കന്യാസ്ത്രീയുടെ കരം പിടിച്ച് നിത്യതയിലേക്ക് യാത്രയായ അപ്പൻ

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു അപ്പന്റെയും മകളുടെയും കഥ. ഏകമകൾ സിസ്റ്ററാകാൻ പോകുന്നതിന് ഏറ്റവും എതിർപ്പ്  അപ്പനായിരുന്നു. അവൾ കരഞ്ഞപേക്ഷിച്ചിട്ടും അയാൾ സമ്മതം മൂളിയില്ല. അവസാനം വിവാഹാലോചനകൾ വന്നു തുടങ്ങി. കാണാൻ വന്ന ചെറുക്കനോട് അവൾ പറഞ്ഞു: “എന്റെ ആഗ്രഹം ഒരു സിസ്റ്ററാകാനാണ്. അപ്പനതിന് തീരെ താല്‍പര്യമില്ല. ധിക്കരിച്ച് പോകാൻ മനസും വരുന്നില്ല. എന്നെ ഇഷ്ടമായില്ലെന്ന് അപ്പനോട് പറയണം. അപേക്ഷയാണ്.”

അയാൾക്ക് കാര്യം മനസിലായി. അവളെ ഇഷ്ടമായില്ലെന്ന് പറഞ്ഞ് അയാൾ തിരിച്ചുപോയി. അന്ന് രാത്രി അവൾ അപ്പനോട് പറഞ്ഞു: “അപ്പാ, എനിക്കിപ്പോഴും ഒരു കന്യാസ്ത്രീയാകണമെന്നാണ് ആഗ്രഹം. ഇന്ന് വന്നയാളെ ഞാനാണ് മടക്കിയയച്ചത്. അപ്പൻ വഴക്ക് പറയരുത്. ഒരു കുടുംബജീവിതത്തേക്കാൾ എനിക്കിഷ്ടം സന്യാസമാണ്. ദയവായി അപ്പൻ സമ്മതിക്കണം.”

അന്നത്തെ അവളുടെ കണ്ണുനീരിൽ അയാളുടെ മനസലിഞ്ഞു. പിറ്റേന്ന് രാവിലെ അയാൾ മകളുടെ ആവശ്യത്തിന് അനുമതി നൽകി. വർഷങ്ങൾക്കു ശേഷം മകളുടെ സഭാവസ്ത്ര സ്വീകരണ സമയത്ത് അയാളവൾക്ക് സമ്മാനമായ് നൽകിയത് അവളുടെ വിവാഹത്തിന് കരുതിയിരുന്ന സ്വർണ്ണാഭരണങ്ങളായിരുന്നു. അവളത് സന്തോഷത്തോടെ മേലധികാരികളെ എൽപ്പിച്ചു.

വർഷങ്ങളേറെ കഴിഞ്ഞു. രോഗബാധിതനായി ആ അപ്പൻ ആശുപത്രിയിൽ കിടക്കുമ്പോൾ അതേ ആശുപത്രിയിലുള്ള മകൾ നേഴ്സ് സിസ്റ്ററാണ് അയാളെ ശുശ്രൂഷിച്ചത്. അവരുടെ സഭാംഗങ്ങളിൽ പലരും തങ്ങളുടെ അപ്പനെപ്പോലെ അയാളെ കരുതി. അയാളുടെ അവസാന ദിവസങ്ങളിൽ മകളുടെ നേതൃത്വത്തിൽ ആശുപത്രിമുറി പ്രാർത്ഥനാമുഖരിതമായി. മരിക്കുന്നതിന് മുമ്പ് മകളുടെ കരം പിടിച്ച് അയാൾ പറഞ്ഞു: “മകളേ, ദൈവഹിതം എന്താണെന്ന് മനസിലാക്കാൻ അപ്പന് അന്ന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ഒരു സിസ്റ്ററാകണമെന്ന നിന്റെ ആഗ്രഹത്തിന് അപ്പൻ എതിരു നിന്നത്. വൈകിയാണെങ്കിലും നിന്റെ തീരുമാനം ശരിയായിരുന്നെന്ന് ഞാൻ തിരിച്ചറിയുന്നു.

നീ കോൺവൻ്റിൽ ചേർന്നപ്പോൾ ഞാനേറെ കരഞ്ഞു. നിന്നെ എനിക്ക് എന്നേക്കുമായി നഷ്ടമായെന്നാണ് അന്ന് ഞാൻ കരുതിയത്. എന്നാൽ ഇന്ന് നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. മകളെ, നിന്നിലൂടെയാണ് ഞാൻ ദൈവത്തെ അറിഞ്ഞത്.” മകളുടെ കരം ഗ്രഹിച്ച് അയാൾ നിത്യതയിലേക്ക് യാത്രയായി.

എത്രയോ കുടുംബങ്ങളിലാണ് മക്കളുടെ ദൈവവിളി തിരിച്ചറിയുവാൻ മാതാപിതാക്കൾ പരാജയപ്പെടുന്നത്. പലവിധ കാരണങ്ങൾ പറഞ്ഞ് സന്യാസ-വൈദിക ദൈവവിളികളിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്? മക്കളെ നൽകിയത് ദൈവമാണെങ്കിൽ അവർക്ക് ഇഷ്ടമുള്ള ജീവിതാന്തസ് തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. അതിനായ് പ്രാർത്ഥിക്കുകയും വേണം.

ക്രിസ്തു പറഞ്ഞതുപോലെ, ഒരു നാൾ ദു:ഖങ്ങളെല്ലാം സന്തോഷമായി മാറുമെന്ന് തിരിച്ചറിയാനും വിശ്വസിക്കാനും നമുക്ക് കഴിയണം (Ref: യോഹ. 16:20). അതിനുവേണ്ടി സ്വാർത്ഥതയുടെ മതിൽക്കെട്ടുകൾ തകർത്ത് ദൈവഹിതം നിറവേറ്റുന്നതിന്റെ നൊമ്പരങ്ങൾ ഏറ്റുവാങ്ങാൻ എല്ലാ മാതാപിതാക്കൾക്കും കഴിയട്ടെ.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.