ഈശോയും ഏലിയായും! വിശുദ്ധ ഗ്രന്ഥത്തിലെ സവിശേഷമായ ബന്ധം

രൂപാന്തരീകരണ സമയത്ത് ഈശോ മഹത്വപൂര്‍ണ്ണനായി കാണപ്പെട്ടപ്പോള്‍ മോശയും ഏലിയായും ഈശോയുടെ പക്കലെത്തിയതായി വി. മത്തായി, വി. മര്‍ക്കോസ്, വി. ലൂക്ക സുവിശേഷകന്മാര്‍ ചെറിയ രീതിയിലും ആ അത്ഭുതത്തിന് സാക്ഷിയായ വ്യക്തിയെന്ന നിലയില്‍ വി. യോഹന്നാന്‍ ആ സംഭവം വിശദമായി തന്നെയും വിവരിക്കുകയും ചെയ്തിട്ടുണ്ട്.

ആ സമയത്ത് മോശയുടെ സാന്നിധ്യം മനസിലാക്കാവുന്നതാണ്. കാരണം, അപ്പവും മീനും വര്‍ദ്ധിപ്പിച്ച് ആയിരങ്ങളുടെ വിശപ്പടക്കിയ സംഭവത്തിനു ശേഷമാണ് ഈശോ പ്രാര്‍ത്ഥിക്കാനായി മലയില്‍ കയറിയതും രൂപാന്തരീകരണം നടന്നതും. മോശയാകട്ടെ, മരുഭൂമിയില്‍ വച്ച് മന്നാ നല്‍കി ആയിരങ്ങളെ തീറ്റിപ്പോറ്റിയ വ്യക്തിയും. മാത്രമല്ല പുറപ്പാടിന്റെ പുസ്തകത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘മോശ സീനായ്മലയില്‍ നിന്ന് താഴേയ്ക്കു വന്നു. ദൈവവുമായി സംസാരിച്ചതിനാല്‍ തന്റെ മുഖം തേജോമയമായി എന്ന കാര്യം അവന്‍ അറിഞ്ഞില്ല’ (പുറ. 34:19) എന്ന്. ഈശോയ്ക്ക് സംഭവിച്ചതിന് സമാനമായ കാര്യം. അപ്പോള്‍ ഏലിയായുടെ കാര്യമോ?

പരമ്പരാഗതമായി മോശയും ഏലിയായും എന്നത് നിയമത്തെയും പ്രവാചകന്മാരെയുമാണ് സൂചിപ്പിക്കുന്നത്. മോശ നിയമത്തെയും, ഏലിയ പ്രവാചകരെയും സൂചിപ്പിക്കുന്നു. എന്നാല്‍ എന്തുകൊണ്ട് പ്രവാചകരായ ഏശയ്യായോ, ഹോസിയായോ സ്‌നാപകയോഹന്നാനോ ആ സമയത്ത് അവിടെ പ്രത്യക്ഷപ്പെട്ടില്ല? അതിന് കാരണമുണ്ട്. രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തില്‍ പറയുന്നുണ്ട്, ഏലിയാ മരിക്കുകയല്ല. പകരം അഗ്നിയുടെയും ചുഴലിക്കാറ്റിന്റെയും സാന്നിധ്യത്തില്‍ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെടുകയാണ് ചെയ്തത് എന്ന്. അതായത് പരിശുദ്ധ മറിയവും എനോക്കുമല്ലാതെ വിശുദ്ധ ഗ്രസ്ഥം പറയുന്നതനുസരിച്ച്, സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ട ഏകവ്യക്തി ഏലിയായാണ്. പഴയ നിയമത്തിലെ പ്രവാചകനായ മലാക്കിയും പ്രവചിച്ചിട്ടുണ്ട്, കര്‍ത്താവിന്റെ വലിയ ദിവസം ആഗതമാകുന്നതിനു മുമ്പ് ഏലിയ ഭൂമിയിലേയ്ക്ക് അയയ്ക്കപ്പെടും എന്ന്. അതായത്, ഈശോ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്ത് സ്വര്‍ഗ്ഗാരോഹണം ചെയ്യുമെന്ന് സാക്ഷ്യം നല്‍കാന്‍ പ്രവാചകനും കൂടിയായ ഏലിയായേക്കാള്‍ മികച്ചൊരാള്‍ ഉണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍.