ഫാത്തിമ മാതാവിനോടുള്ള അത്ഭുത നൊവേന: രണ്ടാം ദിനം

പ്രാർത്ഥന

ജപമാല പ്രാർത്ഥനയിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢ രഹസ്യങ്ങൾ ഫാത്തിമയിലെ കുരുന്നു ഇടയകുഞ്ഞുങ്ങൾക്ക്‌ വെളിപ്പെടുത്തിയ എത്രയും പരിശുദ്ധയായ കന്യകാമറിയമേ. ജപമാല ഭക്തിയോടുള്ള യഥാർത്ഥ സ്നേഹത്താൽ ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കണമേ. അതുവഴി ജപമാലയിൽ നിറഞ്ഞു നിൽക്കുന്ന രക്ഷാകര രഹസ്യങ്ങൾ ഇടവിടാതെ ധ്യാനിക്കുക വഴി ഞങ്ങൾ ഏറെ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും പാപികൾക്ക് മാനസാന്തരം ഉണ്ടാവുന്നതിനും ഇടയാക്കണമേ.

ലോകത്തിന്റെ മാനസാന്തരവും, ഇപ്പോൾ ഞാൻ സമർപ്പിക്കുന്ന നിയോഗവും (പ്രാർത്ഥനാ നിയോഗം സ്മരിക്കുക) ഈ നൊവേനയിലൂടെ അവിടുത്തെ മഹത്വത്തിനും അതുവഴി ദൈവ മഹത്വത്തിനും, അങ്ങയുടെ മക്കളുടെ ഐശ്വര്യത്തിനുമായി അവിടുത്തെ പുത്രന്റെ പക്കൽനിന്നു ഞങ്ങൾക്കായി പ്രാർത്ഥിച്ചു തരേണമേ.

ആമ്മേൻ
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

ഫാത്തിമ മാതാവേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

ജപമാല റാണി !
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

പരിശുദ്ധ അമ്മയുടെ അമലോൽഭവ ഹൃദയമേ!
ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ.

സംഭവം: മാലാഖയുടെ രണ്ടാം വെളിപ്പെടുത്തൽ

സ്ഥലം: ലൂസിയയുടെ വീടിനു സമീപം, പോകോ ദോ അർനിയറോ

1916 ലെ ഒരു ഗ്രീഷ്മകാലത്താണു ലൂസിയയ്ക്കും, ഫ്രാൻസിസ്കോയ്ക്കും അവന്റെ സഹോദരി ജസീന്തയ്ക്കും മാലാഖയുടെ രണ്ടാമത്തെ വെളിപാട് ലഭിച്ചത്. മാലാഖ അവരോടു ചോദിച്ചു; “നിങ്ങൾ എന്താണ് ചെയ്യുന്നത്? പ്രാർത്ഥിക്കുക, കൂടുതലായി പ്രാർത്ഥിക്കുക! ഈശോയുടെയും മറിയത്തിന്റെയും ഹൃദയത്തിനു നിങ്ങളോടു അതിരറ്റ കരുണയുണ്ട്. നിരന്തരം പ്രാർത്ഥനയും ത്യാഗങ്ങളും അത്യുന്നതങ്ങളിലേക്കു സമർപ്പിക്കുക”

“ഞങ്ങൾക്ക് എപ്രകാരം ത്യാഗപ്രവർത്തികൾ ചെയ്യാൻ സാധിക്കും?” അവർ ചോദിച്ചു.
“നിങ്ങൾ ചെയ്യാവുന്ന എല്ലാകാര്യങ്ങളും ഓരോ ത്യാഗപ്രവർത്തികളായി ദൈവത്തിനു സമർപ്പിക്കുക. ഈശോ ക്രൂശിക്കപ്പെടാൻ കാരണമായ ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരമായും, പാപികളായ മനുഷ്യരുടെ മാനസാന്തരത്തിനുവേണ്ടിയും ഇവ ദൈവത്തിനു സമർപ്പിക്കുക. ഇപ്രകാരം നിങ്ങൾക്ക് നിങ്ങളുടെ രാജ്യത്തിൽ സമാധാനം സ്ഥാപിക്കാൻ സാധിക്കും. ഞാൻ ഈ രാജ്യത്തിന്റെ കാവൽ മാലാഖയാണു, പോർച്ചുഗീസിന്റെ കാവൽ മാലാഖ. എല്ലാത്തിനും ഉപരിയായി ദൈവം നിങ്ങൾക്ക് നൽകുന്ന ദുഃഖങ്ങൾ പൂർണമായ വിദേയത്വത്തോടെ ഇരുകൈകളും നീട്ടി സ്വീകരിക്കുക”. ഇത്രേയും പറഞ്ഞു മാലാഖ അപ്രത്യക്ഷനായി.

സുകൃത ജപം:
എന്റെ അമ്മേ, എന്റെ ആശ്രയമേ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.