തൊഴിലാളികളുടെ മദ്ധ്യസ്ഥനായ മാർ യൗസേപ്പിന്റെ തിരുനാൾ ദിനം

കുടുംബത്തിനും നാടിനും സഭയ്ക്കും വേണ്ടി കഷ്ടപ്പെടുന്ന നിങ്ങൾക്കെല്ലാവർക്കും ഈ ദിനത്തിന്റെ നന്മകളും അനുഗ്രഹങ്ങളും നേരുന്നു.

ഫാ. മോബന്‍ ചൂരവടി
ഫാ. മോബന്‍ ചൂരവടി

ബൈബിളിൽ കാണുന്ന ഏഴു വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്ന ഏറ്റവും ശക്തവും ഹ്രസ്വവുമായ ജീവചരിത്രം ഇങ്ങനെയാണ്: ” … her husband Joseph being a just man…”(മത്തായി 1:19). ഒരു വിശുദ്ധന്റെ ജീവിതം രചിക്കാൻ പരിശുദ്ധാത്മാവ് തെരഞ്ഞെടുത്ത ഏഴു വാക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ സംഗീതജ്ഞന്റെ സംഗീതം ഏഴു സ്വരങ്ങളിൽ ക്രമപ്പെടുന്നതുപോലെ… ഒരു കൊടുങ്കാറ്റിനൊടുവിൽ ആകാശത്തു തെളിയുന്ന ഏഴു നിറങ്ങളുള്ള മഴവില്ലുപോലെ… ഏഴു കൂദാശകളുടെയും സുഗന്ധവും വിശുദ്ധിയുമുള്ള പുണ്യ നാമമാണത് – ‘യൗസേപ്പ്.’

നിശബ്ദതയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച ബൈബിളിലെ ഹീറോയാണ് അദ്ദേഹം. പ്രകൃതിയിൽ, പുഷ്പങ്ങൾ ഇതൾ വിടർത്തുന്നതും വൃക്ഷത്തിന്റെ തായ്ത്തടിക്ക് വണ്ണവും ശക്തിയും വർദ്ധിക്കുന്നതും നിശബ്ദതയിലാണ് എന്ന് അദ്ദേഹം അറിഞ്ഞിരുന്നു!!! ആക്ഷേപങ്ങൾ തൊടുത്തും അക്രമങ്ങൾ അഴിച്ചുവിട്ടും അഹന്തയുടെ അറപ്പുരകൾ നിറയ്ക്കാൻ ആർത്തിപിടിച്ചോടുന്ന ‘അത്യന്താധുനിക ലോകം’ ആവർത്തിച്ചുവായിക്കേണ്ട അഞ്ചാമത്തെ സുവിശേഷമാണ് ‘യൗസേപ്പ്.’

എന്റെ ഓർമ്മകൾ 1962 നവംബർ 10-ലേയ്ക്ക് യാത്ര ചെയ്യുന്നു. മഹത്തായ രണ്ടാം വത്തിക്കാൻ കൗൺസിൽ നടക്കുന്ന കൗൺസിൽ ഹാളിലേയ്ക്ക് ഇഴഞ്ഞും വലിഞ്ഞും എത്തുന്ന ഒരു യുഗോസ്ലാവിയൻ ബിഷപ്പിന്റെ ചിത്രം മനസ്സിൽ മായാതെ ഇന്നും നിൽക്കുന്നു. പേര് വെറാൻ കൂൾ. അതിഭയാനകമായ കമ്മ്യൂണിസ്റ്റ് മർദ്ദനങ്ങൾക്കും തടങ്കൽപാളയത്തിലെ ദുരിതങ്ങൾക്കും ഇരയായി ഒടുവിൽ ശരീരത്തിലെ, അരക്കെട്ടിലെ എല്ലുകൾ വരെ പൊടിഞ്ഞുപോയ പാവം ക്രിസ്തുശിഷ്യൻ. അനവധി തടവുകാരോടൊപ്പം ട്രെയിനിൽ കയറ്റി കൂട്ടക്കൊല ചെയ്യാൻ കമ്യൂണിസ്റ്റുകൾ അദ്ദേഹത്തെ വലിച്ചിഴച്ചു കയറ്റിയെങ്കിലും ചതഞ്ഞ ശരീരവും ഒടിഞ്ഞ കൈകാലുകളുമായി തലനാരിഴയ്ക്ക് രക്ഷപെട്ടത് യൗസേപ്പിതാവിന്റെ സംരക്ഷണം ഒന്നുകൊണ്ടു മാത്രമാണെന്ന് ലോകം മുഴുവൻ കേൾക്കെ അദ്ദേഹം കൗൺസിൽ ഹാളിൽ വാക്കുകൾ മുഴുമിപ്പിക്കാൻ കഴിയാതെ ഇടറിയ തേങ്ങലോടെ വിളിച്ചുപറഞ്ഞു. ആയതിനാൽ, പരിശുദ്ധ കുർബാനയിൽ യൗസേപ്പിതാവിന്റെ പേരു ചേർക്കണമെന്ന് പരിശുദ്ധ സൂനഹദോസിനോട് അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നുകൊണ്ട് അദ്ദേഹം യാചിച്ചു. വിശുദ്ധനും മഹാനുമായ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പാ സ്വന്തം അധികാരമുപയോഗിച്ച് പരിശുദ്ധ കുർബാനയുടെ കാനനിൽ യൗസേപ്പിതാവിന്റെ പേര് ചേർത്തത് ഈ സംഭവത്തെ തുടർന്നാണ് എന്നത് ചരിത്രം.

ലോകത്തിൽ നിരീശ്വരത്വത്തിന്റെ വൈറസുകളെ പിഴുതെറിയാൻ കാലാകാലങ്ങളിൽ പരിശുദ്ധ മാർപ്പാപ്പമാർ ആശ്രയിച്ചത് വി. യൗസേപ്പിലാണ്. ക്രിസ്തുവിനെയും അവന്റെ സഭയെയും പിഴുതെറിയാൻ 1840-കളിലും എഴുപതുകളിലും അരങ്ങു തകർത്താടിയ കിരാതമായ നിരീശ്വര പ്രസ്ഥാനങ്ങൾക്കു മുമ്പിൽ തിരുസഭ നാട്ടിനിർത്തിയ പതാകയാണ് വി. യൗസേപ്പ്. സാർവ്വത്രികസഭയുടെ സംരക്ഷകനായി യൗസേപ്പിതാവിനെ പ്രഖ്യാപിച്ചു. ഭാഗ്യപ്പെട്ട മാർ യൗസേപ്പേ… എന്ന പ്രാർത്ഥന 1870-ൽ ഭാഗ്യസ്മരണാർഹനായ ലെയോ പതിമൂന്നാമൻ പാപ്പാ തിരുസഭയ്ക്കു നൽകിയത് തിന്മയുടെ കൂരമ്പുകളെ ചെറുത്തു തോല്പിക്കാനുള്ള സമരായുധമായിട്ടാണ്.

മാനത്ത് ഏഴു നിറങ്ങളുള്ള മഴവില്ല് തെളിയുമ്പോൾ, കൊടുങ്കാറ്റ് അസ്തമിച്ചിരിക്കുന്നു; ഭൂമിയും അതിലെ നിവാസികളും ശാന്തിയിലേയ്ക്കു തിരികെവന്നിരിക്കുന്നു എന്നാണർത്ഥം. പകർച്ചവ്യാധികളുടെയും നിരീശ്വരത്വത്തിന്റെയും കൊടുങ്കാറ്റുകൾ അവസാനിപ്പിച്ച് പ്രകൃതിക്കു നടുവിൽ മാർ യൗസേപ്പ് എന്ന പരിശുദ്ധാത്മ ദാനങ്ങളുടെ ഏഴു വർണ്ണങ്ങളുള്ള മഴവില്ലിനെ സ്ഥാപിക്കണേ എന്ന് നമുക്കു പ്രാർത്ഥിക്കാം.

യാക്കോബിന്റെ ധൈര്യവും പൂർവ്വ യൗസേപ്പിന്റെ വിവേകവും മോശയുടെ ക്ഷമയും ദാവീദിന്റെ വിനയവും സമ്മേളിക്കുന്നത് അദ്ദേഹത്തിലാണ് – അവികലമായ ശരീരത്തിൽ പരിശുദ്ധമായ ആത്മാവുള്ളവനാണ് അദ്ദേഹം – ‘മാർ യൗസേപ്പ്.’ ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായി തളർന്ന് മരണമുഖത്തു നില്‍ക്കുന്ന നമുക്ക്, മാർ യൗസേപ്പിന്റെ പക്കലേയ്ക്ക് ഇന്ന് ഒരു മടക്കയാത്ര കൂടിയേ തീരൂ. സഹനങ്ങളുടെ വഴിത്താരകളിലും തകർന്നുപോകാതെ സമചിത്തതയോടെ നിൽക്കാൻ പരിശ്രമിക്കുന്നവർക്ക്, വിശുദ്ധി പാലിക്കാൻ വിളിക്കപ്പെട്ട സഹസ്രങ്ങൾക്ക്, കുടുംബം സംരക്ഷിക്കാൻ ബദ്ധപ്പെടുന്നവർക്ക്, ഉറക്കത്തിലും ഉണർവ്വ് നഷ്ടപ്പെടാത്ത വിവേകശാലികളായ അപ്പന്മാർക്ക്, നെറ്റിയിലെ വിയർപ്പുകൊണ്ട് അന്നം കണ്ടെത്താൻ പകലന്തിയോളം പണിയെടുക്കുന്നവർക്ക്, കർമ്മം കൊണ്ട് നീതിയുടെ മികവുറ്റ പാഠപുസ്തകങ്ങളാകാൻ യത്നിക്കുന്നവർക്ക്, പകർച്ചവ്യാധിയുടെ കെടുതിയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ ഉറക്കമില്ലാതെ അഹോരാത്രം കഷ്ടപ്പെടുന്ന സഹോദരങ്ങൾക്ക്, ഭാഗ്യമരണത്തിനായി പ്രാർത്ഥിച്ചിട്ടുള്ള സകലർക്കും… നിങ്ങൾക്ക് ഈ പരിശുദ്ധ ദിനത്തിന്റെ അനുഗ്രങ്ങൾ നേരുന്നു.

സ്നേഹപൂർവ്വം
ഫാ. മോബൻ ചൂരവടി