
ഓരോ നിമിഷവും ദൈവികമായ സാന്നിധ്യം കൊണ്ട് നമ്മെ അദ്ഭുതപ്പെടുത്തുന്നവയാണ് ഓരോ ദൈവാലയങ്ങളും. ലോകമെമ്പാടുമുള്ള ദൈവാലയങ്ങളും ആശ്രമങ്ങളും അവയുടെ വാസ്തുവിദ്യയിലും വലിപ്പത്തിലും, അവിടേക്ക് എത്തിച്ചേരാനുള്ള എളുപ്പത്തിലും ഏറെ വൈവിധ്യമുള്ളവയാണ്. ചിലത് നഗരഹൃദയങ്ങളിൽ നിലകൊള്ളുമ്പോൾ മറ്റു ചില പള്ളികളിലേക്ക് എത്തിച്ചേരാൻ സാഹസികമായ മാർഗങ്ങൾ സ്വീകരിക്കേണ്ടി വരും. അത്തരത്തിൽ സാഹസികമായ യാത്രകളിലൂടെ തീർഥാടകരെ സ്വീകരിക്കുന്ന ഏതാനും ആശ്രമങ്ങളെ നമുക്ക് പരിചയപ്പെടാം
1. തുർക്കിയിലെ സുമേല ആശ്രമം
ട്രാബ്‌സോണിന് അടുത്തുള്ള അൾട്ടിൻഡെരെ താഴ്‌വരയിലെ വനപ്രദേശത്തിന് മുകളിലായി സ്ഥിചെയ്യുന്ന ആശ്രമമാണ് സുമേല ആശ്രമം. താഴ്‌വരയിൽ നിന്ന് ഏകദേശം 300 മീറ്റർ (984 അടി) ഉയരത്തിലുള്ള ഒരു കുത്തനെയുള്ള പാറക്കെട്ടിലാണ് സുമേല ആശ്രമം സ്ഥിതി ചെയ്യുന്നത്. പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിച്ചിരിക്കുന്ന ഈ മുൻ ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമം, ഈ മേഖലയിലെ ഗ്രീക്ക് ക്രിസ്ത്യൻ സമൂഹങ്ങളുടെ ഒരു പ്രധാന തീർഥാടന കേന്ദ്രമായിരുന്നു.
പാറ തുരന്നുണ്ടാക്കിയ പള്ളി, ചാപ്പലുകൾ, സന്യാസിമാരുടെ മുറികൾ, ഒരു വിശുദ്ധ ഉറവ എന്നിവയൊക്കെ അടങ്ങിയതായിരുന്നു ഈ ആശ്രമം. യേശുക്രിസ്തുവിന്റെയും കന്യകാമറിയത്തിന്റെയും ജീവിതത്തിലെ സംഭവങ്ങളും ബൈബിൾ രംഗങ്ങളും ചിത്രീകരിക്കുന്ന ചുവർച്ചിത്രങ്ങൾ ഇവിടെ കാണാം.
2 . സെന്റ് കാതറിൻസ് ആശ്രമം, ഈജിപ്ത്
ഈജിപ്തിലെ തെക്കൻ സിനായ് ഉപദ്വീപിലുള്ള സീനായി മലയുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ആശ്രമമാണ് സെന്റ് കാതറിൻസ് ആശ്രമം. ജസ്റ്റിനിയൻ ചക്രവർത്തിയുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഈ ഓർത്തഡോക്സ് ആശ്രമം, ദൈവം മോശയോട് സംസാരിച്ച കത്തുന്ന മുൾപ്പടർപ്പിന്റെ (burning bush) സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
ഇതിലെ പ്രധാന ദൈവാലയമായ ‘ബസിലിക്ക ഓഫ് ദി ട്രാൻസ്ഫിഗറേഷനിൽ’ (രൂപമാറ്റത്തിന്റെ ബസിലിക്ക) മോശയോടും ഏലിയായോടും അപ്പസ്തോലന്മാരായ പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരോടുമൊപ്പമുള്ള ക്രിസ്തുവിനെ ചിത്രീകരിക്കുന്ന ആറാം നൂറ്റാണ്ടിലെ അപൂർവമായ മോസെയ്ക് ചിത്രം ഇന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, പുരാതന ക്രിസ്തീയ ഐക്കണുകളും (ചിത്രങ്ങൾ) ഗ്രീക്ക്, അറബിക്, സുറിയാനി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലുള്ള ആയിരക്കണക്കിന് കൈയെഴുത്തുപ്രതികൾ അടങ്ങിയ ഒരു ലൈബ്രറിയും ഈ ആശ്രമത്തിൽ ഉണ്ട്.
3. മെറ്റിയോറയിലെ ആശ്രമങ്ങൾ
കൂറ്റൻ മണൽക്കല്ല് പാറക്കൂട്ടങ്ങൾക്ക് മുകളിലാണ് മെറ്റിയോറയിലെ ആശ്രമങ്ങൾ സ്ഥിതി ചെയ്യുന്നത്. തലമുറകളായി ഓർത്തഡോക്സ് സന്യാസിമാരുടെ ഒരു ഏകാന്ത പ്രാർഥനാ കേന്ദ്രമായിരുന്നു ഈ പ്രദേശം. പതിനൊന്നാം നൂറ്റാണ്ടോടെയാണ് സന്യാസിമാർ ഇവിടെ താമസം ആരംഭിച്ചതും ഈ പാറക്കെട്ടുകളുടെ മുകളിൽ ആശ്രമങ്ങൾ പണിതുയർത്തിയതും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇവിടെ 24 ആശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് ആറെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരുകാലത്ത് ആളുകളെയും സാധനസാമഗ്രികളെയും മുകളിലേക്ക് എത്തിക്കാൻ കയർ ഏണികളെയും വലകളെയും മാത്രമായിരുന്നു ആശ്രയിച്ചിരുന്നത്.
എന്നാൽ ഇപ്പോൾ ‘ഹോളി ട്രിനിറ്റി’ (വിശുദ്ധ ത്രിത്വ) ആശ്രമത്തിലേക്ക് എത്തുന്നതിനായി സന്ദർശകർക്കു പാറയുടെ അടിവാരത്തിൽ നിന്നും 140 തോളം വരുന്ന പടികൾ ഉണ്ടാക്കിയിട്ടുണ്ട്.
4. സെവനാവാങ്ക് ആശ്രമം, അർമേനിയ
സെവൻ തടാകത്തിന് മുകളിലായി, പണ്ട് ഒരു ദ്വീപായിരുന്ന ഉപദ്വീപിലാണ് സെവനാവാങ്ക് സ്ഥിതി ചെയ്യുന്നത്. പണ്ട് സന്യാസ സമൂഹത്തിന് കൂടുതൽ ഏകാന്തമായ ഒരു പ്രാർഥനാന്തരീക്ഷം നൽകിയിരുന്നു എന്ന കാരണത്താൽ ആണ് ഈ ആശ്രമം ഇവിടെ പണികഴിക്കപ്പെട്ടത്. ഇതിലെ രണ്ട് പ്രധാനദൈവാലയങ്ങൾ എ.ഡി 874-ൽ നിർമ്മിക്കപ്പെട്ടതാണ്. അഷോട്ട് ബാഗ്രതുനിയുടെ മകളായ മറിയം രാജകുമാരിയുടെ സാമ്പത്തിക സഹായത്തോടും, പിന്നീട് മഷ്ടോട്സ് സന്യാസിയുടെ ആത്മീയ മാർഗനിർദേശത്തോടും കൂടിയാണ് ഇവ പണിതുയർത്തിയത്.
ഈ പള്ളികൾ വിശുദ്ധ അപ്പസ്തോലന്മാർക്കും ദൈവമാതാവിനും സമർപ്പിക്കപ്പെട്ടവയാണ്. ഇവയുടെ കുരിശുരൂപത്തിലുള്ള രൂപകൽപ്പന മധ്യകാല അർമേനിയൻ വാസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്നവയാണ്. ഈ സ്ഥലത്തേക്കുള്ള വഴി മലകയറുന്നത്ര ദുർഘടമല്ല.
5. മോർ മത്തായി ആശ്രമം, ഇറാഖ്
മോസൂളിന് വടക്കുകിഴക്കായി, മൗണ്ട് മഖ്ലൂബ് എന്നും അറിയപ്പെടുന്ന അൽഫാഫ് മലനിരകളിലാണ് നിനവേ സമതലത്തിന് അഭിമുഖമായി മോർ മത്തായി ആശ്രമം സ്ഥിതി ചെയ്യുന്നത്. വിശുദ്ധ സന്യാസിയായ മത്തായിയുടെ (St. Matthew the Hermit) പേരിൽ നിന്നാണ് ഈ സുറിയാനി ഓർത്തഡോക്സ് ആശ്രമത്തിന് പേര് ലഭിച്ചത്. എ.ഡി 363-ൽ റോമൻ ചക്രവർത്തിയായ ജൂലിയന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സന്യാസി നടത്തിയ പാലായനവുമായി ബന്ധപ്പെടുത്തിയാണ് ഈ ആശ്രമത്തിന്റെ സ്ഥാപനത്തെക്കുറിച്ചുള്ള പരമ്പരാഗത വിശ്വാസം.
പള്ളികൾ, ചാപ്പലുകൾ, സ്മാരകങ്ങൾ എന്നിവ അടങ്ങുന്നതാണ് ഇതിന്റെ സമുച്ചയം. ഒരുകാലത്ത് സന്യാസിമാർ താമസിച്ചിരുന്ന ഗുഹകൾ ചുറ്റുമുള്ള മലനിരകളിൽ ഇപ്പോഴും കാണാം. ഈ മലയോര പ്രദേശം എപ്പോഴും ഒരു അഭയകേന്ദ്രമായിരുന്നു. 2014-ൽ ഐസിസ് ഭീകരർ പ്രദേശത്തേക്ക് അടുത്തു വന്നപ്പോൾ, സമീപ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികൾ ഈ ആശ്രമത്തിലാണ് താൽക്കാലികമായി അഭയം പ്രാപിച്ചത്.



