ശ്വാസകോശത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കായി ലെയോ പതിനാലാമൻ മാർപാപ്പയെ റോമിലെ അഗോസ്റ്റിനോ ജെമെല്ലി യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ.
വത്തിക്കാൻ പ്രസ് ഓഫീസ് നൽകിയ വിവരമനുസരിച്ച്, ആശുപത്രിയിലെ തൊറാസിക് സർജറി വിഭാഗം മേധാവി പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോറയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്.
ഉച്ചയ്ക്ക് 1:07-ഓടെയാണ് മാർപാപ്പ ജെമെല്ലി ആശുപത്രിയിൽ എത്തിയത്. പാപ്പയുടെ വാഹനം ആശുപത്രിയിലേക്ക് പ്രവേശിച്ചപ്പോൾ പുറത്തുനിന്നിരുന്ന ജനങ്ങൾ കൈയടികളോടെയും ആശംസകൾ നേർന്നും പാപ്പയെ സ്വീകരിച്ചു.
ആശുപത്രി അധികൃതരെ അഭിവാദ്യം ചെയ്ത മാർപാപ്പ, അകത്തേക്ക് പോകുന്നതിന് മുൻപ് വീൽച്ചെയറിലുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള ചില രോഗികളുമായി സംവദിച്ചു. ആശുപത്രിയിലെ വരാന്തകളിലും ജീവനക്കാരും രോഗികളും സന്ദർശകരും ഒത്തുകൂടിയിരുന്നു. റോം അതിരൂപതയുടെ വികാരി ജനറലായ കർദ്ദിനാൾ ബാൽഡസ്സാര റെയ്‌നയുടെ നേതൃത്വത്തിൽ വൈകുന്നേരം ആറുമണിക്ക് ജപമാല പ്രാർത്ഥന നടക്കും. അതിരൂപതയിലെ ഇടവകകളും സന്യാസ സമൂഹങ്ങളും ഈ പ്രാർത്ഥനയിൽ പങ്കുചേരുന്നുണ്ട്.




