നല്ല കുമ്പസാരം നടത്താന്‍ വി. ഫ്രാന്‍സിസ് ഡി സാലസ് പഠിപ്പിക്കുന്ന മാര്‍ഗങ്ങള്‍

ദൈവത്തില്‍ നിന്നുള്ള അനുഗ്രഹങ്ങള്‍ തടസം കൂടാതെ നമ്മില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന ഒരു കൂദാശയാണ് വി. കുമ്പസാരം. വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്, നല്ല കുമ്പസാരം നടത്താനുള്ള മാര്‍ഗങ്ങള്‍ ഏതക്കെയെന്ന് പറഞ്ഞു തന്നിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. പതിവായും ഇടയ്ക്കിടെയും കുമ്പസാരിക്കുക. ഇടയ്ക്കിടെ കുമ്പസാരം നടത്തുന്നതുവഴി ലഘുപാപങ്ങളില്‍നിന്നുപോലും അകന്നുനില്‍ക്കാന്‍ കൃപ ലഭിക്കും. പാപങ്ങളെക്കുറിച്ച് ആത്മാര്‍ത്ഥമായ ദുഃഖവും പാപങ്ങള്‍ ഉപേക്ഷിക്കാനുള്ള ഉറച്ച തീരുമാനവും പുലര്‍ത്തുക. .

2. സ്വയം ചില തെറ്റുകള്‍ ആരോപിച്ച് കുമ്പസാരിക്കാന്‍ ശ്രമിക്കരുത്. ഉദാഹരണത്തിന് ഞാന്‍ ദൈവത്തെ വേണ്ടത്ര സ്‌നേഹിച്ചില്ല, വേണ്ടത്ര ഭക്തിയോടെ പ്രാര്‍ത്ഥിച്ചില്ല, മറ്റുള്ളവരെ വേണ്ടത്ര സ്‌നേഹിച്ചില്ല എന്ന രീതിയില്‍ കുമ്പസാരത്തില്‍ ഏറ്റുപറയരുത്. അത് നിങ്ങളുടെ ആത്മാവിന്റെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുന്നതിന് കുമ്പസാരകനെ സഹായിക്കുകയില്ല. വിശുദ്ധര്‍പോലും അങ്ങനെ പറഞ്ഞേക്കാം. അതിനു പകരം ദൈവത്തോടുള്ള സ്‌നേഹം കുറവായതുകൊണ്ട് അല്പം ക്ഷീണം തോന്നിയപ്പോഴേക്കും ഞാന്‍ വിശുദ്ധ ബലിക്ക് പോകാതെ വിശ്രമിച്ചു, പ്രാര്‍ത്ഥനയ്ക്കിടയില്‍ എനിക്കിഷ്ടമുള്ള രീതിയില്‍ അശ്രദ്ധമായി ഇരുന്നു, കൂട്ടുകാരന് പണം ആവശ്യമുണ്ടെന്നു കണ്ടിട്ടും എന്റെ കൈയിലുള്ള പണം നല്കി സഹായിച്ചില്ല എന്നിങ്ങനെ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്ത കാര്യം ലളിതമായി ഏറ്റുപറയുക.

3. നിങ്ങള്‍ ചെയ്ത ലഘുപാപങ്ങളില്‍, ചെയ്ത പ്രവൃത്തിയെക്കുറിച്ചുമാത്രമല്ല അതിലേക്ക് നയിച്ച കാരണത്തെക്കുറിച്ചുകൂടി ചിന്തിക്കുക. ഉദാഹരണത്തിന്, ആര്‍ക്കും ഉപദ്രവമില്ലാത്ത ഒരു നുണ പറഞ്ഞു എന്നതല്ല അത് എന്തിനുവേണ്ടിയാണ് പറഞ്ഞത് എന്നതിനെപ്പറ്റി ചിന്തിക്കണം.

4. തെറ്റ് ചെയ്തതിന്റെ ലക്ഷ്യവും അതിന്റെ ദൈര്‍ഘ്യവും സാഹചര്യവും കുമ്പസാരത്തില്‍ ഏറ്റുപറയുക.

5. കഴിയുമെങ്കില്‍ സ്ഥിരമായി ഒരു കുമ്പസാരകനെ കണ്ടെത്തുക. ഓരോ നല്ല കുമ്പസാരവും നമ്മെ വിശുദ്ധിയില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ