എട്ട് നോമ്പ് ഒന്നാം ദിവസം: പരിശുദ്ധ മറിയം –  തീർത്ഥാടക

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ എം.സി.ബി.എസ്.

തീർത്ഥാടനം പൂർണ്ണമായും ദൈവവിചാരത്തോടെ മനുഷ്യൻ നടത്തുന്ന യാത്രയാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുക എന്നതിനേക്കാൾ ജീവിതം തന്നെ ഒരു തീർത്ഥാടനമാക്കി തീർക്കാൻ സാധിക്കണം. അതായത് ത്രീത്വൈക ദൈവത്തെ ധ്യാനിച്ച് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി മനുഷ്യൻ നടത്തുന്ന യാത്ര

പരിശുദ്ധ മറിയവും പൂർണ്ണമായ അർത്ഥത്തിൽ തീർത്ഥാടകയായിരുന്നു. രക്ഷകനെ പ്രതീക്ഷിച്ച് ദൈവാലയത്തിൽ ചിലവഴിച്ച ബാല്യം, രക്ഷകന്റെ അമ്മയാകാൻ ദൈവം തിരഞ്ഞെടുത്തപ്പോൾ മടി കൂടാതെ ദൈവഹിതത്തിനു വിധേയയായ യുവതി, ഈശോയെ ഉദരത്തിൽ വഹിച്ച് എലിസബത്തിന്റെ വീട്ടിലേക്കും അവന് ജന്മം നൽകാൻ ബെത്‌ലഹേമിലേക്കും യാത്ര ചെയ്തവൾ, ഈശോയുടെ ബാല്യത്തിൽ അവന്റെ കൂടെ നടന്ന് ജ്ഞാനത്തിലും പ്രായത്തിലും അവനെ നല്ല രീതിയിൽ വളർത്തുകയും പരസ്യജീവിതകാലത്ത് അവനെ അനുഗമിക്കുകയും മകന്റെ കുരിശിന്റെ ചുവട്ടിൽ പതറാതെ നിൽക്കുകയും ചെയ്ത അമ്മ, ഈശോയുടെ ഉത്ഥാനാനന്തരം പ്രാർത്ഥനയിൽ ശിഷ്യരോടൊപ്പം ആയിരുന്ന് അവരെ ശക്തിപ്പെടുത്തിയ അമ്മ. അവസാനം പൂർണമായും ദൈവവിചാരത്തോടെയുള്ള ഈ യാത്ര സ്വർഗ്ഗാരോപണത്തിലെത്തി. ഇതാണ് ജീവിതം തന്നെ തീർത്ഥാടനമാക്കി സ്വർഗ്ഗം സ്വന്തമാക്കിയ നമ്മുടെ അമ്മ.

നമുക്കും ജീവിതം തീർത്ഥാടനമാക്കാം. അത് വെറും പുണ്യസ്ഥല സന്ദർശനമാക്കി ചുരുക്കാതെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കിയുള്ളതാവട്ടെ.

ഫാ. ആല്‍വിന്‍ കൊട്ടുപ്പള്ളില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.