ചാലുകൾ വെട്ടിയൊരുക്കുന്നതെന്തിന്?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഈ തലമുറയിലെ കുട്ടികൾക്ക് അങ്ങനെയൊരു സൗഭാഗ്യം ലഭിക്കാൻ സാധ്യത കുറവാണ്. അപ്പനോടൊപ്പം പറമ്പിലിറങ്ങി കിളയ്ക്കാനും തെങ്ങിനും വാഴയ്ക്കുമെല്ലാം വെള്ളം നനയ്ക്കാനുമുള്ള അവസരങ്ങൾ.

കുഞ്ഞുനാളിൽ എനിക്കൊരു ചെറിയ തൂമ്പയുണ്ടായിരുന്നു. അപ്പച്ചൻ പറമ്പ് കിളക്കുമ്പോൾ ഞാനും കൂടെ കൂടുമായിരുന്നു. ഒരിക്കൽ തെങ്ങിൻചുവട്ടിലേയ്ക്ക് വെള്ളമെത്താതായപ്പോൾ അപ്പച്ചൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും മനസിലുണ്ട്: “പോയി, വെള്ളം വരുന്ന ചാലുകൾ പൊട്ടിയിട്ടുണ്ടോ എന്ന് നോക്കുക. ചാലുകളിൽ ചപ്പുചവറുകൾ വന്ന് തടഞ്ഞുനിൽക്കുന്നുണ്ടോ എന്നും നോക്കുക.”

പറഞ്ഞതുപോലെ ഞാൻ ചെന്നു നോക്കുമ്പോൾ ചപ്പുചവറുകൾ തടഞ്ഞുകിടക്കുന്നതിനാൽ ചിലയിടങ്ങളിൽ ചാല് പൊട്ടി വെള്ളം മറ്റിടങ്ങളിലേയ്ക്ക് ഒഴുകുകയായിരുന്നു. തടസ്സങ്ങൾ നീക്കി, പൊട്ടിയ ഭാഗത്ത് മണ്ണിട്ടപ്പോൾ വെള്ളം നേരായ ചാലിലൂടെ തെങ്ങിൻചുവട്ടിലെത്തി. തിരിച്ചുവന്ന എന്നോട് അപ്പച്ചൻ പറഞ്ഞു: “എത്രമാത്രം വെള്ളം വന്നാലും ഒഴുകുന്ന ചാലുകൾ പൊട്ടിയാലോ, അവയിൽ ചപ്പുചവറുകൾ അടിഞ്ഞുകൂടിയാലോ നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്ത് വെള്ളമെത്തില്ല. അതുകൊണ്ട് ചാലൊരുക്കിയാലേ നേരായ വഴിയിലൂടെ വെള്ളമൊഴുകൂ.”

എത്രയോ വലിയ സത്യമാണിത്. ഇത് ഭൗതികജീവിതത്തിന്റെ കാര്യമാണെങ്കിൽ നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ കാര്യം ഒന്നു പരിശോധിക്കാം. എന്തുകൊണ്ടാണ് നമുക്ക് ദൈവകൃപയിൽ വളരാൻ കഴിയാത്തത്? ദൈവം അനുഗ്രഹം വർഷിക്കാഞ്ഞിട്ടാണോ? “അവിടുന്ന് ശിഷ്‌ടരുടെയും ദുഷ്‌ടരുടെയും മേല്സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും നീതിരഹിതരുടെയും മേല്മഴ പെയ്യിക്കുകയും ചെയ്യുന്നു” (മത്തായി 5:45) എന്ന വചനം നമ്മൾ വായിച്ചിട്ടുണ്ടല്ലോ? അങ്ങനെയെങ്കിൽ ഒന്നുറപ്പാണ്; ദൈവാനുഗ്രഹം നമ്മിൽ എത്താത്തതിന്റെ കാരണം ദൈവം അനുഗ്രഹം ചൊരിയാഞ്ഞിട്ടല്ല. മറിച്ച്, അവ എത്തിച്ചേരേണ്ട ചാലുകളിൽ പാപങ്ങളാകുന്ന ചപ്പുചവറുകൾ വന്ന് കൃപയുടെ വഴികൾ തടസപ്പെടുത്തിയതിനാലാണ്.

കുമ്പസാരത്തിലൂടെയും ഉപവാസ പ്രാർത്ഥനകളിലൂടെയും പരസ്പര അനുരഞ്ജനത്തിലൂടെയുമെല്ലാം നമ്മുടെ ആദ്ധ്യാത്മിക ചാലുകൾ വൃത്തിയാക്കാം. ദൈവകൃപ സുലഭമായ് നമ്മിലേയ്ക്കൊഴുകട്ടെ!

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.