രണ്ട് വരികളില്‍ രണ്ടായിരം വര്‍ഷങ്ങളെ ഒതുക്കിയ ഫാ. ജോയി ചെഞ്ചേരില്‍

വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തില്‍  ദേവാലയങ്ങളില്‍ ഉയരുന്ന ദിവ്യകാരുണ്യത്തിന്റെ ഒരു ഗാനമുണ്ട്. ഓസ്തിരൂപനായി സ്‌നേഹമായി അണയുന്ന ദൈവത്തോട്, ‘ഇത്ര ചെറുതാകാന്‍ എത്ര വലുതാകണമെന്ന്’ ചോദിക്കുന്ന ഗാനം. ജോയി ചെഞ്ചേരില്‍ എന്ന ദിവ്യകാരുണ്യ സഭാ വൈദികന്‍  ഒരിക്കല്‍ ഉള്ളംകയ്യില്‍ ഏറ്റുവാങ്ങിയ തിരുവോസ്തിയില്‍ നോക്കിയാണ് ഈ ഗാനത്തിന് വരികളൊരുക്കിയത്. അതിരുകളും അളവുകളുമില്ലാത്ത ദൈവത്തിന്റെ സ്‌നേഹം ഇത്രയും ചെറുതായി മനുഷ്യനിലേക്കെത്തുന്നതിനെ നാല് വാക്കുകളില്‍ ഈ വൈദികന്‍ സംഗ്രഹിക്കുന്നു. അനവധി ക്രിസ്തീയ ഭക്തിഗാനങ്ങളുമായി ദിവ്യകാരുണ്യത്തെ നെഞ്ചോട് ചേര്‍ക്കുന്ന ഫാദര്‍ ജോയി ചെഞ്ചേരിക്കാണ് ഈ വര്‍ഷത്തെ സെലെബ്രന്റ്സ് ഇന്ത്യാ അവാര്‍ഡ്‌. അവാര്‍ഡിന്റെ നിറവില്‍ അച്ചന്‍ തന്റെ സാഹിത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

എഴുത്തിനെ സ്‌നേഹിച്ച കുട്ടിക്കാലം

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ മാന്നാര്‍ എന്ന ഗ്രാമത്തിലാണ് ജോയി ചെഞ്ചേരില്‍ അച്ചന്‍ ജനിച്ചത്. ‘വേദനകളാണ് ഒരുവനെ വേദാന്തിയാക്കുന്നത്’ എന്ന ആമുഖത്തോടെയാണ് കുട്ടിക്കാലത്തെക്കുറിച്ച് ജോയി അച്ചന്‍ പറഞ്ഞുതുടങ്ങിയത്. ”വിദ്യാഭ്യാസ കാലഘട്ടം നാട്ടില്‍ തന്നെയായിരുന്നു. പത്താം ക്ലാസ്സിന് ശേഷം വൈദികജീവിതം തിരഞ്ഞെടുക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. സംഗീതത്തോടുള്ള എന്റെ ഇഷ്ടം തുടങ്ങുന്നതും ആ ഗ്രാമത്തില്‍ നിന്ന് തന്നെയാണ്. മാന്നാര്‍ എന്ന ഞങ്ങളുടെ കൊച്ചുഗ്രാമം ഉണര്‍ന്നെണീക്കുന്നത് തന്നെ അമ്പലത്തിലെയും പള്ളികളിലെയും റെക്കോര്‍ഡിംഗ്‌സ് കേട്ടുകൊണ്ടാണ്. ഒരുപക്ഷേ പ്രഭാതത്തില്‍ കേട്ടുകൊണ്ടിരുന്ന ഈ പാട്ടുകളാവാം എനിക്ക് സംഗീതത്തോട് ഇഷ്ടം തോന്നാന്‍ കാരണം. സംഗീതവുമായിട്ടൊരു ബന്ധം ഉണ്ടാകാന്‍ ഇതൊരു കാരണമായി എന്നു പറയാം.” പാട്ടിനോട്  താത്പര്യം തുടങ്ങിയ കുട്ടിക്കാലത്തെക്കുറിച്ച് അച്ചന്‍ ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ പാട്ടെഴുതുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ട് കൂടിയില്ല എന്ന് ജോയിയച്ചന്‍ പറയുന്നു. ”പക്ഷേ പാട്ടെഴുതുന്നവരെയും മ്യൂസിക് ചെയ്യുന്നവരെയും ഒക്കെ ഇഷ്ടമായിരുന്നു. നാട്ടില്‍ത്തന്നെയുള്ള ചെറിയ കലാസംഘങ്ങളിലെ ആളുകളുമായി ബന്ധമുണ്ടായിരുന്നു. അതില്‍ നിന്നാണ് എന്റെയുള്ളില്‍ സംഗീതത്തിന്റെ വിത്തുമുളച്ചത്. ഇവയൊക്കെ എന്നെ ഒരുപാട്  പ്രചോദിപ്പിച്ചിട്ടുണ്ട്. മനുഷ്യനെ നന്മയിലേക്ക് നയിക്കാന്‍ കലയ്ക്ക് സാധിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.”

പാട്ടെഴുത്തിലേക്ക്

വൈദിക പഠനകാലത്ത് നാടകങ്ങള്‍ക്ക് വേണ്ടി ജോയി അച്ചന്‍ പാട്ടെഴുതിയിരുന്നു. എന്നാല്‍ കാലടി ആശ്രമത്തില്‍ ആയിരിക്കുന്ന സമയത്താണ് ഭക്തിഗാനമെഴുതാനുളള അവസരം ജോയിയച്ചനെ തേടിയെത്തുന്നത്. ”2001-ലായിരുന്നു അത്. മാതൃവര്‍ഷമായിട്ടാണ് ആ വര്‍ഷം ആചരിച്ചിരുന്നത്. അന്ന് മാതാവിന്റെ പാട്ടുകളെല്ലാം ക്രോഡീകരിച്ച് ഒരു സിഡി ഇറക്കാന്‍ തീരുമാനിച്ചു. അന്നുവരെ എഴുതിയ പാട്ടുകളെല്ലാം  ഒരുമിച്ച് ചേര്‍ത്തപ്പോള്‍ അതില്‍  നാല് പാട്ടുകള്‍ കുറവുണ്ടായിരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ചുള്ള ആ പാട്ടിലൂടെയാണ് ഞാന്‍ ഭക്തിഗാനരംഗത്തേക്ക് എത്തുന്നത്. അമ്പിളിമാമനെയും താമരപ്പൊയ്കയെയും കൂട്ടുവിളിച്ച് ഒരമ്മ തന്റെ കുഞ്ഞിനെ താരാട്ട് പാടി ഉറക്കുന്ന രീതിയിലായിരുന്നു ഞാനതെഴുതിയത്. ഇത്തരം കാവ്യബിംബങ്ങള്‍ എഴുത്തില്‍ കൊണ്ടുവരാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ആശയങ്ങള്‍ ആവിഷ്‌കരിക്കുക എന്നതിലുപരി ദൈവാംശവും മാനവികതയും പങ്കു വയ്ക്കുന്ന വരികളായിരിക്കണം കവിതകളിലും ഭക്തിഗാനങ്ങളിലും ഉണ്ടാകേണ്ടത്.” അമ്മ എന്ന സിഡിയുടെ പിറവിയെക്കുറിച്ച് അച്ചന്‍ പറയുന്നു. ‘താരാഗണങ്ങളും താമരപ്പൊയ്കയും’ എന്ന് തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ പാട്ടായിരുന്നു ആദ്യം എഴുതിയത്. മിന്‍മിനിയാണ് അതിമനോഹരമായി ആ പാട്ട് പാടിയത്.

കാവ്യബിംബങ്ങളുടെ അതിമനോഹരമായ സാന്നിദ്ധ്യമാണ് ജോയി അച്ചന്റെ ഗാനങ്ങളെ വ്യത്യസ്തമാക്കുന്നത്. ഭാഷയോടുള്ള സ്‌നേഹമാണ് ഇതിന് പിന്നിലെന്ന് അച്ചന്‍ പറയുന്നു. ഗാനങ്ങളിലൂടെയും കവിതകളിലൂടെയുമാണ് താന്‍ ഭാഷയെ സ്‌നേഹിച്ചുതുടങ്ങിയത് എന്ന് ജോയി അച്ചന്റെ സാക്ഷ്യം. വീട്ടിലെ കുടുംബപ്രാര്‍ത്ഥനകളില്‍ പഴയ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തന്ന ചാച്ചനും അമ്മയുമാണ് തന്റെ ഭാഷാ സ്‌നേഹത്തിന്റെ ആദ്യഗുരുക്കന്‍മാര്‍ എന്ന് ജോയിയച്ചന്‍ അഭിമാനത്തോടെ പറയുന്നു. ”അവരുടെ പ്രാര്‍ത്ഥനകളിലെ ചില വാക്കുകള്‍ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലതിന്റെ അര്‍ത്ഥം തന്നെ ഞാന്‍ മനസ്സിലാക്കിയത് സെമിനാരിയില്‍ എത്തിയതിന് ശേഷമാണ്.” കുടുംബപ്രാര്‍ത്ഥനകളാണ് തന്റെ ഭാഷയുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനം എന്ന് അച്ചന്റെ വാക്കുകള്‍.

മധുസൂദനന്‍ നായരും ചുള്ളിക്കാടും സുഹൃത്തായ മുരുകന്‍ കാട്ടാക്കടയുമാണ് തന്റെ ഇഷ്ട എഴുത്തുകാര്‍ എന്ന് അച്ചന്‍ കൂട്ടിച്ചേര്‍ക്കുന്നു. ”സ്വന്തം ശൈലിയില്‍ പാട്ടെഴുത്തിനെ മുന്നോട്ട് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. മഹാകലാകാരനായ ദൈവം എന്നില്‍ നിക്ഷേപിച്ചിരിക്കുന്ന കഴിവുകള്‍ അതേപടി അവിടുത്തെ മഹത്വപ്പെടുത്താന്‍ ഉപയോഗിക്കുക, അത്രമാത്രം. അനുകരണം നമ്മുടെ കഴിവുകളുടെ തനിമ നഷ്ടപ്പെടത്താന്‍ കാരണമാകും.” ക്രൈസ്തവഭക്തിഗാനങ്ങളില്‍ ജോയി അച്ചന്റെ പാട്ടുകള്‍ വേറിട്ട് നില്‍ക്കുന്നതും ഇക്കാരണം കൊണ്ടു തന്നെയാണ്.

ചെറുതായ വലിയ സ്‌നേഹം

ക്രൈസ്തവര്‍ ഏറ്റുപാടിയ തന്റെ ഓരോ ഭക്തിഗാനത്തിന് പിന്നിലും അച്ചന് പറയാനൊരു അനുഭവകഥയുണ്ട്. ‘വിശുദ്ധ കുര്‍ബാനയുടെ ദേശീയ ഗാനം’ എന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ആയിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവ് വിശേഷിപ്പിച്ച ‘തിരുവോസ്തിയായി എന്നിലണയും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ച് അച്ചന്‍ പറയുന്നു,

”കോഴിക്കോട് ക്ലിനിക്കല്‍ സൈക്കോളജിയില്‍ അഡ്മിഷനു വേണ്ടിയാണ് ഞാന്‍ യൂണിവേഴ്‌സിറ്റിയില്‍ എത്തിയത്. അതിരാവിലെ കോട്ടയത്ത് നിന്ന് പുറപ്പെട്ടു. അന്ന് എനിക്ക് കുര്‍ബാനയില്‍ സംബന്ധിക്കാന്‍ സാധിച്ചില്ലായിരുന്നു. ബസ്സിറങ്ങിയപ്പോള്‍ തന്നെ തൊട്ടടുത്ത പള്ളിയില്‍ നിന്ന് കുര്‍ബാനയുടെ മണിനാദം. കുര്‍ബാനയില്‍ സംബന്ധിക്കാം എന്നോര്‍ത്ത് ഞാന്‍ പള്ളിയില്‍ ചെന്നു. അന്നാദ്യമായിട്ട് ഞാന്‍ അല്‍മായര്‍ക്കൊപ്പം കുര്‍ബാന സ്വീകരിക്കാന്‍ നിന്നു. ഞാനും കൈവെള്ളയില്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചു. ഓസ്തി കൈയില്‍ വാങ്ങിയ ആ നിമിഷം എന്റെ മനസ്സിനെ കീറിമുറിക്കുന്ന പോലെ ഒരു ചിന്ത കടന്നു പോയി. ഇത്ര ചെറുതാകാന്‍ എത്ര വളരേണം!  ദൈവം തന്ന ഒരു ചിന്തയായിരുന്നു അതെന്ന് എനിക്ക് തോന്നുന്നു. ആ ചിന്തയില്‍ നിന്നാണ് ദൈവം എനിക്ക് ആ ഗാനം എഴുതാനുള്ള അനുഗ്രഹം നല്‍കിയത്.” സ്വദേശത്തും വിദേശത്തും ഈ ക്രൈസ്തവ ഭക്തിഗാനത്തിന് ആരാധകരേറെയെന്ന് അച്ചന്‍ പറയുന്നു.

‘രണ്ടായിരം വര്‍ഷങ്ങള്‍ കൊണ്ട്  ദിവ്യകാരുണ്യത്തെക്കുറിച്ച് എന്ത് പറയാന്‍ ആഗ്രഹിച്ചോ അത് ഈ രണ്ട് വരികളിലുണ്ട്’ എന്നായിരുന്നു മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഈ പാട്ടിനെക്കുറിച്ച് പറഞ്ഞത്. വിശുദ്ധ കുര്‍ബാനയുടെ സഭാംഗം ആയതു കൊണ്ടായിരിക്കാം ദിവ്യകാരുണ്യത്തെ താന്‍ കൂടുതല്‍ സ്‌നേഹിക്കുന്നതെന്ന് അച്ചന്‍ സന്തോഷത്തോടെ പറയുന്നു.

ഇത് നിനക്കായ്

മലയാളത്തിലെ ആദ്യ വിശുദ്ധ കുര്‍ബാനയുടെ കവിതയാണ് ‘ഇത് നിനക്കായി’ എന്ന കവിത.

ആ കഥ ഇങ്ങനെ, ”ഒരിക്കല്‍ തിരുവനന്തപുരത്ത് ഒരു സ്‌കൂള്‍ വാര്‍ഷികത്തിന് എന്നെ മുഖ്യപ്രഭാഷകനായി വിളിച്ചിരുന്നു. കവിയും മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലറും ആയ കെ. ജയകുമാറുമായി വേദി പങ്കിടാനുളള അവസരം ലഭിച്ചു. അന്ന്  ആ വേദിയില്‍ നിന്നു കൊണ്ട് അദ്ദേഹം ഒരു കാര്യം പറഞ്ഞു, വയലാറിന്റെയും പി. ഭാസ്‌കരന്റെയും വിപ്ലവം നിറഞ്ഞ കവിതകളാണ് കമ്യൂണിസം ഈ മണ്ണില്‍ വേരോടാനുള്ള പ്രധാന കാരണം എന്ന്. ജനങ്ങളെ ഒന്നിപ്പിച്ചത് കവിതകളാണ്. ഞാനപ്പോള്‍ ചിന്തിച്ചത് ദൈവത്തിന്റെ മഹാസ്‌നേഹമായ ദിവ്യകാരുണ്യത്തെക്കുറിച്ച് എന്തുകൊണ്ട് കവിതകള്‍ ഉണ്ടാകുന്നില്ല? എന്തുകൊണ്ട് ദിവ്യകാരുണ്യം ഒരാവേശമായി ജനങ്ങളില്‍ നിറയുന്നില്ല എന്ന്.”  അത് സംഭവിക്കേണ്ടത് തന്നിലൂടെ ആയിരിക്കണമെന്ന് അന്ന് തീരുമാനിച്ചു എന്ന് അച്ചന്‍ പറയുന്നു.

”അങ്ങനെ പഴയനിയമത്തിലെയും പുതിയ നിയമത്തിലെയും വിശുദ്ധ കുര്‍ബാനയുടെ സാന്നിദ്ധ്യമുള്ള സുവിശേഷഭാഗങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു. എന്റെ അധ്യാപകരുടെയും സഭാധികാരികളുടെയും പിന്തുണ എനിക്ക് ലഭിച്ചിരുന്നു. അങ്ങനെ വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ആദ്യ കവിത തയ്യാറാക്കാന്‍ എനിക്ക് സാധിച്ചു.” മുരുകന്‍ കാട്ടാക്കടയുടെ ശബ്ദത്തിലാണ് ആ കവിത പുറത്തെത്തിയത്.  ‘ചങ്കിലെ ചോരയാല്‍ പ്രാണനിലെഴുതിയ നേരിന്റെ പേരാണ് സ്‌നേഹം’ എന്ന് മുരുകന്‍ കാട്ടാക്കട പ്രൗഢഗംഭീരമായ ശബ്ദത്തില്‍ ചൊല്ലുമ്പോള്‍, ‘ഇത്  നിനക്കായ്’ എന്ന കവിത ദിവ്യകാരുണ്യത്തിന്റെ ഏറ്റവും മഹത്വമുള്ള ആരാധനയാകുന്നു. ശരീരവും രക്തവും പകുത്തു നല്‍കിയവന്റെ സ്‌നേഹം ജോയിയച്ചന്‍ കവിതയാക്കിയപ്പോള്‍ കേള്‍വിക്കാരന്റെ നെഞ്ചില്‍ വാക്കുകള്‍ ഇടിമുഴക്കങ്ങളായി.

മുരുകന്‍ കാട്ടാക്കടയെ ആദ്യം വിളിച്ചപ്പോള്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചെങ്കിലും പിന്നീട് വരികള്‍ കേട്ടപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ആ കവിത ഉള്‍ക്കൊണ്ട് അതിലെ ആഴമറിഞ്ഞ് തന്നെയാണ് കാട്ടാക്കട ആ പാട്ടിന് ശബ്ദം നല്‍കിയത്. കവിതയുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞപ്പോള്‍ ദിവ്യകാരുണ്യവും വിശുദ്ധ കുര്‍ബാനയും എന്താണെന്ന് ആഴത്തില്‍ അറിവുള്ളവനായി മാറാന്‍ മുരുകന്‍ കാട്ടാക്കടയ്ക്ക് കഴിഞ്ഞു എന്ന് ജോയി അച്ചന്‍ സ്‌നേഹത്തോടെ വെളിപ്പെടുത്തുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ കവിത മുരുകന്‍ കാട്ടാക്കട പിന്നീട് പല വേദികളിലും ജോയി അച്ചന്റെ പേരുള്‍പ്പെടെ പരാമര്‍ശിക്കുകയും ചൊല്ലുകയും ചെയ്തിട്ടുണ്ട്.

ദിവ്യകാരുണ്യ ചരിതം

എന്ത് കൊണ്ട് ദൃശ്യകലകളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കാന്‍ സാധിക്കില്ല എന്ന ചിന്തയില്‍ നിന്നാണ് ഇത് നിനക്കായ് എന്ന കവിത ‘ദിവ്യകാരുണ്യ ചരിതം’ എന്ന പേരില്‍ ആട്ടക്കഥാ രൂപത്തിലും വേദിയിലെത്തിയത്.  ദൃശ്യകലകളിലൂടെ ദിവ്യകാരുണ്യത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിക്കാന്‍ സാധിക്കും എന്ന തിരിച്ചറിവായിരുന്നു ഇതിന് പുറകില്‍.

”കോഴിക്കോട് വെണ്‍മണി ഇല്ലത്ത് രാധാ മാധവന്‍ എന്ന ആട്ടക്കഥാകാരിയാണ് എനിക്ക് ഈ കവിത ആട്ടക്കഥാ രൂപത്തിലാക്കി തന്നത്, ആദ്യത്തെയും അവസാനത്തെയും വരികള്‍ മാത്രം സംസ്‌കൃതത്തിലാക്കി ശുദ്ധ മലയാളത്തില്‍ തന്നെയായിരുന്നു കഥകളി അരങ്ങിലെത്തിയത്. കോട്ടയ്ക്കല്‍ മധുവായിരുന്നു ഗായകന്‍. കലാമണ്ഡലം കേശവനും കലാമണ്ഡലം എബിനുമായിരുന്നു ഇത് അരങ്ങിലെത്തിയത്. എട്ട് മാസത്തിന് ശേഷം ആ സ്ത്രീ ദിവ്യകാരുണ്യത്തെക്കുറിച്ചും ഈശോയെക്കുറിച്ചും പറഞ്ഞ വാക്കുകള്‍ ‘ഈശോയുടെ സ്‌നേഹത്തിന് മരണമില്ല’ എന്നായിരുന്നു. തനിക്ക് ആത്മനിര്‍വൃതി നല്‍കിയ വാക്കുകളാണിത് എന്ന് അച്ചന്‍ വെളിപ്പെടുത്തുന്നു. കഥകളി അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവര്‍ സമ്മാനമായി ചോദിച്ചത് ബൈബിളായിരുന്നു!

ജോയി തോട്ടാന്‍

പിത്യസ്ഥാനീയന്‍ എന്നാണ് ജോയി തോട്ടാന്‍ എന്ന ഗാനസംവിധായകനെ ജോയി അച്ചന്‍ വിശേഷിപ്പിച്ചത്. ”ഇത്രയും എളിമയും ലാളിത്യവും സ്‌നേഹവുമുളള ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. സെലിബ്രന്‍സ് ഇന്ത്യ അവാര്‍ഡ് ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമാണ്. അതില്‍ ഒരുപാട് സന്തോഷമുണ്ട്. മെഴുകുതിരി പോലൊരാള്‍. അദ്ദേഹത്തിലൂടെയാണ് ഞാന്‍ പത്മശ്രീ ഉദയഭാനു സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം അനവധി ഗാനങ്ങള്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇന്നലെയും ഞാന്‍ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചിരുന്നു.” ജോയി തോട്ടാന്‍ എന്ന സുഹൃത്തിനെക്കുറിച്ച് അച്ചന്‍ വാചാലനാകുന്നു.

അനേകം ഭക്തിഗാനങ്ങള്‍ ജോയി ചെഞ്ചേരില്‍ എന്ന വൈദികന്റേതായി പുറത്തു വന്നിട്ടുണ്ട്. എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ തിരഞ്ഞെടുക്കാന്‍ സാധിച്ചുവെന്ന് വരില്ല. ”കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരി തെളിച്ചു…’ എന്ന പാട്ടാണ് ഏറ്റവുമിഷ്ടം എന്ന് അച്ചന്‍ പറയുന്നു. ആ പാട്ടിന് പുറകിലും ഒരു അനുഭവകഥയുണ്ട്. ”കുട്ടനാട്ടുള്ള ഒരു പള്ളിയില്‍ ഞാന്‍ ഒരിക്കല്‍  ഒരു കുര്‍ബാന അര്‍പ്പിക്കാന്‍ പോയി, ആറുമണിക്കായിരുന്നു കുര്‍ബാന. കപ്യാര്‍ പോയി തിരി തെളിച്ചു. തിരി കത്തിച്ച ആ സമയത്ത് എവിടെ നിന്നാണെന്നറിയില്ല, ഒരു കാറ്റ് വന്നു. ഒരു തിരി കെടുത്തിക്കളഞ്ഞു. അപ്പോള്‍ എനിക്ക് തോന്നിയ വരികളാണ്, ‘കരുണ തന്‍ അള്‍ത്താരയില്‍ എന്റെ മോഹങ്ങള്‍ തിരി തെളിച്ചു, കാറ്റില്‍ കെടാതെ നീ കാത്തോളണെ, കാറ്റിനെ ശാസിച്ച തമ്പുരാനെ’ എന്ന്.” എഴുതിയതില്‍ എണ്‍പത്തിയഞ്ച് ശതമാനം പാട്ടുകളും ഇത്തരം അനുഭവങ്ങളില്‍ നിന്നാണെന്ന് അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു.

ചോറില്‍ കണ്ട ഒരു ഗോതമ്പില്‍ നിന്നാണ് ‘തകരുന്ന ഗോതമ്പ് മണിയില്‍ തളിരിട്ട വാത്സല്യമെ’ എന്ന് ദിവ്യകാരുണ്യത്തെ  അച്ചന്‍ വിശേഷിപ്പിച്ചത്. തമ്പുരാന്‍ നല്‍കുന്ന അനുഭവങ്ങളാണിതെന്നാണ് അച്ചന്റെ ഭാഷ്യം. എല്ലാ പാട്ടുകളിലും ദിവ്യകാരുണ്യത്തിന്റെ അതിമനോഹരമായ സാന്നിദ്ധ്യം നല്‍കുന്നത് ദൈവമാണെന്ന് അച്ചന്‍ ഉറപ്പിച്ച് പറയുന്നു.

ഇത്തവണത്തെ സെലിബ്രന്‍സ് ഇന്ത്യ അവാര്‍ഡ് നേടിയിരിക്കുന്നത് ജോയി ചെഞ്ചേരില്‍ അച്ചനും ജോയി തോട്ടാന്‍ സാറുമാണ്. ഏറ്റവും അവസാനം ചെയ്തത് കരുണയുടെ വര്‍ഷത്തില്‍ ‘ദിവ്യകാരുണ്യം’ എന്ന ആല്‍ബമാണ്. സങ്കീര്‍ത്തനങ്ങളാല്‍ കര്‍ത്താവിനെ സ്തുതിക്കുക എന്ന സുവിശേത്തിന്റെ വെളിച്ചത്തിലാണ് ജോയി ചെഞ്ചേരില്‍ എന്ന വൈദികന്‍ ദിവ്യകാരുണ്യത്തെ മഹത്വപ്പെടുത്തുന്നത്. ദിവ്യകാരുണ്യത്തിന്റെ മഹത്വത്തിനായി ഇനിയും അനവധി കാര്യങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഈ വൈദികന്‍.  ദൈവത്തിന്റെ മഹാകാരുണ്യം ഇനിയും ജനതകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ജോയി അച്ചന്‍.

സുമം തോമസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.