ദൈവസ്നേഹത്തെ തിരിച്ചറിയാൻ സഹായിക്കുന്ന പ്രവർത്തിയാണ് സുവിശേഷവൽക്കരണം 

ദൈവത്തെ അറിയുവാൻ ആളുകൾക്ക് അവസരമൊരുക്കുകയും ദൈവത്തിന് മനുഷ്യരോടുള്ള അതിരറ്റ സ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുമ്പോഴാണ് സുവിശേഷവൽക്കരണം പൂർത്തിയാകുന്നത് എന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ കാര്യം ചൂണ്ടിക്കാട്ടിയത്.

ഭൗതികമായ ആകാംക്ഷകൾക്കുള്ള ഉത്തരമല്ല ദൈവം. സ്നേഹത്തിന്റെ അനുഭൂതിയാണ് അവിടുന്ന്. അതിനാൽ തന്നെ, സ്നേഹത്തിന്റെ കഥ രചിക്കുവാൻ വിളിക്കപ്പെട്ടവരാണ് നാമോരോരുത്തരും. അവിടുത്തെ രഹസ്യം അവിടുത്തെ അനന്തമായ സ്നേഹം പോലെ തന്നെ ഒരിക്കലും അവസാനിക്കാത്തതാണ് – പാപ്പാ ചൂണ്ടിക്കാട്ടി.

നാം പാപിയാണെന്നോ കുറവുള്ളവരാണെന്നോ നോക്കാതെ ദൈവത്തിന്റെ കരുണയുടെ നിലയ്ക്കാത്ത പ്രവാഹം നമ്മിലേയ്ക്ക്‌ ഒഴുക്കുവാൻ ക്രിസ്തു അനുവദിച്ചു. ഈ കരുണ നമുക്ക് ചുറ്റുമുള്ളവരിലേയ്ക്കും, നാം കണ്ടുമുട്ടുന്നവരിലേയ്ക്കും ഒഴുക്കുവാൻ നമുക്കും കടമയുണ്ട്. അങ്ങനെ ചെയ്യുമ്പോൾ നാം അവിടുത്തെ സാക്ഷികളായി മാറും. ദൈവത്തിന്റെ സ്നേഹത്തെയും സാന്നിധ്യത്തെയും വെറും വാക്കുകൾ കൊണ്ട് മാത്രം വെളിപ്പെടുത്തിയാൽ പോരാ. കാരണം, പിശാചിനു പോലും ദൈവം ഉണ്ടെന്നറിയാം. അതിനാൽ ജീവൻ പങ്കുവയ്ക്കുകയും വചനം പകരുകയും വേണം. അതിനുള്ള കൃപ പരിശുദ്ധാത്മാവ് നൽകും. പാപ്പാ വ്യക്തമാക്കി.