കുടുംബവര്‍ഷം പ്രത്യേകതകളും ലക്ഷ്യങ്ങളും

ഡിസംബര്‍ 27-ാം തീയതി തിരുകുടുംബത്തിന്റെ തിരുനാള്‍ ദിനത്തില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രാന്‍സിസ് പാപ്പ. വി. യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍ ദിനമായ മാര്‍ച്ച് 19-ന് കുടുംബവര്‍ഷത്തിനു തുടക്കം കുറിക്കും. 2022 ജൂണില്‍, റോമില്‍ വച്ചു നടക്കുന്ന ലോക കുടുംബസമ്മേളത്തോടെ കുടുംബവര്‍ഷത്തിനു സമാപനമാകും.

കുടുംബം ഒന്നാമതായി സ്‌നേഹത്തിലും ക്ഷമയിലും ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയുടെ ഭവനമായി തീരണമെന്ന് പാപ്പാ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. ഫ്രാന്‍സിസ് പാപ്പയുടെ അമോറിസ് ലെറ്റീഷ (Amoris Laetitia) എന്ന അപ്പസ്‌തോലിക പ്രബോധനം പുറത്തിറങ്ങിയിട്ട് 2021 അഞ്ചു വര്‍ഷം തികയും. 2016 മാര്‍ച്ച് 19-നു പൂര്‍ത്തീകരിച്ച ഈ പ്രബോധനം 2016 ഏപ്രില്‍ എട്ടിനാണ് പ്രസിദ്ധീകരിച്ചത്. സ്‌നേഹത്തിന്റെ സന്തുഷ്ടി (Joy of Love) എന്ന ഈ അപ്പസ്‌തോലികരേഖയില്‍ കുടുംബത്തെക്കുറിച്ചും അവ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ചാവിഷയമായി.

2016 ആഗസ്റ്റു പതിനഞ്ചിനു ഫ്രാന്‍സിസ് പാപ്പ രൂപീകരിച്ച കുടുംബത്തിനും അത്മായര്‍ക്കും ജീവനും വേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷനാണ് (The Dicastery for the Laity, Family and Life) കുടുംബവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

കുടുംബവര്‍ഷത്തിലെ അഞ്ച് ലക്ഷ്യങ്ങള്‍

1. അമോറിസ് ലെറ്റീഷ (സ്‌നേഹത്തിന്റെ സന്തുഷ്ടി -Joy of Love) എന്ന ഈ അപ്പസ്‌തോലിക പ്രബോധനത്തിന്റെ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുക.

2. വിവാഹമെന്ന കൂദാശായെ ഒരു ദൈവദാനമായും അതു ഉള്‍ക്കൊള്ളുന്ന മനുഷ്യസ്‌നേഹത്തിന്റെ രൂപാന്തരീകരണശക്തിയെയും പ്രഘോഷിക്കുക.

3. കുടുംബ പ്രേഷിതപ്രവര്‍ത്തനങ്ങളുടെ സജീവ ഏജന്റാകാന്‍ കുടുംബങ്ങളെ പ്രാപ്തമാക്കുക.

4. സ്‌നേഹത്തിന്റെ സത്യത്തില്‍ രൂപപ്പെടുന്നതിന്റെ പ്രാധാന്യം യുവജനതയെ ബോധ്യപ്പെടുത്തുക.

5. കുടുംബപ്രേഷിതത്വത്തിന്റെ കാഴ്ചപ്പാടും വ്യാപ്തിയും വിശാലമാക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.