തിരക്കേറുമ്പോൾ മറക്കരുത് ആരോഗ്യം

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

വിശ്രമജീവിതം നയിക്കുന്ന ഒരു വൈദികനെ പരിചയപ്പെട്ടു. വളരെ തിരക്കിട്ട ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. അമ്പതു വയസു കഴിഞ്ഞപ്പോഴേയ്ക്കും എങ്ങനെ രോഗിയായെന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “ഇടവകയിലെ ശുശ്രൂഷയോടൊപ്പം ധ്യാനപരിപാടികളുമുണ്ടായിരുന്നു. വല്ലാത്ത തിരക്കായിരുന്നു. സെമിനാരിയിലായിരുന്നപ്പോൾ ഭക്ഷണത്തിനും വ്യായാമത്തിനുമെല്ലാം ക്രമവും ചിട്ടയുമുണ്ടായിരുന്നു. ഇടവകയും ധ്യാനവുമൊക്കെ ആയതിൽ പിന്നെ എല്ലാം താളം തെറ്റി. വല്ലപ്പോഴുമുള്ള ഉപവാസം, സമയം തെറ്റിയുള്ള ഭക്ഷണരീതി, കൂടാതെ ഭവനസന്ദർശനത്തിനു പോകുമ്പോൾ ചായ, കാപ്പി, കൂൾ ഡ്രിങ്ക്സ് എന്നിവയെല്ലാം വീട്ടുകാരെ പിണക്കേണ്ട എന്നു കരുതി കഴിക്കുമായിരുന്നു. ധ്യാനപരിപാടികൾ ഉള്ളതിനാൽ ശരിയായ വ്യായാമവും ഇല്ലാതായി. ഇപ്പോൾ ശരീരം അസുഖങ്ങളുടെ കലവറയായി. അതുകൊണ്ട്, അച്ചനോട് ഒന്നേ പറയാനുള്ളൂ; പ്രേഷിതവേലയ്ക്കൊപ്പം ആരോഗ്യം ശ്രദ്ധിക്കണം. വ്യായാമവും വിശ്രമവും ശരിയായ ഭക്ഷണരീതിയും ശീലിച്ചില്ലെങ്കിൽ എന്റെ ഗതി തന്നെ വന്നുചേരും.”

വലിയൊരു ഉൾക്കാഴ്ചയാണ് അച്ചന്റെ വാക്കുകൾ സമ്മാനിച്ചത്‌. ഇന്ന് നമ്മുടെയെല്ലാം ജീവിതങ്ങളിൽ അമിതമായ തിരക്ക് കടന്നുകൂടിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനും വ്യായാമത്തിനും വിനോദത്തിനും കുടുംബത്തോടൊപ്പം ഉല്ലസിക്കുന്നതിനുമൊന്നും പലപ്പോഴും സമയം കണ്ടെത്താൻ നമുക്ക് കഴിയുന്നില്ല. നമ്മുടെയെല്ലാം കാർന്നവന്മാർക്കുണ്ടായിരുന്നത്ര ആരോഗ്യം നമുക്കില്ലെന്നത് പൊതുവെ അംഗീകരിക്കുന്ന സത്യമാണല്ലോ?

ഇവിടെയാണ് ക്രിസ്തു നമുക്ക് മാതൃകയാകുന്നത്. ഏറെ തിരക്കുകൾ ഉണ്ടായിരുന്നിട്ടും പ്രാർത്ഥിക്കാനും വിശ്രമിക്കാനുമെല്ലാം അവൻ സമയം കണ്ടെത്തിയിരുന്നു. ജനക്കൂട്ടത്തിൽപെട്ട് ഞെരുങ്ങാതിരിക്കുന്നതിന്‌, ശിഷ്യന്മാരോട്‌ വള്ളം ഒരുക്കിനിര്‍ത്താന് വരെ അവിടുന്ന് ആവശ്യപ്പെട്ടതായി വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് (Ref: മര്ക്കോ. 3:9).

എത്ര തിരക്കിട്ട ജീവിതത്തിനിടയിലും അല്പമൊക്കെ ചിട്ടയും നിഷ്ഠയും ശീലിച്ചില്ലെങ്കിൽ ചിലപ്പോൾ വളരെ നേരത്തെ വിശ്രമജീവിതം നയിക്കേണ്ടതായി വരും.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.