ജൂണ്‍ 30: വാഴ്ത്തപ്പെട്ട സര്‍നേലി (1702-1744)

1702-ല്‍ ഇറ്റലിയിലെ ചിയോറാണിയില്‍ ഒരു ജന്മിയുടെ മൂത്ത മകനായി സര്‍നേലി ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം അഭിഭാഷകനായി ജോലി നോക്കിയ അദ്ദേഹം തന്റെ ജോലിക്കിടയിലും മാറാരോഗികളെ സന്ദര്‍ശിച്ച് ഈശോയുടെ സ്‌നേഹം പങ്കുവയ്ക്കുക പതിവായിരുന്നു. 1718-ല്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠനം ആരംഭിച്ചു. തൊഴിലാളികള്‍ക്കും തെരുവുകുട്ടികള്‍ക്കും വേണ്ടി നടത്തിയിരുന്ന സായാഹ്ന പ്രാര്‍ത്ഥനാകൂട്ടങ്ങള്‍ക്ക് അദ്ദേഹം സജീവനേതൃത്വം നല്കി.

ആശുപത്രിയിലെ മാറാരോഗികളെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച വേളയിലാണ് സമൂഹത്തിലെ ഒരു മഹാവിപത്തിനെപ്പറ്റി വിശുദ്ധന്‍ മനസ്സിലാക്കിയത്. കുടുംബസംരക്ഷണാര്‍ത്ഥം സ്വശരീരം മറ്റുള്ളവര്‍ക്ക് കാഴ്ചവയ്‌ക്കേണ്ടി വന്ന സ്ത്രീകളുടെ ജീവിതത്തെപ്പറ്റിയുള്ള അറിവ് അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു. വേശ്യാവൃത്തിയുടെ ഭവിഷ്യത്തുകളെപ്പറ്റി ഒരു ഗ്രന്ഥമെഴുതി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മുന്‍കൈയ്യെടുത്തു. ദരിദ്രരായ വേശ്യകളുടെ പുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കുകയും വിവാഹജീവിത്തിന് സാധ്യതയുള്ളവര്‍ക്ക് സ്ത്രീധനം സമ്പാദിച്ചു നല്കി അവരെ വിവാഹാന്തസ്സില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

പ്രേഷിതജീവിതത്തിന്റെ അടിത്തറയും ശക്തിയും പ്രാര്‍ത്ഥനയാണെന്ന് ഗ്രഹിച്ചിരുന്ന സര്‍നേലി, ‘പ്രാര്‍ത്ഥനയാല്‍ രക്ഷിക്കപ്പെടുന്ന ലോകം’ എന്നൊരു ഗ്രന്ഥം രചിച്ചു. ജനത്തെ പ്രാര്‍ത്ഥനാഭിമുഖ്യമുള്ളവരും ദിവ്യകാരുണ്യ ഭക്തരുമാക്കിത്തീര്‍ക്കാന്‍ നേപ്പിള്‍സ് അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍ ധ്യാനങ്ങള്‍ സംഘടിപ്പിച്ചു.

ദിവ്യരക്ഷക സന്യാസ സമൂഹത്തിന്റെ ആദ്യാംഗങ്ങളിലൊരാളായ സര്‍നേലിക്ക് അല്‍ഫോന്‍സ് ലിഗോരിയോടൊപ്പം ധാരാളം സഹനങ്ങളുണ്ടായിട്ടുണ്ട്. ഒരു സാമൂഹ്യപരിഷ്‌കര്‍ത്താവെന്ന നിലയില്‍ നിരവധി നന്മകള്‍ ലോകത്തിനു നല്കാന്‍ സര്‍നേലിക്കു കഴിഞ്ഞു. 1744 ല്‍ 42-മത്തെ വയസില്‍ സര്‍നേലി ദിവ്യനാഥന്റെ അടുത്തേക്കു യാത്രയായി.

വിചിന്തനം: ”എല്ലാം ഇഷ്ടം പോലെ ലഭിക്കുന്നതിനേക്കാള്‍ അനര്‍ത്ഥങ്ങളാല്‍ പരീക്ഷിക്കപ്പെടുന്നതാണ് നമുക്കും നമ്മുടെ സഹോദരന്മാര്‍ക്കും നല്ലത്.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.