്കും. അടുത്ത ദിവസം രാവിലെ ആ മാലയുമായി പള്ളിയിലെത്തുന്ന ഉണ്ണിക്ക് അന്നത്തെ വികാരിയച്ചൻ സ്നേഹപൂർവ്വം ഒരു പേര് നൽകി. എന്താന്നോ? ‘സന്യാസി’. എന്നാൽ ആ പേര് പിന്നീട് അദ്ദേഹത്തിൽ അന്വർത്ഥമാവുന്നതാണ് കാണാൻ സാധിച്ചത്.

നന്നേ ചെറുപ്പം മുതൽ പള്ളിയുമായി അടുത്ത ജീവിതം നയിച്ച ഉണ്ണിയുടെ ജീവിതത്തിൽ പൗരോഹിത്യത്തിലേക്കുള്ള ചായ്‌വുകൾ സൃഷ്ഠിക്കുന്നത് ആൻട്രൂസ് തെക്കേവീടൻ അച്ചനിലൂടെയാണ്‌. അങ്ങനെ ഏഴാം ക്ലാസോടെ പഠനം ഭാരത് റാണി പ്രേഷിത ഭവനിലായി. ഐ എം എസിന്റെ കീഴിൽ വൈദികരാകുവാൻ താല്പര്യം ഉള്ള കുട്ടികളെ പഠിപ്പിക്കുന്ന സ്ഥലമായിരുന്നു ഇത്. ഇന്ന് ഐ എം എസ് ധ്യാനകേന്ദ്രം നിൽക്കുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നിലനിന്നിരുന്നത്. അങ്ങനെ പത്താം ക്ലാസ് പഠനം പൂർത്തിയാക്കി  പ്ലാസിഡ്, ഇന്ത്യൻ മിഷനറി സൊസൈറ്റിയുടെ കീഴിൽ  വൈദിക പരിശീലനത്തിനായി ഉത്തർപ്രദേശിലെ വരണാസിയിലേയ്ക്ക് പോയി. 1981 ഡിസംബർ 28 നു അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചു.

കരിസ്മാറ്റിക് ആത്മീയതയിലേക്ക് 

“ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍” എന്നത് ലിയൊ 13 – മന്‍ മാര്‍പ്പാപ്പ യുടെ വാക്യമാണ്. അത് തന്നെയാണ് ഇന്ത്യൻ മിഷ്ണറി സൊസൈറ്റിയുടെ ആപ്തവാക്യം. ആ മഹത് വാക്യം പ്രശാന്തച്ചനിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ദൈവജനത്തിന്റെ ഇടയിൽ ശുശ്രൂഷ ചെയ്യാനുള്ള തീവ്രമായ ആഗ്രഹം സെമിനാരി പഠന കാലത്ത്  അച്ചനിൽ രൂപം കൊണ്ടിരുന്നു. റാഞ്ചിയിലെ സെന്റ് ആൽബർട്ട്സ് കോളേജിൽ തിയോളജി പഠിച്ചുകൊണ്ടിരുന്ന സമയം. കോളേജിൽ അക്കാലത്തെ പ്രശസ്തനായ വചന പ്രഘോഷകൻ ഫാ. റുഫൂസ് പെരേര എത്തി. അദ്ദേഹത്തിൻറെ വചന പ്രഘോഷണം കരിസ്മാറ്റിക് ആധ്യാത്മികതയിലേയ്ക്ക് അദ്ദേഹത്തെ നയിക്കുവാൻ കാരണമായി.

സെമിനാരി പഠന കാലത്തു തന്നെ പ്രശാന്തച്ചൻ റാഞ്ചിയിലെ വിവിധ ഇടവകകളിൽ കരിസ്മാറ്റിക് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിനു നേതൃത്വം നൽകുകയും ചെയ്തിരുന്നു. പട്ടം കിട്ടിയതിനു ശേഷം അദ്ദേഹത്തെ മണിപ്പൂരിലെ സിങ്ങാത്ത് മിഷൻ മേഖലയിലെ  നോൺ- നാഗ ആദിവാസി സമൂഹത്തിന്റെ ഇടയിൽ സേവനം ചെയ്യുന്നതിനായി നിയോഗിച്ചു.

ഐ എം എസിലേക്ക് 

ഇപ്പോഴത്തെ പുന്നപ്ര  ഐ എം എസ് ധ്യാനകേന്ദ്രം നേരത്തെ അറിയപ്പെട്ടിരുന്നത്  ഭാരത് റാണി പ്രേഷിത ഭവന്‍ എന്നായിരുന്നു. 1985 മുതൽ ഭാരത് റാണി പ്രേഷിത ഭവനിൽ കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഫാ. വിനയാനന്ദ് എന്ന വൈദികനായിരുന്നു അന്ന് കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിച്ചത്. കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് വരെ ഇവിടം ഐ എം എസ് സമൂഹത്തിന്റെ മൈനർ സെമിനാരിയായിരുന്നു. അതിനു മുൻപ് അപ്പസ്തോലിക് സ്‌കൂളും.

അങ്ങനെ കരിസ്മാറ്റിക് പ്രവർത്തനങ്ങൾ ആരംഭിക്കുന്ന സമയത്ത്, 1989 ജൂൺ 13 – ന് അന്തൊനീസ് പുണ്യവാളന്റെ തിരുനാള്‍ ദിനത്തില്‍ ആണ് പ്രശാന്തച്ചൻ പുന്നപ്ര  ഐ എം എസ് ധ്യാനകേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. കരിസ്മാറ്റിക് പ്രവർത്തനങ്ങൾ തുടങ്ങി വരുന്ന സമയം. അന്നും ഐ എം എസിൽ മാതാവിന്റെ ഒരു തിരു സ്വരൂപം ഉണ്ടായിരുന്നു. പ്രദേശവാസികളായ ധാരാളം ആളുകൾ മാതാവിന്റെ മുൻപിൽ വന്നു നിന്ന് പ്രാർത്ഥിച്ചു കടന്നു പോകുന്നത് അദ്ദേഹം അത്ഭുതത്തോടെ നോക്കി നിന്നു. ആ മാതാവിനോടുള്ള ആളുകളുടെ ഭക്തി അദ്ദേഹത്തെ ആകർഷിച്ചു. മരിയഭക്തനായ അദ്ദേഹത്തിൽ ആ അമ്മയോടുള്ള ഭക്തി പ്രചരിപ്പിക്കണം എന്ന ആഗ്രഹം തീവ്രമായി. അതിനായി ധാരാളം പ്രവർത്തനങ്ങൾ കേരളത്തിലുടനീളം ചെയ്തു. വലിയ കണ്‍വന്‍ഷനുകളും ധ്യാനങ്ങളും ആരാധനകളും നടത്തി. അങ്ങനെ ഐ എം എസ് മാതാവിന്റെ സന്നിധിലേയ്ക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ എത്തി. ധാരാളം ആളുകൾ ഇവിടെ വന്നു പ്രാർത്ഥിച്ചു അനുഗ്രഹങ്ങളുമായി കടന്നുപോയി. അങ്ങനെ ഇവിടുത്തെ മാതാവ് ഐ എം എസ് അമ്മ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

മാതാവിലൂടെ ഈശോയിലേയ്ക്ക് 

‘ഭാരതമേ നിന്റെ രക്ഷ നിന്റെ സന്താനങ്ങളിൽ’ എന്ന ഐ എം എസ് സമൂഹത്തിന്റെ ആപ്തവാക്യം നെഞ്ചേറ്റി പ്രേഷിത മേഖലയിലേയ്ക്ക് ഇറങ്ങിയ പ്രശാന്തച്ചൻ തന്റെ ആധ്യാത്മിക ജീവിതത്തിൽ സ്വീകരിച്ച മാർഗം ഇതാണ് – ‘മാതാവിലൂടെ ഈശോയിലേയ്ക്ക്.’ മാതാവിനോടുള്ള തന്റെ ഭക്തിയിൽ അടിയുറച്ചു വിശ്വസിക്കുന്ന അദ്ദേഹത്തിനു ‘അമ്മ’ തന്റെ തിരുക്കുമാരനു മുന്നിൽ നമുക്കായി മാധ്യസ്ഥം വഹിക്കും എന്ന് ഉറപ്പായിരുന്നു. തന്റെ പ്രവൃത്തികൾക്കെല്ലാം മുൻപേ നടക്കുന്ന മാതാവിനെ, അതിലൂടെ ഈശോയുടെ അനന്ത കാരുണ്യത്തെ അദ്ദേഹം നിരന്തരം സ്മരിക്കുന്നു.

അദ്ദേഹത്തിൻറെ ഈയൊരു വിശ്വാസത്തിന്റെ പ്രതിഫലനം ഐ എം എസ് ധ്യാനഭവന്റെ നിർമ്മാണ രീതിയിലും കാണുവാൻ കഴിയും. വിശ്വാസികൾ ധ്യാനഭവനിലേയ്ക്ക് പ്രവേശിക്കുമ്പോൾ ആദ്യം എത്തുന്നത് മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന നടയിലേക്കാണ്. മാതാവിന്റെ നടയിൽ നിന്നുള്ള യാത്ര അവസാനിക്കുന്നത് നിത്യാരാധന ചാപ്പലിലും. ഇനി മറ്റൊരു പ്രത്യേകത ഐ എം എസിലെ മാതാവിന്റെ നടയ്ക്കുണ്ട്. അടുത്ത മാസം മാതാവിന്റെ ഈ അള്‍ത്താര ‘ജപമാലസഖ്യ അൾത്താര’യായി പ്രഖ്യാപിക്കും. അതായത് ഇവിടെ വന്നു ജപമാല പ്രാർത്ഥന ചൊല്ലുന്ന വിശ്വാസികൾക്ക് സഭ പൂർണ്ണ ദണ്ഡവിമോചനം പ്രഖ്യാപിക്കും. ഇത് കൂടാതെ ഐ എം എസിന്റെ കീഴിലുള്ള ജപമാല സഖ്യ  ഗ്രൂപ്പുകളിൽ അംഗങ്ങളായിക്കൊണ്ട് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർക്കും പൂർണ്ണ ദണ്ഡവിമോചനം ലഭിക്കും.

 അശരണരുടെ ആശ്രയം 

വേദനയോടും കണ്ണീരോടും കൂടെ എത്തുന്നവർക്ക് വേണ്ടി ദൈവത്തിന്റെ മുന്നിൽ കൈകൾ ഉയർത്തുവാൻ സദാ സന്നദ്ധനാണ് പ്രശാന്തച്ചൻ. അദ്ദേഹത്തെ തേടി നൂറുകണക്കിന് ആളുകളും ഫോൺ വിളികളും മെസേജുകളുമാണ് ഓരോ ദിവസവും എത്തുന്നത്. അവരുടെയൊക്കെ പ്രാർത്ഥനകൾ ദൈവത്തിന്റെ മുന്നിൽ എത്തിക്കുവാൻ നിയുക്തനായ ഒരു പുണ്യ വൈദികന്റെ കർത്തവ്യമേ തനിക്കൊള്ളു എന്നു വിശ്വസിച്ചു കൊണ്ട് അവർക്കുവേണ്ടി പ്രവർത്തിക്കുകയാണ് പ്രശാന്തച്ചൻ. ഇത് കൂടാതെ കേരളത്തിൽ ആദ്യമായി തപസ് ധ്യാനം ആരംഭിച്ചതും പ്രശാന്തച്ചനാണ് – 1996 -ല്‍. അക്കാലത്ത്, 40 ദിവസം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന രീതി അച്ചന്‍ സ്വന്തം ജീവിതത്തില്‍ ആരംഭിച്ചു. പിന്നീട് ജീവിതത്തില്‍ പല പ്രതിസന്ധികളും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ അച്ചന്‍ തിരിഞ്ഞത് 40 ദിന ഉപവാസ പ്രാര്‍ത്ഥനയിലേയ്ക്കാണ്.

താൻ കടന്നുപോകുന്ന ഇടങ്ങളിലൊക്കെയുള്ള ആളുകളെ ഓർമയിൽ സൂക്ഷിച്ചുകൊണ്ട് അച്ചൻ ആളുകളുടെ ഇടയിൽ പ്രിയങ്കരനാവുകയാണ്. കാലങ്ങൾ കഴിഞ്ഞും തന്റെ അടുത്തെത്തുന്നവരെ ഓർത്തെടുക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്യുന്ന അച്ചൻ തന്റെ സരസമായ സംഭാഷണത്തിലൂടെ ആളുകളെ ദൈവത്തോട് ചേർത്തു നിർത്തുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു.

ഐ എം എസിലെ  പ്രവർത്തനങ്ങൾ 

1989 -ൽ ഐ എം എസിൽ എത്തിയ പ്രശാന്തച്ചൻ 1996 വരെ ഇതിന്റെ സുപ്പീരിയറായി സേവനം അനുഷ്ടിച്ചു. തുടർന്ന് ഇതിന്റെ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്ന അച്ചന്റെ കീഴിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഐ എം എസിന്റെ കീഴിൽ മാനസികരോഗികളായവരെ ശുശ്രൂഷിക്കുന്ന നാല്   ഇടങ്ങൾ ഉണ്ട്. മരിയ ഭവൻ, മരിയാലയം, മരിയസദൻ, മരിയധാം എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങൾ മാനസിക വൈകല്യം മൂലം സമൂഹം ഉപേക്ഷിച്ച 350 സ്ത്രീകൾക്ക് അഭയം നൽകുന്നു. ഇക്കൂട്ടത്തില്‍ തെരുവുകളില്‍ അലഞ്ഞു നടന്നവരും വീടുകളില്‍നിന്നും ഉപേക്ഷിക്കപ്പെട്ടവരും ഉണ്ട്. ഇവരെ ശ്രുശ്രൂഷിക്കുന്നത് പ്രശാന്തച്ചൻ തുടങ്ങിയ ‘ഡോട്ടേഴ്സ് ഓഫ് ഐ എം എസ് അമ്മ’ എന്ന സമര്‍പ്പിത സമൂഹമാണ്.

ആദ്യ കാലങ്ങളിൽ ഐ എം എസിൽ സമൂഹ വിവാഹങ്ങൾ നടത്തിയിരുന്നു. എന്നാൽ പിന്നീട് അത് നിർത്തുകയും പകരം നിത്യാരാധന ചാപ്പലിൽ പ്രാർത്ഥിക്കാൻ എത്തുന്ന പെൺകുട്ടികൾക്ക് അവരുടെ വിവാഹ സമയത്തു ധനസഹായം നൽകുകയും ചെയ്തു. ഇത് ഇന്നും തുടർന്ന് വരുന്നു. ജൂബിലി വര്‍ഷം, രണ്ടായിരാം  ആണ്ടില്‍ രണ്ടായിരത്തോളം ആളുകൾക്ക് ഭവനങ്ങൾ വെച്ചുകൊടുക്കാൻ അച്ചന്റെ നേതൃത്വത്തിൽ ഐ എം എസിനു കഴിഞ്ഞു. ഇത് കൂടാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മ, ഗർഭിണികളുടെ കൂട്ടായ്മ, മക്കളില്ലാത്ത ദമ്പതികളുടെ കൂട്ടായ്മ, കുട്ടികളുടെ ക്രിസ്റ്റീൻ കൂട്ടായ്മ, വിധവകളുടെ കൂട്ടായ്മ തുടങ്ങിയ വിവിധ കൂട്ടായ്മകളിലൂടെ ആവശ്യക്കാരിലേയ്ക്ക് സഹായം എത്തിക്കുവാൻ അച്ചന് കഴിയുന്നു. ഇവിടെ വിധവകളുടെ കൂട്ടായ്മ വളരെ പ്രധാനപ്പെട്ട കൂട്ടായ്മയാണ്. ഓരോ ശനിയാഴ്ചയും 300 – ഓളം വിധവകള്‍ ഇവിടെഎത്തുന്നു. അവര്‍ക്കായി രാവിലെ മുതല്‍ വൈകുന്നേരം വരെ വചന പ്രഘോഷണം, പ്രാര്‍ത്ഥന, കുര്‍ബാന, കുമ്പസാരം എന്നിവ നടത്തപ്പെടുന്നു.

എല്ലാ തിങ്കളാഴ്ചയും മൂന്നുമാസം പ്രായമായ കുട്ടികള്‍ക്കായി ഇവിടെ ചോറുട്ടല്‍ (ഐ എം എസ് അമ്മയുടെ മുന്‍പില്‍ ആദ്യ ചോറുട്ട്)  നടത്തുന്നു. മൂന്നു വയസായ കുട്ടികള്‍ക്കായി ഐ എം എസ് അമ്മയുടെ മുന്‍പില്‍ വിദ്യാരംഭം കുറിക്കലും ഇവിടെ ഉണ്ട്.

എല്ലാ ദിവസവും കൗൺസിലിംഗും ഐഎംഎസിൽ നടത്തപ്പെടുന്നു. ഐ എം എസിലെ കൗൺസിലിംഗ് കോഴ്സ് പാസായ ആളുകളാണ് ഇവിടെ കൗൺസിലർമാരായി എത്തുന്നത്. ദമ്പതീ ധ്യാനം, തപസ് ധ്യാനം, ആന്തരിക സൗഖ്യ ധ്യാനം, മരിയൻ ധ്യാനം, പരിശുദ്ധാത്മ ശക്തീകരണ ധ്യാനം, രാത്രിയാരാധന, തിങ്കളാഴ്ച ഏകദിന പരിപാടി തുടങ്ങിയ ധ്യാന പരിപാടികളും ഇവിടെ നടത്തപ്പെടുന്നു. പ്രശാന്തച്ചൻ നടത്തുന്ന ദമ്പതീ ധ്യാനത്തില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും കുട്ടികള്‍ ഇല്ലാത്ത ദമ്പതികളാണ്.

സത്യത്തില്‍ ‘ആലപ്പുഴയുടെ കുമ്പസാരക്കൂടാണ്’ ഐ എം എസ്. ധാരാളം വൈദികരും സന്യസ്തരും അല്‍മായരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെ കുമ്പസാരിക്കാനെത്തുന്നു. രണ്ട് വൈദികര്‍ എപ്പോഴും ഇവിടെ കുമ്പസാരിപ്പിക്കാന്‍ സംലഭ്യരാണ്.

ദൈവവചനം അനേകരിലേക്കെത്തിക്കാനായി സ്‌നേഹധാര, ചെങ്കോലേന്തിയ ഐഎംഎസ് അമ്മ എന്നീ പ്രസിദ്ധീകരണങ്ങളും സഹായിക്കുന്നു. ചുരുക്കത്തിൽ സഹായാഭ്യർത്ഥനയുമായി എത്തുന്നവരുടെ ജീവിതത്തിലെ  സമസ്ത മേഖലകളിലേയ്ക്കും പരിശുദ്ധ അമ്മയുടെ കൈപിടിച്ച് കടന്നു ചെല്ലുകയാണ് പ്രശാന്തച്ചൻ.

സോഷ്യൽ മീഡിയയിലേയ്ക്ക് 

പ്രശാന്തച്ചൻ കടന്നു ചെല്ലുന്ന ഇടങ്ങളിലെല്ലാം ധാരാളം ആളുകൾ നിയോഗങ്ങളുമായി അച്ചന്റെ അടുത്തെത്തി. പ്രാർത്ഥിച്ച് തിരികെ അയക്കുമ്പോൾ ദൈവം അവർക്കായി അത്ഭുതങ്ങൾ പ്രവർത്തിക്കും എന്ന ഉറച്ച വിശ്വാസമായിരുന്നു അദ്ദേഹത്തിന്.  തന്റെ അടുക്കലേക്കു വരാൻ ആഗ്രഹിക്കുകയും എന്നാൽ വരാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവര്‍ എന്ത് ചെയ്യും എന്നു അദ്ദേഹം ചിന്തിച്ചു. അതിനായി അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമാണ് ഫേസ്ബുക് പേജ്. തന്റെ ഫേസ് ബുക്ക് പേജിലൂടെ അദ്ദേഹം തന്റെ കുർബാനയിൽ സമർപ്പിക്കുന്നതിനുള്ള നിയോഗങ്ങൾ ശേഖരിക്കുന്നു. ധാരാളം ആളുകളാണ് തങ്ങളുടെ നിയോഗങ്ങൾ അച്ചനിടുന്ന ഓരോ പോസ്റ്റിനും താഴെ കുറിക്കുക. അവയെല്ലാം അച്ചൻ തന്റെ കുർബാനയിൽ ദൈവത്തിനു സമർപ്പിക്കുന്നു.

ഏകദേശം രണ്ടു വർഷം മുൻപാണ് ഫേസ് ബുക്കിലൂടെ പ്രശാന്തച്ചൻ പ്രാർത്ഥിക്കുന്നു എന്ന പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. അടുത്ത ദിവസത്തെ ബലിയിൽ അർപ്പിക്കുന്നതിനായി നിയോഗങ്ങൾ ഏറ്റുവാങ്ങുകയാണ് ഈ പോസ്റ്റിലൂടെ അച്ചൻ ചെയ്യുന്നത്. ഇതിലൂടെ ഒന്നുമാത്രമേ അച്ചൻ ആഗ്രഹിക്കുന്നുള്ളു. ലോകം മുഴുവനും ഉള്ള ആളുകളിലേക്ക്‌ വചനം എത്തണം. അവരുടെ നിയോഗങ്ങൾ കേൾക്കാൻ, ദൈവസന്നിധിയിലേയ്ക്ക് ഉയർത്തുവാൻ ഒരാളുണ്ടാവണം. അത്രതന്നെ. ഭൂരിഭാഗം ആളുകളും അതിനെ പോസിറ്റീവ് ആയി സ്വീകരിച്ചപ്പോൾ അതിനെതിരെ കമന്റുകൾ ഇട്ടു പരിഹസിച്ചവരും ഉണ്ട്. ദുർമാതൃക നൽകുക എന്നതല്ലാതെ മറ്റൊന്നും അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നില്ല എന്നാണ് ഇതിനെക്കുറിച്ച്‌ അച്ചന്റെ അഭിപ്രായം.

രാവിലെ വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്നതാണ് അച്ചന്റെ പേജിലെ പോസ്റ്റുകൾ. തുടർന്ന് വിശുദ്ധരെക്കുറിച്ചുള്ള വിവരങ്ങൾ, ബൈബിൾ വായനകൾ, ഐ എം എസ് അമ്മയുടെ ചിത്രങ്ങൾ, ഇവിടുത്തെ ശുശ്രൂഷകൾ  തുടങ്ങിയവയും നിയോഗങ്ങൾ ശേഖരിക്കുന്നതിനുള്ള പോസ്റ്റും അച്ചന്റെ പ്രസംഗഭാഗങ്ങളും ഐ എം എസ് അമ്മയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ലഭിച്ച അനുഗ്രഹങ്ങളുടെ സാക്ഷ്യങ്ങളും  പ്രത്യക്ഷപ്പെടും. കൂടാതെ പീഡിപ്പിക്കപ്പെടുന്ന സഭയെക്കുറിച്ചുള്ള വാർത്തകളും ഉൾപ്പെടുത്തുന്നു. ദൈവവചനം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയയുടെ സഹായം തേടുക മാത്രമാണ് അച്ചൻ ചെയ്യുക.

“ഇതിനിടെ ചെറിയ കമന്റുകളൊക്കെ കേള്‍ക്കുന്നുണ്ട്. ഇനി ഐ എം എസിൽ പോകാതെ ശുശ്രൂഷകളില്‍ പങ്കെടുക്കാമല്ലോ എന്ന രീതിയില്‍. ഇവരോടൊക്കെ എന്തു പറയാനാണ്.” അച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.

ഫാ. സജ്ജയ് (സുപ്പീരിയര്‍), ഫാ. പ്രസന്നരാജ്, ഫാ. ദിനേശ്, ഫാ. സുധീര്‍, ഫാ. പ്രഭുദാസ്, ഫാ. ചന്ദന്‍, ഫാ. അമല്‍ ദാസ്‌ എന്നിവരാണ് ഈ ധ്യാനകേന്ദ്രത്തിലെ മറ്റ് അംഗങ്ങള്‍.

ഇന്ന് 150 തോളം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ അച്ചന് പ്രാർത്ഥനാ  നിയോഗങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു. 284000 പേർ അച്ചന്റെ ഫേസ് ബുക്കിൽ അംഗങ്ങളാണ്. എല്ലാവരും ചോദിക്കുന്നത് ഒന്നുമാത്രം – പ്രാർത്ഥന.

ദീർഘ നേരത്തെ സംഭാഷണം  അച്ചന്റെ പ്രാർത്ഥന ചോദിച്ചുകൊണ്ട് അവസാനിപ്പിച്ചു. സംഭാഷണത്തിനിടയിലും ഒരുപാട് ആളുകൾ കടന്നു വന്നു പ്രാർത്ഥിക്കുവാനായി. ആളുകളെത്തുമ്പോൾ ഒന്ന് പ്രാർത്ഥിച്ചു വിട്ടോട്ടേ എന്ന ഭാവത്തിൽ ഒന്ന് നോക്കും. പ്രാർത്ഥനയ്ക്ക് ശേഷം വീണ്ടും തുടരും. അങ്ങനെ മണിക്കൂറുകൾ കടന്നുപോയി. ഞങ്ങൾ യാത്ര പറയുമ്പോൾ ചാറി ചാറി നിൽക്കുന്ന മഴയെ അവഗണിച്ചു ധാരാളം ആളുകൾ അവിടേയ്ക്കു എത്തിക്കൊണ്ടിരുന്നു. ആ പുണ്യ വൈദികനോട് പ്രാർത്ഥനാ സഹായം അഭ്യർഥിക്കാൻ.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.