
യുണൈറ്റഡ് സ്റ്റേറ്റ്സിലെ അംഗീകരിക്കപ്പെട്ട ഏക മരിയൻ ദർശന പുണ്യഭൂമി, അമേരിക്കയുടെ രൂപീകരണത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് അമേരിക്കൻ വിശുദ്ധരെ ആദരിക്കുന്ന ഒൻപത് ദിവസത്തെ പ്രത്യേക പരിപാടികൾക്ക് വേദിയാകുന്നു. ജൂലൈ നാലാം തീയതിയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോട് അനുബന്ധിച്ച് ‘അവർ ലേഡി ഓഫ് ചാമ്പ്യൻ’ തീർഥാടന കേന്ദ്രത്തിലാണ് ‘അമേരിക്ക 250 – സെയിന്റ്സ് ഓഫ് അമേരിക്ക എക്സിബിഷൻ’ സംഘടിപ്പിക്കുന്നത്.
അമേരിക്കയിൽ സഭ അംഗീകരിച്ച ഏക മരിയൻ ദർശന കേന്ദ്രം എന്ന നിലയിൽ സവിശേഷ പ്രാധാന്യമുള്ള ഈ പുണ്യഭൂമിയിൽ നടക്കുന്ന പ്രദർശനത്തിലൂടെ, നിലവിൽ അമേരിക്കയിൽ വിശുദ്ധ പദവി പ്രഖ്യാപന നടപടികളിലുള്ള എല്ലാ വ്യക്തികളുടെയും വിവരങ്ങൾ ഒരുമിച്ച് പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കയുടെ ചരിത്രത്തെ സ്വാധീനിച്ച 76 പുണ്യചരിതരെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയതാണ് ഈ പ്രദർശനം.
പ്രദർശനം ജൂലൈ ഒന്നിന് ആരംഭിക്കും. ജൂലൈ രണ്ട് മുതൽ വിവിധ വിശുദ്ധരുടെ നാമകരണ നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രതിനിധികൾ അതാത് വിശുദ്ധരെക്കുറിച്ച് ലഘു പ്രഭാഷണങ്ങൾ നടത്തും.
ഈ ഒൻപത് ദിവസങ്ങളിലായി വിശുദ്ധ ഫ്രാൻസിസ് സേവ്യർ കബ്രിനി, വിശുദ്ധ ജോൺ ന്യൂമാൻ, വിശുദ്ധ കാതേരി തെകക്വിത, വിശുദ്ധ ഡാമിയൻ ഡി വൂസ്റ്റർ, വിശുദ്ധ എലിസബത്ത് ആൻ സെറ്റൺ, വിശുദ്ധ മരിയാനെ കോപ്പ്, വിശുദ്ധ റോസ് ഫിലിപ്പൈൻ ഡുചെസ്നെ, വാഴ്ത്തപ്പെട്ട സ്റ്റാൻലി റോതർ, വാഴ്ത്തപ്പെട്ട ജെയിംസ് മില്ലർ, വാഴ്ത്തപ്പെട്ട സൊലാനസ് കേസി, വാഴ്ത്തപ്പെട്ട മൈക്കൽ മക്ഗിവ്നി എന്നീ വിശുദ്ധരുടെ തിരുശേഷിപ്പുകൾ (relics) വണങ്ങാനുള്ള അവസരവും വിശ്വാസികൾക്ക് ലഭിക്കും
കൂടാതെ, ജൂലൈ അഞ്ചിന് കുടുംബങ്ങൾക്കായി ‘ഓൾ അമേരിക്കൻ പിക്നിക്’ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികൾക്കായുള്ള വിവിധ വിനോദ പരിപാടികളും അതേദിവസം തന്നെ, ചാമ്പ്യനിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിച്ച അഡെൽ ബ്രൈസിന്റെ (Adele Brice) ചരമവാർഷികത്തോടനുബന്ധിച്ച് പ്രത്യേക വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. ഇവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനായുള്ള ആദ്യഘട്ട നടപടികൾ ഈ ജനുവരിയിലാണ് ആരംഭിച്ചത്.




