സാത്താന്‍ സേവ – ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍!

ജോണ്‍സണ്‍ പൂവന്തുരുത്ത്

നന്തൻകോട് കൂട്ടകൊലപാതക വാർത്ത പുറത്തു വന്നതോടെ സാത്താൻ സേവ വീണ്ടും കേരളത്തില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നു. ഡെവിള്‍ വര്‍ഷിപ്പ് കേരളത്തില്‍ പെരുകുകയാണ് എന്ന ഭീതിപ്പെടുത്തുന്ന യഥാര്‍ഥ്യം നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. ഈ വിഷയത്തെപ്പറ്റി വിശദമായി പഠിച്ച ജോണ്‍സണ്‍ പൂവന്തുരുത്ത് എഴുതുന്ന ആധികാരിക ലേഖനം.

ആരാണ് സാത്താന്‍? അവന്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്? അവന്‍ എങ്ങനെയാണു പ്രവര്‍ത്തിക്കുന്നത്? ഒരു സാധാരണ വ്യക്തിയെ പലവട്ടം ചിന്താകുലനാക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുള്ള ചോദ്യങ്ങളില്‍ ചിലതാകും ഇവ. ഇരുട്ടിലെവിടെയോ മറഞ്ഞുനില്‍ക്കുന്ന ഒരു ഭീകരരൂപിയാണു സാത്താനെന്നു ധരിച്ചിരുന്ന കുട്ടിക്കാലമാണു പലര്‍ക്കുമുള്ളത്. കേട്ടറിഞ്ഞതും വായിച്ചു കേട്ടതുമായ കഥകളൊക്കെയാണ് ഇത്തരം ചിത്രങ്ങള്‍ നമ്മുടെ മനസില്‍ കോറിയിട്ടത്. എന്നാല്‍, സാത്താന്‍ ആരാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമാണ്. രാത്രികളില്‍ പതുങ്ങിയെത്തുന്ന ഭീകരരൂപിയോ ഏകാന്തതയില്‍ തേടിയെത്തുന്ന അമാനുഷികനോ കായികമായി മനുഷ്യനെ നേരിടുന്ന പ്രതിയോഗിയോ ഒന്നുമല്ല സാത്താന്‍.

ലോകത്തില്‍ നന്മയും തിന്മയുമുണ്ട്, നന്മ ദൈവത്തില്‍നിന്നു വരുന്നു, തിന്മ സാത്താനില്‍നിന്നും. വളരെ ലളിതമായി വിശദീകരിച്ചാല്‍ മനുഷ്യനെ തിന്മയിലേക്കു നയിക്കുന്ന പ്രേരകശക്തിയാണു സാത്താന്‍ എന്നു പറയാം. മനുഷ്യന്റെ ചിന്തകളെയും പ്രവൃത്തികളെയും പൂര്‍ണമായും ദൈവത്തിന് എതിരാക്കി മാറ്റുകയെന്നതാണ് ഈ പ്രേരകശക്തിയുടെ ലക്ഷ്യം. ദൈവത്തിന് എതിരാകുന്നവന്‍ സ്വാഭാവികമായും സ്വന്തം സഹോദരനും സമൂഹത്തിനും തനിക്കു തന്നെയും എതിരായിരിക്കും. ദൈവത്തിനെതിരേ നിലകൊള്ളാന്‍ ശ്രമിക്കുകയും ആ വഴിയിലേക്കു മറ്റുള്ളവരെ ആനയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാത്താനിക ശക്തിയുടെ ഉത്ഭവം സംബന്ധിച്ചു ചില സൂചനകള്‍ ബൈബിള്‍ തന്നെ നമുക്കു മുന്നില്‍ വയ്ക്കുന്നു.

ലൂസിഫര്‍

ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നതനുസരിച്ചു ലൂസിഫര്‍ ആണു തിന്മയുടെ പ്രതിരൂപം. സാത്താനെ പിന്തുടരുന്നവരുടെ ആരാധനാ മൂര്‍ത്തിയാണു ലൂസിഫര്‍.  പ്രകാശം വഹിക്കുന്നവന്‍ അഥവാ പ്രകാശധാരി എന്നിങ്ങനെയാണു ലൂസിഫര്‍ എന്ന വാക്കിന്റെ അര്‍ഥം. ദൈവത്തിനെതിരേയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ സ്വര്‍ഗത്തില്‍നിന്നു അന്ധകാരത്തിലേക്കു പുറന്തള്ളപ്പെട്ട മാലാഖയാണു ലൂസിഫര്‍ എന്നാണു ക്രൈസ്തവരുടെ വിശ്വാസം. ദൈവത്തിന്റെ പ്രധാനപ്പെട്ട ഒരു മാലാഖവൃന്ദത്തിന്റെ നേതാവായിരുന്നു ലൂസിഫര്‍. എന്നാല്‍, ഒരിക്കല്‍ ലൂസിഫറിനു ദൈവത്തെപ്പോലെയാകണമെന്ന മോഹം കലശലായി. അവനും അനുയായികളും ദൈവത്തിനെതിരേ തിരിഞ്ഞു. ഇതോടെ ലൂസിഫറിനെയും സംഘത്തെയും ദൈവം സ്വര്‍ഗത്തില്‍നിന്നു പാതാളത്തിന്റെ അന്ധകാരത്തിലേക്കു തള്ളിയത്രേ. ബൈബിളില്‍ ഏശയ്യയുടെ പുസ്തകത്തിലെ പതിന്നാലാം അധ്യായത്തില്‍ ഈ പരാമര്‍ശങ്ങള്‍ കാണാം. അങ്ങനെ അന്ധകാരത്തിലേക്കു തള്ളപ്പെട്ട ലൂസിഫറും അവന്റെ അനുയായികളും ഇന്നും ഭൂമിയില്‍ ദൈവത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാണു വിശ്വാസം. ദൈവത്തിനെതിരേ പ്രവര്‍ത്തിക്കാനും തിന്മ ചെയ്യാനും മനുഷ്യരെ പ്രേരിപ്പിച്ചുകൊണ്ടാണു ലൂസിഫറിന്റെയും സംഘത്തിന്റെയും പ്രവര്‍ത്തനമെന്നും വിശ്വസിക്കപ്പെടുന്നു. ഇത്തരം ശക്തികളെ പൂജിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണു സാത്താന്‍ പ്രേമികള്‍ എന്നു വിളിക്കപ്പെടുന്നത്. ഇത്തരം ഗ്രൂപ്പുകളുടെ സംഘടിതമായ പ്രവര്‍ത്തനം ലോകമെമ്പാടും ശക്തമാണ്. തിന്മയുടെ ശക്തി എന്ന നിലയിലാണു ലൂസിഫറിനെ ആരാധനാമൂര്‍ത്തിയായി സാത്താന്‍പ്രേമികള്‍ സ്വീകരിച്ചിരിക്കുന്നത്.

ഇരകളെ തേടി

തിന്മയുടെ ശക്തിയെ ആരാധിക്കുന്നവരുടെയും ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവയുടെയും പ്രവര്‍ത്തനം നൂറ്റാണ്ടുകള്‍ക്കു മുമ്പു മുതല്‍ ലോകത്തില്‍ ദൃശ്യമാണ്. എന്നാല്‍, സമീപകാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇത്തരം ശക്തികള്‍ പുതിയ തന്ത്രങ്ങള്‍ അവലംബിച്ചു കൂടുതല്‍ ഇരകളെ തങ്ങളുടെ കെണികളിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. വിഷച്ചിലന്തികളെപ്പോലെ വലനെയ്ത് അവര്‍ ഇരകള്‍ക്കായി കാത്തിരിക്കുന്നു. ആട്ടിന്‍തോല്‍ ധരിച്ച ചെന്നായെപ്പോലെയാണ് ഇപ്പോള്‍ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.

ഞങ്ങള്‍ സാത്താന്‍ പ്രേമികളാണെന്നു പറഞ്ഞു നേരിട്ട് ആളെ കൂട്ടുന്നതിനേക്കാള്‍ ഉപരിയായി സമൂഹം വ്യാപരിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകളില്‍ തന്ത്രപരമായി കടന്നുകയറുകയും സാത്താനികമായ ആശയങ്ങളും അടയാളങ്ങളും വ്യക്തികളുടെ ബോധതലങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയുമൊക്കെയാണ് രീതി. കടുത്ത ദൈവവിശ്വാസികള്‍പോലും അറിഞ്ഞോ അറിയാതെയോ ഇത്തരം കെണികളിലേക്കു വീണുപോകുന്നുവെന്നതാണ് ഇന്നു നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. കലയുടെയും ഐടി വിപ്ലവത്തിന്റെയും ഫാഷന്റെയും വിനോദത്തിന്റെയുമൊക്കെ തോലുകള്‍ ധരിച്ചാണു തിന്മയുടെ ചെന്നായ്ക്കള്‍ വിഹാരം നടത്തുന്നത്. അതീവ ജാഗ്രതയും സൂക്ഷ്മതയുമില്ലെങ്കില്‍ ഇത്തരം നീക്കങ്ങളെ തിരിച്ചറിയാനോ ഒഴിവാക്കാനോ പ്രതിരോധിക്കാനോ കടുത്ത ദൈവവിശ്വാസികള്‍ക്കു പോലും കഴിയാതെ വരും. മനുഷ്യനു സമ്പത്തിനോടുള്ള ആര്‍ത്തിയും പരിഷ്‌കാരത്തോടുള്ള അമിതമായ ഭ്രമവും ഇത്തരം സംഘങ്ങള്‍ ഫലപ്രദമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. പെട്ടെന്നു സമ്പന്നനാകാനും എതിരാളികളെ തകര്‍ക്കാനുമൊക്കെ ഇത്തരം സംഘങ്ങളിലേക്കു ചേക്കേറുന്നവരാണു പലരും.

തുടക്കം

സാത്താന്‍ പ്രേമികളുടെ സംഘടിതമായ പ്രവര്‍ത്തനം ചരിത്രത്തില്‍ ദൃശ്യമാകുന്നത് 1960കളിലാണ്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആന്റണ്‍ എസ്. ലാവേ എന്നയാളാണു ചര്‍ച്ച് ഓഫ് സാത്താന്‍ എന്ന സംഘടിത സംവിധാനത്തിന്റെ സ്ഥാപകന്‍. 1966 ഏപ്രില്‍ 30ന് ലാവേ തന്റെ തല മുണ്ഡനം ചെയ്തു. തുടര്‍ന്നു സാത്താന്‍ സഭ സ്ഥാപിക്കുകയാണെന്നു പ്രഖ്യാപിച്ചു. (1966 ജൂണ്‍ ആറിനാണ് ഇയാള്‍ സഭ പ്രഖ്യാപിച്ചതെന്നു വാദിക്കുന്നവരുമുണ്ട്). ക്രൈസ്തവ സഭയുടെ ചിട്ടവട്ടങ്ങളെയും അനുഷ്ഠാനങ്ങളെയും വികലമായ രീതിയില്‍ അനുകരിച്ചു സാത്താനിക അനുഷ്ഠാനങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇയാള്‍ ആദ്യം ചെയ്തത്. അതിനായി സാത്താനിക ബൈബിള്‍, സാത്താനിക അനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചു. ഇന്നു സാത്താന്‍ പ്രേമികളുടെ ആശയങ്ങളുടെ അടിസ്ഥാനം ഈ ഗ്രന്ഥങ്ങളാണ്. സാത്താനിക മാമ്മോദീസ, വിവാഹം, ശവസംസ്‌കാരം ഇതൊക്കെ അനുയായികള്‍ക്കായി നടപ്പാക്കി. പുലിത്തോല്‍ ധരിച്ച അര്‍ധനഗ്നയായ സ്ത്രീകളെ അനുഷ്ഠാനങ്ങളുടെ പീഠമായും ഉപയോഗിച്ചു. ലാവേയുടെ രണ്ടാം ഭാര്യ ഡയാന സാത്താന്‍ സഭയുടെ ഉയര്‍ന്ന പുരോഹിതയായി. മക്കളെ ഇരുവരെയും ഇയാള്‍ സാത്താനിക മാമ്മോദീസയ്ക്കു വിധേയരാക്കി. മകള്‍ കാര്‍ല, യൂണിവേഴ്‌സിറ്റികളിലും കോളജുകളിലുമൊക്കെ സാത്താനിക തത്ത്വങ്ങളെക്കുറിച്ചും അനുഷ്ഠാനങ്ങളെക്കുറിച്ചുമൊക്കെ ക്ലാസുകളെടുത്തു യുവതലമുറയെ വലയില്‍ വീഴ്ത്തി. ദൈവവിശ്വാസത്തിനും നന്മയുടെ പ്രമാണങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനങ്ങളും പഠനങ്ങളും പെട്ടെന്നു തന്നെ മാധ്യമങ്ങള്‍ ആഘോഷമാക്കി. അതീവ അപകടകരമായ ആശയങ്ങളായിരുന്നു ലാവേ അദ്ദേഹത്തിന്റെ അനുയായികള്‍ക്കു പങ്കുവച്ചു നല്കിക്കൊണ്ടിരുന്നത്. വ്യവസ്ഥാപിത സംവിധാനങ്ങളോടുള്ള കടുത്ത എതിര്‍പ്പ് സാത്താന്‍ സഭയുടെ മുഖമുദ്രയായിരുന്നു. സ്വന്തം സുഖം, സന്തോഷം, പ്രതികാരം തുടങ്ങിയ മനോഭാവം അനുയായികളില്‍ വളര്‍ത്തി. ശത്രുക്കള്‍ കഠിനമായി വെറുക്കപ്പെടേണ്ടവരും തകര്‍ക്കപ്പെടേണ്ടവരുമാണെന്നു ഈ സംഘം പഠിപ്പിച്ചിരുന്നു. ഇവര്‍ക്കിടയില്‍ ലൈംഗിക ആസക്തികള്‍ക്കു പ്രത്യേക പരിഗണനയും പരിവേഷമുണ്ടായിരുന്നു. പുജ്യമായ വസ്തുക്കളെ നിന്ദിക്കുന്നതും അവഹേളിക്കുന്നതും വൈകൃതങ്ങളുമൊക്കെ നിറഞ്ഞതാണ് സാത്താന്‍ പ്രേമികളുടെ അനുഷ്ഠാനങ്ങള്‍. ബ്ലാക്ക് മാസ് എന്നറിയപ്പെടുന്ന കറുത്ത കുര്‍ബാനയാണ് ഇതില്‍ പ്രധാനം. വിശുദ്ധ കുര്‍ബാനയെ വികലമായി അനുകരിച്ചു നടത്തുന്ന സാത്താന്‍ പൂജയാണിത്. ഇത്തരം കര്‍മങ്ങള്‍ക്കായി ദേവാലയങ്ങളില്‍നിന്നു തിരുവോസ്തി കവര്‍ന്നെടുക്കുകയോ ആരെയെങ്കിലും പണമോ മറ്റോ നല്കി സ്വാധീനിച്ചു സ്വന്തമാക്കുകയോ ചെയ്യുന്ന സംഭവങ്ങള്‍ പലേടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടക്കെണി

ഇയാള്‍ക്കു മുമ്പ് നൈറ്റ് ടെംബ്ലര്‍, ദി ഹെല്‍ഫയര്‍ ക്ലബ്, ദി ഹെര്‍മെറ്റിക് ഓര്‍ഡര്‍ ദി ഗോള്‍ഡന്‍ ഡോണ്‍ ആന്‍ഡ് അലിസ്റ്റര്‍ ക്രോലീ തുടങ്ങിയവര്‍ ഇത്തരം ആശയങ്ങളുടെ പ്രചാരകരായി രംഗത്തുവന്നിരുന്നു. ഈ സംഘങ്ങളുടെ ചരിത്രം ആന്റണ്‍ ചികഞ്ഞെടുത്താണു തിന്മയുടെ ശക്തികളെ പ്രീതിപ്പെടുത്താനുള്ള അനുഷ്ഠാനങ്ങള്‍ ഇയാള്‍ രൂപപ്പെടുത്തിയത്. മന്ത്രവാദിയെപ്പോലെ നീളന്‍കുപ്പായങ്ങള്‍ ധരിച്ചു. തലയോട്ടിയും മറ്റും ഒപ്പംകൊണ്ടു നടന്നു. ഭൂമിയിലെ കാര്യങ്ങളെ ഭരിക്കുന്ന, പ്രകൃതിയില്‍ ഒളിച്ചിരിക്കുന്ന കറുത്ത ശക്തിയാണു സാത്താനെന്ന് ഇയാള്‍ നിരൂപിച്ചു. കാമം, സുഖഭോഗം തുടങ്ങിയവയുടെ ആകെത്തുകയായ പ്രകൃതിജീവിയാണു മനുഷ്യന്‍, ജഡികത ആഘോഷിക്കപ്പെടാനുള്ളതാണ്, സുഖഭോഗങ്ങള്‍ക്കുള്ള വഴിയില്‍ തടസമായി വരുന്നവര്‍ ശപിക്കപ്പെട്ടവരാണ്.. എന്നിങ്ങനെ നീണ്ടു ഇയാളുടെ കണ്ടെത്തലുകളും പഠനങ്ങളും. മാധ്യമശ്രദ്ധ നേടിയതോടെ അപകടമറിയാതെ യുവതലമുറ വന്‍ തോതില്‍ ഇത്തരം നിഗൂഢപ്രവര്‍ത്തനങ്ങളിലേക്കു വഴുതിവീണു.

ആധുനിക സാത്താന്‍ സഭയ്ക്കും പ്രചാരണതന്ത്രങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചതു ആന്റണ്‍ എസ്. ലാവേ ആണെങ്കിലും സാത്താന്‍ ആരാധനയുടെ തുടക്കം ഇയാളില്‍ അല്ല. നവോത്ഥാനത്തിന്റെ കാലഘട്ടത്തില്‍ സാത്താനെ പൂജിക്കുന്ന നിരവധി മന്ത്രവാദികളും ഗ്രൂപ്പുകളും ഉണ്ടായിരുന്നു. ഇക്കാര്യത്തില്‍ പലരും പിന്നീടു കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പതിനേഴാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടു എന്നു കരുതുന്ന (അതിനേക്കാള്‍ പഴക്കമുണ്ടെന്ന വാദവും നിലവിലുണ്ട്) ദി ഗ്രിമോയ്ര്‍ ഓഫ് ഹോണോറിയസ് എന്ന മന്ത്രവാദ ഗ്രന്ഥത്തില്‍ തിന്മയുടെ ശക്തികളെ ആരാധിക്കുന്നതു സംബന്ധിച്ച പരാമര്‍ശങ്ങളുണ്ട്. മന്ത്രവാദകര്‍മങ്ങള്‍, ലൈംഗിക വൈകൃതങ്ങള്‍ ഉള്‍പ്പെട്ട അനുഷ്ഠാനങ്ങള്‍, ബ്ലാക്ക് മാസ് തുടങ്ങിയവയൊക്കെ ഇത്തരം ഗ്രൂപ്പുകള്‍ക്കിടയില്‍ അരങ്ങേറിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലും ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ സംഘടിത പ്രവര്‍ത്തനങ്ങളുടെ  കാര്യമായ ചരിത്രമില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ബ്ലാക്ക് പോപ് എന്ന പേരില്‍ കുപ്രസിദ്ധനായ അലിസ്റ്റെര്‍ ക്രോലീയാണു തിന്മയുടെ ശക്തികളെ പ്രീതിപ്പെടുത്തുന്ന കര്‍മങ്ങളുമായി സജീവമായത്. ആന്റണ്‍ എസ്. ലാവേ തുടങ്ങിവച്ച സാത്താന്‍ സഭയുടെ നീക്കങ്ങള്‍ ലോകമെമ്പാടും വല വിരിച്ചിട്ടുണ്ട്. ഇരകള്‍ക്കായി നിരവധി കെണികളൊരുക്കി ഇത്തരം വിഷച്ചിലന്തികള്‍ കാത്തിരിക്കുന്നു.

അടയാളങ്ങള്‍

സാത്താനിക ആശയങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കാനും സൂചിപ്പിക്കാനുമായി നിരവധി പ്രതീകങ്ങളെ  ഉപയോഗിക്കുന്ന പതിവ് എക്കാലത്തും ഇത്തരക്കാരുടെ ഇടയിലുണ്ടായിരുന്നു. ആധുനിക കാലത്ത് ഇത്തരം പ്രവണതകള്‍ക്ക് ആക്കംകൂടിയിട്ടുണ്ട്. ചിഹ്നങ്ങളും ചിത്രങ്ങളും അക്കങ്ങളുമൊക്കെ ഇങ്ങനെ പ്രതീകവത്കരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രതീകങ്ങള്‍ തങ്ങളുടെ ആരാധനാവേദികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും വേഷങ്ങളിലുമൊക്കെ ഇവര്‍ പതിപ്പിക്കാറുണ്ട്. സ്വന്തം ശരീരത്തില്‍ ഇത്തരം പ്രതീകങ്ങള്‍ പച്ച കുത്തുന്നവരുമുണ്ട്. നിരുപദ്രവമെന്നു തോന്നാവുന്ന തരത്തില്‍ സമൂഹത്തില്‍ ഇവ പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നു. ആഭരണങ്ങളായും സ്റ്റിക്കറുകളായും റ്റാറ്റൂകളായുമൊക്കെ ഇത്തരം പ്രതീകങ്ങള്‍ ദൈവവിശ്വാസികള്‍ക്കിടയില്‍ പോലും കടന്നുകയറുന്നു. താരതമ്യേന നിര്‍ദോഷമെന്നു സമൂഹം വിലയിരുത്തുന്ന കളിപ്പാട്ടങ്ങള്‍, കാര്‍ട്ടൂണുകള്‍, ചിത്രകഥകള്‍, വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍ തുടങ്ങിയവയില്‍ പോലും ഇത്തരം പ്രതീകങ്ങള്‍ ഒളിച്ചിരിക്കുന്നുവെന്നതു നാം തിരിച്ചറിയേണ്ട യാഥാര്‍ഥ്യം. ഇത്തരം പ്രതീകങ്ങളെ അറിഞ്ഞോ അറിയാതെയോ സിനിമാറ്റിക് ഡാന്‍സ് പോലെയുള്ളവയില്‍ ദൃശ്യവത്കരിക്കുന്നവരുടെ എണ്ണവും പെരുകിയിരിക്കുകയാണ്. ദേവാലയങ്ങള്‍ പോലും ഇത്തരം പരിപാടികള്‍ക്കു വേദിയാകുന്നുണ്ടെന്നതും കരുതലോടെ കാണേണ്ടതാണ്.

തല കീഴായ കുരിശ്, തല കീഴായ പെന്റഗ്രാം, 666, സാത്താനിക പദങ്ങളുടെ തിരിച്ചെഴുത്ത്, കോഡു വാക്കുകള്‍ തുടങ്ങിയവയൊക്കെ സാത്താന്‍പ്രേമികള്‍ ഇപ്പോള്‍ വ്യാപകമായി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതൊക്കെ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ്. വെളിപാടിന്റെ പുസ്തകത്തിലെ തിന്മയുടെ ശക്തിയുടെ അടയാളമായി 666 എന്ന പരാമര്‍ശമുണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് സാത്താനിക അക്കമായി 666 എന്നതിന്റെ പ്രചരിപ്പിക്കുന്നത്. ഇതു ഗോപ്യമായി സൂചിപ്പിക്കാന്‍ ഇംഗ്ലീഷിലെ ആറാമത്തെ അക്കമായ എഫ് (എഎഎ) എന്നതും ഇക്കൂട്ടര്‍ ഉപയോഗിക്കാറുണ്ട്.

വിനോദ ലോകം

സാത്താന്‍ പ്രേമികള്‍ ഫലപ്രദമായി ദുരുപയോഗിച്ചുകൊണ്ടിരുന്ന മേഖലകളിലൊന്നാണു വിനോദലോകം (എന്റര്‍ടെയിന്റ്‌മെന്റ് ഇന്‍ഡസ്ട്രി). കുട്ടികളെയും യുവതലമുറയെയും സ്വാധീനിക്കാന്‍ കഴിയുന്ന രംഗമെന്ന നിലയില്‍ ഇവയിലൂടെ സാത്താനിക ആശയങ്ങള്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നു. വീഡിയോ ഗെയിമുകള്‍, കംപ്യൂട്ടര്‍ ഗെയിമുകള്‍, സിനിമകള്‍, കാര്‍ട്ടൂണ്‍ ചാനലുകള്‍, കളിക്കുള്ള കാര്‍ഡുകള്‍, ചീട്ടുകള്‍ തുടങ്ങിയവയും സാത്താനിക ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.  Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception , Guitar Hero III, Devil May Cry, The Binding Of Isaac, The Ninja Kids തുടങ്ങിയ സാത്താനികമായ വിഷയങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള വീഡിയോ ഗെയിമുകളില്‍ ചിലതാണ്. കുട്ടികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുള്ള കാര്‍ട്ടൂണ്‍ കഥാപാത്രമായ സ്‌പൈഡര്‍മാന്‍ സാത്താനിക കൈമുദ്ര കാണിക്കുന്നതു ലോകത്തിനു ഞെട്ടല്‍ സമ്മാനിച്ചിരുന്നു. ദിനംപ്രതി ഇങ്ങനെ ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ പുതിയ വീഡിയോ ഗെയിമുകള്‍ പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍, ഇവയില്‍ നല്ലൊരു ശതമാനത്തിന്റെയും വിഷയവും കഥാപാത്രങ്ങളും നെഗറ്റീവ് ചിന്താഗതികള്‍ വളര്‍ത്തുന്നവയാണ്. ഡെവിളിനെ കഥാപാത്രങ്ങളാക്കിയും സാത്താനികമായ ആശയങ്ങള്‍ വിഷയമാക്കിയുമൊക്കെയാണു പല വീഡിയോ ഗെയിമുകളും പുറത്തിറങ്ങുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെയാണു മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ഇവയൊക്കെ വാങ്ങി നല്കുന്നത്. കുട്ടികള്‍ ഇന്റര്‍നെറ്റില്‍നിന്നും മറ്റും ഇവ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുകയും ചെയ്യുന്നുണ്ട്. സത്താന്‍ പ്രേമികള്‍ ഉള്‍പ്പെടെയുള്ള തിന്മയുടെ ശക്തികള്‍ വിനോദവ്യവസായത്തെ ആശയപ്രചരണത്തിനു ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇതിനോടു ചേര്‍ത്തു വായിക്കുമ്പോഴാണു കുട്ടികളുടെ മുന്നിലൊരുക്കിയിരിക്കുന്ന കെണികളുടെ ആഴം വ്യക്തമാകുന്നത്. വീഡിയോ ഗെയിമുകളെല്ലാം കുഴപ്പങ്ങളാണെന്നല്ല ഇത് അര്‍ഥമാക്കുന്നത്. എന്നാല്‍, ഈ രംഗത്തു വിവേകപൂര്‍വമുള്ള തെരഞ്ഞെടുപ്പുകളും ജാഗ്രതയും വേണമെന്നു ചുരുക്കം.

ഭക്തവസ്തുക്കള്‍

സാത്താനെ സൂചിപ്പിക്കുന്ന ഒരു കൈമുദ്രയ്ക്കു സാത്താന്‍ പ്രേമികള്‍ വന്‍ പ്രചാരം നല്കുന്നുണ്ട്. അടുത്ത കാലത്തായി ഈ മുദ്ര യുവതലമുറയ്ക്കിടയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു. സിനിമാറ്റിക് ഡാന്‍സുകളിലും മറ്റും ഇത്തരം മുദ്രകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ടീഷര്‍ട്ടുകളിലും മറ്റും ഈ മുദ്രപതിപ്പിച്ചു നടക്കുന്നവരെയും കാണാം. ഒരു സ്റ്റൈല്‍ എന്നതിലുപരി എന്താണ് ഇതിന്റെ അര്‍ഥമെന്നു പലര്‍ക്കും അറിയില്ല എന്നതാണു യാഥാര്‍ഥ്യം. ചൂണ്ടു വിരലും ചെറുവിരലും കൊമ്പുകള്‍ പോലെ മുകളിലേക്ക് ഉയര്‍ത്തി കാണിക്കുന്ന ഈ മുദ്ര സാത്താനെ പ്രതിനിധീകരിക്കുന്നതാണ്. ഈ മുദ്ര കാണിക്കുന്നവര്‍ സാത്താന്‍ ജയിക്കട്ടെ എന്ന ആശയമാണു പ്രകടിപ്പിക്കുന്നത്.

വ്യാജഭക്തവസ്തുക്കളാണ് ഈ രംഗത്തു ഭീഷണിയായി മാറിയിരിക്കുന്ന മറ്റൊരു ഘടകം. സാത്താനികമായ ചിഹ്നങ്ങളും പ്രതീകങ്ങളും ഭക്തവസ്തുക്കളില്‍ തന്ത്രപരമായ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്ന രീതിയാണിത്. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒന്നാണു സാത്താനിക ജപമാല.

സാത്താനിക ജപമാല

യഥാര്‍ഥ കൊന്തയുടെ അവിഭാജ്യഘടകമാണു ക്രൂശിതരൂപം. എന്നാല്‍, സാത്താനിക കൊന്തയില്‍ ക്രിസ്തുവിനെ നിന്ദിക്കുന്നതിന്റെ  ഭാഗമായി തലകീഴായ ക്രൂശിതരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ തന്നെ സാത്താന്‍ പ്രേമികളുടെ പ്രധാന ചിഹ്നമായ തലകീഴായ പെന്റഗ്രാമും ഇതില്‍ പതിപ്പിച്ചിട്ടുണ്ട്. കന്യകാമറിയത്തിന്റെ രൂപവും തല കീഴായി കോര്‍ക്കും. ഇത്തരം വ്യാജജപമാലകളെ വൈകൃതങ്ങള്‍ നിറഞ്ഞ അനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന പതിവും ചില സംഘങ്ങള്‍ക്കിടയിലുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ ഇത്തരം വ്യാജജപമാലകളെ തിരിച്ചറിയാനാകും. എന്നാല്‍, ചില സാത്താനിക ഗ്രൂപ്പുകള്‍ പ്രചരിപ്പിക്കുന്ന വ്യാജജപമാലകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ന്യൂ ഏജ് റോസറിയുടെ മറവില്‍ ഇത്തരം വ്യാജജപമാലകള്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

എങ്ങനെ ഇതൊക്കെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ആശങ്കയോടെ പലരും ഉയര്‍ത്തുന്ന ചോദ്യം. ജപമാല ഉള്‍പ്പെടെയുള്ള ഭക്തവസ്തുക്കള്‍ മതസ്ഥാപനങ്ങളുടെ അംഗീകൃതകേന്ദ്രങ്ങളില്‍നിന്നു മാത്രം വാങ്ങുകയെന്നതാണ് ഏറ്റവും എളുപ്പത്തില്‍ സ്വീകരിക്കാവുന്ന മുന്‍കരുതല്‍. വഴിയോരങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമൊക്കെ അപരിചിതര്‍ വിറ്റഴിക്കുന്ന വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ആരെങ്കിലും സമ്മാനിക്കുകയോ മറ്റോ ചെയ്യുന്ന കൊന്തയും മറ്റു സാധനങ്ങളും  ശ്രദ്ധയോടെ പരിശോധിച്ചിട്ടു വേണം ഭക്തകാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍.

സംഗീതത്തിലും

സംഗീതം മനസിന് ആനന്ദവും ഉല്ലാസവും പകരുന്നവയാണ്. അതിനൊപ്പം തന്നെ മനുഷ്യനെ പ്രചോദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആശയങ്ങളും സംഗീതത്തില്‍ ഉള്‍ച്ചേരുന്നു. മനുഷ്യനെ വളരെ എളുപ്പത്തില്‍ ആകര്‍ഷിക്കാനും സ്വാധീനിക്കാനും കഴിയുന്ന കല കൂടിയാണു സംഗീതം. എന്നാല്‍, സംഗീതത്തെയും തിന്മയുടെ ശക്തികള്‍ തന്ത്രപരമായി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ഇതു തിരിച്ചറിയാത്തതിന്റെ ഫലമോ, കടുത്ത ദൈവവിശ്വാസികള്‍ പോലും പലപ്പോഴും സാത്താന്‍ സ്തുതികളും മറ്റും ഏറ്റുപാടിയും കേട്ട് ആസ്വദിച്ചും കബളിപ്പിക്കപ്പെടുന്നു. റോക്ക് മ്യൂസിക്, റാപ് മ്യൂസിക് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഇന്നു ലോകത്തില്‍ ഏറ്റവുമധികം സാത്താനിക സ്തുതികള്‍ പ്രചരിപ്പിക്കപ്പെടുന്നത്. നമ്മുടെ കൗമാര-യുവതലമുറയിലെ വലിയൊരു വിഭാഗം റോക്ക് മ്യൂസിക്കിന്റെയും മറ്റും ആരാധകരാണെന്നത് അപകടക്കെണിയുടെ ആഴംകൂട്ടുന്നു. റോക്ക് മ്യൂസിക്കില്‍ വലിയൊരു ഭാഗം സാത്താനെ പ്രകീര്‍ത്തിക്കുന്നതോ സാത്താനിക ആശയങ്ങള്‍ പങ്കുവയ്ക്കുന്നതോ ആണ്. സാത്താനിസം, കുട്ടികളെ കിഡ്‌നാപ്പ് ചെയ്യല്‍, കൊലപാതകം, ലൈംഗിക അതിക്രമങ്ങള്‍, കൊള്ളടികള്‍, ആക്രമണങ്ങള്‍ തുടങ്ങിയവയാണു മിക്ക റാപ് മ്യൂസിക്കുകളുടെയും വിഷയം.

നിഗൂഢപ്രസ്ഥാനങ്ങള്‍

ലോകത്തെമ്പാടും അതീവരഹസ്യ സ്വഭാവത്തോടെ ദുരൂഹമായ അനുഷ്ഠാനരീതികളുമായി പ്രവര്‍ത്തിക്കുന്ന സംഘങ്ങളാണ് ഫ്രീമേസണ്‍റി (Freemasonry). ദുരൂഹതകളുടെ കൂടാരമായിട്ടാണു ഇവരുടെ കേന്ദ്രങ്ങളെ പൊതുസമൂഹം കരുതുന്നത്. ഇതിലെ അംഗങ്ങള്‍ ഫ്രീമേസണ്‍ (Freemason) എന്നാണു വിളിക്കപ്പെടുന്നത്. ഈ സംഘത്തെ വിശദീകരിക്കുക ദുഷ്‌കരമാണ്. മതവിശ്വാസികളെയാണു ഫ്രീമേസണ്‍റി ലക്ഷ്യമിടുന്നത്. ഒരിക്കലും ഒരു നിരീശ്വരവാദിയെ അവര്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയില്ല. അതേസമയം, ഏതു മതത്തില്‍പ്പെട്ടയാളെയും ഫ്രീമേസണായി സ്വീകരിക്കും. ആരാധനാരീതികളിലും അനുഷ്ഠാനങ്ങളിലുമൊക്കെ അതീവരഹസ്യം കാത്തുസൂക്ഷിക്കുന്ന ഈ സംഘം അത്രയ്ക്കു കൂറും വിശ്വാസ്യതയും നേടുന്നവരെ മാത്രമേ സംഘത്തിലേക്കു പ്രവേശിപ്പിക്കൂ. അതുതന്നെ മിക്കപ്പോഴും സമ്പന്നരും സമൂഹത്തിലെ ഉന്നതപദവിയിലുള്ളവരുമൊക്കെയായിരിക്കും ഇവരുടെ അംഗങ്ങള്‍. ഡോക്ടര്‍മാരും ജഡ്ജിമാരും മറ്റു പ്രഫഷണലുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ട്. വിദേശരാജ്യങ്ങളില്‍ ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും വരെ ഈ നിഗൂഢവിശ്വാസത്തിലേക്കു ചേര്‍ക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ നയരൂപീകരണത്തിലും നിയമങ്ങളുണ്ടാക്കുന്നതിലുമൊക്കെ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇത്തരം സംഘങ്ങള്‍ക്കു കഴിയുന്നുണ്ടെന്നുള്ളതാണു ലോകത്തിന്റെ ഏറ്റവും വലിയ ആശങ്ക. ധാര്‍മികമൂല്യങ്ങള്‍ക്കു വിഘാതവും വിരുദ്ധവുമായ നിയമങ്ങളും മറ്റും പല രാജ്യങ്ങളിലും നിര്‍മിക്കപ്പെടുന്നതിനു പിന്നില്‍ ഇത്തരം സ്വാധീനശക്തികളുണ്ടോയെന്ന സംശയവും ലോകത്തില്‍ പ്രബലമാണ്. ഇന്ത്യയിലും കേരളത്തിലും ഇത്തരം ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. ഇന്ത്യയില്‍ 350തിലേറെ ലോഡ്ജുകളും ഇരുപതിനായിരത്തോളം അനുയായികളുമുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടിട്ടുള്ളത്. സാത്താനിക സംഘങ്ങള്‍ പുലര്‍ത്തി വന്നിരുന്നതിനോടു സാമ്യം തോന്നുന്ന അനുഷ്ഠാന രീതികളാണ് ഇവരും വച്ചുപുലര്‍ത്തുന്നത്. ഫ്രീമേസണ്‍റിയില്‍നിന്നു പുറത്തുപോയവര്‍ പറഞ്ഞ കഥകളാണ് ഇവരുടെ ആരാധനാരീതികളെക്കുറിച്ചു ലോകത്തിനുള്ള വിവരം.  പ്രത്യേകരീതിയില്‍ നല്കുന്ന ഹാന്‍ഡ് ഷേക്ക്, കോഡ് വാക്ക്, മറ്റു ചിഹ്നങ്ങള്‍ തുടങ്ങിയവയിലൂടെ ഫ്രീമേസണായിട്ടുള്ള ഒരാള്‍ക്കു മറ്റൊരാളെ തിരിച്ചറിയാന്‍ കഴിയും.

വിവിധ മതനേതൃത്വങ്ങള്‍ ഫ്രീമേസണ്‍റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍നിന്നു മതവിശ്വാസികളെ വിലക്കിയിട്ടുണ്ട്. 1884ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ചാക്രികലേഖനത്തിലൂടെ ഫ്രീമേസണ്‍ ഗ്രൂപ്പുകളുടെ തത്ത്വശാസ്ത്രവും ധാര്‍മികതയും കത്തോലിക്ക സഭയ്ക്ക് എതിരാണെന്നു പഠിപ്പിച്ചു. 1983 നവംബര്‍ 26ന് മാസോണിക് ഗ്രൂപ്പുകളെക്കുറിച്ചു വത്തിക്കാനിലെ വിശ്വാസതിരുസംഘം വ്യക്തമായ വിലയിരുത്തല്‍ നടത്തി. ഈ സംഘടനയില്‍ വിശ്വാസികള്‍ അംഗമാകുന്നത് നിരോധിച്ചു. ഇത്തരം ഗ്രൂപ്പുകളോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവര്‍ പാപാവസ്ഥയിലാണെന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ലെന്നും തിരുസംഘം പുറപ്പെടുവിച്ച രേഖയില്‍ പറയുന്നു.

തീക്കളികള്‍

ഓജോ ബോര്‍ഡ് എന്ന പേരില്‍ കേരളത്തില്‍ കുപ്രസിദ്ധമായ അപകടക്കെണികളിലൊന്നാണു വീ ജ ബോര്‍ഡ് (Wee-juh board എന്നതാണ് ഉച്ചാരണം.Yesഎന്നര്‍ഥമുള്ള ഫ്രഞ്ച്-ജര്‍മന്‍ പദങ്ങള്‍ ചേര്‍ന്ന വാക്കാണ് oui-ja). ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പാണു മലയാളികള്‍ക്കു മുന്നിലേക്ക് വീ ജ ബോര്‍ഡ് എന്ന കെണി വന്നു വീണത്. വീ ജ ബോര്‍ഡ് ഉപയോഗിച്ച് ആത്മാക്കളുമായി ആശയവിനിമയം നടത്താന്‍ കഴിയുമെന്നതാണ് ഇതു പ്രചരിപ്പിക്കുന്നവരുടെ വാദഗതി. മനഃശാസ്ത്രജ്ഞരും മതനേതാക്കളുമുള്‍പ്പെടെ പലതവണ വീ ജ ബോര്‍ഡിനെതിരേ ശക്തമായ മുന്നറിപ്പ് നല്കിയിട്ടുണ്ട്. സോഷ്യോളജിസ്റ്റുകള്‍ വീ ജ ബോര്‍ഡ് ഉപയോഗിക്കുന്നവരെ നിഗൂഢ ശക്തികളെ ആരാധിക്കുന്നവരുടെ (cult members) ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. സാത്താനിക ഉപകരണങ്ങളിലൊന്നായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. തിന്മയുടെ സന്ദേശങ്ങളുമായുള്ള സമരസപ്പെടലാണു അത്യന്തികമായി വീ ജ ബോര്‍ഡ് ഉപയോഗത്തില്‍ സംഭവിക്കുന്നതെന്നു മതാധികാരികള്‍ ചൂണ്ടിക്കാണിക്കുന്നു. അതീന്ദ്രീയ ശക്തികളുടെ സാന്നിധ്യം താന്‍ അനുഭവിക്കാന്‍ പോവുകയാണെന്ന രീതിയില്‍ മനസിനെ പരുവപ്പെടുത്തുന്നവര്‍ വീ ജ ബോര്‍ഡിനരികെ ഉണ്ടാകുന്ന എല്ലാ അനുഭവങ്ങളെയും ആത്മാക്കള്‍ സംഭവിപ്പിക്കുന്നതാണെന്നു ധരിച്ചുകളയും. പലപ്പോഴും വ്യക്തികളുടെ ഉപബോധ മനസാണ് ഇത്തരം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുക. അതീന്ദ്രീയശക്തിയുമായി ബന്ധം സ്ഥാപിക്കപ്പെട്ടെന്ന വിശ്വാസത്തിലേക്കു വഴുതി വീഴുന്ന വ്യക്തി അത്തരം ശക്തികളുടെ അടിമയായി മാറും എന്നതാണു വീ ജ ബോര്‍ഡ് ഉപയോഗത്തിന്റെ പരിണിതഫലം. കടുത്ത മാനസിക സംഘര്‍ഷം, ഒറ്റപ്പെട്ടു നില്‍ക്കാനുള്ള പ്രവണത, തെറ്റായ കാഴ്ചപ്പാടുകള്‍, നിഗൂഢമായ പെരുമാറ്റരീതികള്‍, സ്വഭാവ വൈകല്യങ്ങള്‍ തുടങ്ങി നിരവധി മാനസിക പ്രശ്‌നങ്ങളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.

ഇനിയും സമയമുണ്ട്

അറിഞ്ഞോ അറിയാതെയോ ഇത്തരം സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരെ ശാരീരികവും മാനസികവും ആത്മീയവുമായ നിരവധി പ്രശ്‌നങ്ങള്‍ കാത്തിരിക്കുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും തകര്‍ച്ചയാണ് ഇത്തരം അവസ്ഥകളുടെ പരിണിതഫലം. അവരുടെ ആശയങ്ങളോട് അടുക്കാനോ ഇടയായിട്ടുള്ളവര്‍ രക്ഷപ്പെടാന്‍ വൈകിയിട്ടില്ലെന്നു തിരിച്ചറിയണം. തിരിച്ചുവരവിനായി അവര്‍ പല കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടി വരും. 1. ഇത്തരം സംഘങ്ങളിലേക്കു വീണപോയതു സ്വയം ഏറ്റുപറയുക 2. തിന്മയുമായുള്ള ബന്ധവും കരാറുകളും അവസാനിപ്പിക്കുക, സാത്താനികമായ എല്ലാ പെരുമാറ്റങ്ങളില്‍നിന്നും നിര്‍ബന്ധബുദ്ധിയോടെ പിന്‍മാറുക, ദൈവികമായ കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടുക 3. സാത്താനുമായി ബന്ധപ്പെട്ട എല്ലാ വസ്തുക്കളെയും ശേഖരണങ്ങളെയും ഉപേക്ഷിക്കുക 4. മതപരമായ അനുഷ്ഠാനങ്ങളില്‍ ശ്രദ്ധയൂന്നുക 5. മറ്റുള്ളവര്‍ക്കു നന്മ ചെയ്യാന്‍ സമയം ചെലവഴിക്കുക. 6. സാത്താനികമായ എല്ലാ കാര്യങ്ങളെയും ഉപേക്ഷിച്ചെന്ന് എല്ലാ ദിവസവും സ്വയം ബോധ്യപ്പെടുത്തുക. 7. ദൈവത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ ശ്രമിക്കുക, ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് അടക്കമുള്ള സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക. പ്രഫഷണല്‍ വിദ്യാഭ്യാസവും മെച്ചപ്പെട്ട ജോലിയും ജീവിതനിലവാരവുമൊക്കെ സ്വന്തമാക്കുന്നതുപോലെ തന്നെയോ അതിനേക്കാള്‍ പ്രാധാന്യത്തോടെയോ നടത്തേണ്ടതാണു മൂല്യപഠനവും മതപഠനവുമെന്ന ബോധ്യം യുവതലമുറയ്ക്കു പകരുക, അതിനു അവസരമൊരുക്കുക. കുട്ടികളുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്തുക, അവരുടെ ആത്മീയ കാര്യങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുക ഇങ്ങനെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങളിലെങ്കിലും ശ്രദ്ധ പുലര്‍ത്തിയാല്‍ തലമുറകളെ സംരക്ഷിച്ചു നിര്‍ത്താം…

ജോണ്‍സണ്‍ പൂവന്തുരുത്ത്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.