കൊറോണ കാലത്ത് സ്തുത്യര്‍ഹ സേവനങ്ങള്‍! ഏറ്റം എളിയവരില്‍ ക്രിസ്തുവിന്റെ തിരുമുഖം ദര്‍ശിച്ച് കല്യാണ്‍ രൂപത

കീര്‍ത്തി ജെയ്ക്കബ്

കൊറോണ രോഗം സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുന്ന നിരവധിയാളുകള്‍ നമ്മുടെയിടയിലുണ്ട്. അത്തരക്കാരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ അനേകര്‍ക്ക് താങ്ങും തണലുമാകുന്നുമുണ്ട്. രോഗത്തിന്റേതായ അവസ്ഥ കൊണ്ടോ ലോക്ക് ഡൌണ്‍ മൂലമോ ദുരിതമനുഭവിക്കുന്നവരുടെ വീടുകളില്‍ അവശ്യസാധനങ്ങളും മറ്റുമെത്തിച്ചും വഴിയോരത്ത് അലയുന്നവരെ അന്നം ഊട്ടിയും ആവശ്യക്കാര്‍ക്ക് മാനസികവും സാമ്പത്തികവുമായ പിന്തുണ നല്‍കിയുമൊക്കെ അഭിനന്ദനീയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍.

ഇത്തരത്തില്‍ കൊറോണ രോഗവും ലോക്ക് ഡൌണും കൊണ്ട് പലതരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കിടയില്‍ ദൈവത്തിന്റെ ദൂതന്മാരായി മാറിയിരിക്കുകയാണ് ബോംബെയിലെ സീറോ മലബാര്‍ രൂപതയായ കല്ല്യാണിലെ മെത്രാന്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാലും സഹപ്രവര്‍ത്തകരും. ഈ നിര്‍ണ്ണായക കാലഘട്ടത്തില്‍ ദൈവജനത്തിനിടയില്‍ തങ്ങള്‍ നടത്തിവരുന്ന ശുശ്രൂഷകളെക്കുറിച്ച് ലൈഫ്‌ഡേയുമായി സംസാരിക്കുകയാണ് ഫാ. ജോബി അയത്തമറ്റം. അദ്ദേഹത്തിന്റെ വാക്കുകളിലേയ്ക്ക്…

ലോക്ക് ഡൌണിനു മുമ്പേ തുടങ്ങിയ പ്രവര്‍ത്തനം

ലോക്ക് ഡൌണ്‍ കാലം തുടങ്ങുന്നതിനു മുമ്പുതന്നെ കല്ല്യാണ്‍ രൂപതയില്‍ കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ചേരിപ്രദേശങ്ങളിലും ആദിവാസി ഗ്രാമങ്ങളിലുമൊക്കെ കൊറോണയെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും രോഗം പിടിപെടാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ബോധവത്ക്കരണവും ക്ലാസുകളും നല്‍കിയിരുന്നു. കൂടാതെ, ഹാന്‍ഡ് വാഷ് ചെയ്യാനും മാസ്‌ക് സ്വയം നിര്‍മ്മിക്കാനുമൊക്കെ പരിശീലനവും നല്‍കിയിരുന്നു. ലോക്ക് ഡൌണ്‍ തുടങ്ങിയ ശേഷം പ്രധാനമായും നിരാലംബരായ ആളുകള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയത്.

നിരാലംബരുടെ വിശപ്പകറ്റാന്‍ പ്രത്യേക ശ്രദ്ധ

പാലങ്ങള്‍ക്കടിയിലും വഴിയരികിലുമൊക്കെ കഴിഞ്ഞിരുന്നവര്‍ക്ക് പ്രത്യേകമായി സഹായങ്ങള്‍ എത്തിച്ചുനല്‍കുക എന്നതായിരുന്നു രണ്ടാം ഘട്ടത്തിലെ ദൗത്യം. ഇതിനുപുറമേ, ബോംബെയിലെ പ്രധാന ചേരികളായ ധാരാവി, ഗോവണ്ടി തുടങ്ങിയവയിലെ നിവാസികള്‍ക്കും ആദിവാസി ഗ്രാമങ്ങളിലുമൊക്കെ ഫുഡ് കിറ്റുകള്‍ തയാറാക്കി വിതരണവും നടത്തി. 900 രൂപയോളം വിലവരുന്ന അത്തരത്തിലുള്ള 2,500 ഓളം ഭക്ഷ്യകിറ്റുകളാണ് ഇതുവരെ പലയിടങ്ങളിലായി വിതരണം ചെയ്തത്. കൂടാതെ, പതിനായിരത്തോളം ഭക്ഷണപ്പൊതികള്‍ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മറ്റുമൊക്കെയായി ആവശ്യക്കാരുടെയിടയില്‍ വിതരണം ചെയ്തു. മുംബൈയിലും, താനെ, റായ്ഖഡ് ജില്ലകളിലെ പല അനാഥാലായങ്ങളിലും അവശ്യ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുകയുണ്ടായി.

സുമനസുകളുടെ സഹായസഹകരണം

കമ്മ്യൂണിറ്റി കിച്ചണിലൂടെയാണ് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷണം തയാറാക്കിയിരുന്നത്. നിരവധി സുമനസുകളുടെ സഹായസഹകരണങ്ങളുടെ ബലത്തിലും ബോംബെ മുന്‍സിപ്പല്‍ കമ്മീഷണറുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്തിലുമായിരുന്നു ഈ പ്രവര്‍ത്തനങ്ങളൊക്കെ. പല ഇടവകകളും ഭക്ഷണം തയ്യാറാക്കി നല്‍കിയും സാമ്പത്തികസഹായം നല്‍കിയുമൊക്കെ പിന്തുണച്ചു.

സേവനമേഖലകള്‍ ഏറെ

വിശപ്പകറ്റുക എന്നതിനു പുറമേ മറ്റ് അടിയന്തരസഹായങ്ങളും രൂപത പൊതുജനത്തിന് നല്‍കിപ്പോരുന്നു. ആംബുലന്‍സ് സര്‍വ്വീസാണ് അതിലൊന്ന്. മറ്റു രോഗങ്ങളാല്‍ ക്ലേശിക്കുന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കുമൊക്കെ ആശുപത്രികളില്‍ പോകാനും എവിടെയെങ്കിലുമൊക്കെ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതസ്ഥലത്ത് എത്തിക്കാനുമൊക്കെ ആംബുലന്‍സ് സേവനം നല്‍കിയിരുന്നു. ഇതിനുപുറമേ പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍, ആരോഗ്യമേഖലയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ സാനിറ്റൈസറും വിതരണം ചെയ്തു. ആയിരം സാനിറ്റൈസര്‍ ബോട്ടിലുകള്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.

മാനസികവും ആത്മീയവുമായ പിന്തുണ

ഭൗതികാവശ്യങ്ങള്‍ക്കു പുറമേ, മാനസികവും ആത്മീയവുമായ പിന്തുണയും സഹായവും ആദ്യം മുതലേ നല്‍കിപ്പോരുന്നു. അതിനായി ഓണ്‍ലൈനില്‍ ഒരു കൗണ്‍സിലിംഗ് സെല്‍ രൂപീകരിച്ചിരുന്നു. വിദഗ്ധ കൗണ്‍സിലേഴ്‌സിന്റെയും ഡോക്ടര്‍മാരുടെയും സേവനം അതില്‍ ലഭ്യമായിരുന്നു. കൂടാതെ, ലോകം മുഴുവനുവേണ്ടിയും പ്രത്യേകിച്ച് രൂപതാതിര്‍ത്തിയിലെ ജനത്തിനുവേണ്ടിയും വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെ പ്രത്യേകം പ്രാര്‍ത്ഥനകളും ആരാധനയും വൈദികര്‍ നടത്തിപ്പോരുന്നു.

രൂപതാ ബിഷപ്പ് മാര്‍ തോമസ് ഇലവനാലിന്റെ സജീവസാന്നിധ്യവും പിന്തുണയും പ്രാര്‍ത്ഥനയുമാണ് ഈ പ്രവര്‍ത്തനങ്ങളിലെല്ലാം തങ്ങള്‍ക്ക് മാതൃകയും പ്രചോദനവുമെന്ന് എടുത്തുപറയുകയാണ് ഫാ. ജോബി അയത്തമറ്റം. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്’ എന്ന ഈശോയുടെ തിരുവചനം ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട് കൂടുതല്‍ തീക്ഷ്ണതയോടെ തങ്ങളുടെ പ്രവര്‍ത്തനം തുടരുകയാണ് കല്ല്യാണ്‍ രൂപത.

കീര്‍ത്തി ജേക്കബ്‌