
ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ. ഷീന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിന് മുന്നോടിയായി ഒരു വലിയ പ്രാർഥനായജ്ഞം ഒരുങ്ങുന്നു. സെന്റ് ലൂയിസിലെ ‘ദി ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന 75,000 – ത്തിലധികം വിശ്വാസികൾക്കായി സൗജന്യമായി വിതരണം ചെയ്യാൻ ഒരുങ്ങുന്നത് അത്രയും തന്നെ ‘വേൾഡ് മിഷൻ’ ജപമാലകളാണ്. ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീൻ സ്വയം രൂപകൽപ്പന ചെയ്ത ഈ സവിശേഷ ജപമാലകൾ നിർമ്മിക്കാൻ രാജ്യമെമ്പാടുമുള്ള സന്യാസിനികളും കുടുംബങ്ങളും കുട്ടികളും കൈകോർത്തു കഴിഞ്ഞു.
എന്താണ് വേൾഡ് മിഷൻ ജപമാല?
1951 – ൽ ഫുൾട്ടൺ ഷീൻ തന്നെയാണ് ഈ ബഹുവർണ്ണ ജപമാല വിശ്വാസികൾക്ക് പരിചയപ്പെടുത്തിയത്. ലോകത്തിന്റെ വിവിധ കോണുകളിൽ സുവിശേഷ പ്രഘോഷണം നടത്തുന്ന മിഷനറിമാർക്കായി പ്രാർഥിക്കാൻ വിശ്വാസികളെ ഓർമ്മിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ ജപമാലയിലെ ഓരോ ദശകത്തിലെയും മുത്തുകളുടെ നിറങ്ങൾ ഓരോ ഭൂഖണ്ഡത്തെ പ്രതിനിധീകരിക്കുന്നു.
പച്ച: ആഫ്രിക്കയിലെ വനങ്ങളെയും പുൽമേടുകളെയും അനുസ്മരിപ്പിക്കുന്നു.
നീല: ഓഷ്യാനിയയിലെയും പസഫിക് ദ്വീപുകളിലെയും മിഷനുകളെ സൂചിപ്പിക്കുന്നു.
വെള്ള: യൂറോപ്പിനായി സമർപ്പിച്ചിരിക്കുന്നു. മാർപാപ്പയുടെ വെള്ള വസ്ത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട്.
ചുവപ്പ്: അമേരിക്കൻ ഭൂഖണ്ഡങ്ങൾക്കായി. വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച മിഷനറിമാരുടെ പ്രതീകം.
മഞ്ഞ: ഏഷ്യക്കായി. കിഴക്കുദിക്കുന്ന പ്രഭാതസൂര്യന്റെ പ്രതീകം.
ഒരുമയോടെ കൈകോർത്ത് വിശ്വാസിസമൂഹം
ചെലവേറിയതും പരിമിതവുമായ ഈ സവിശേഷ ജപമാലകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 75,000 എണ്ണം നിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ‘ദി പൊന്തിഫിക്കൽ മിഷൻ സൊസൈറ്റീസ്’ നൽകിയ ആഹ്വാനം ജനങ്ങൾ നെഞ്ചേറ്റി.
“രാജ്യത്തുടനീളമുള്ള നാല്പതിലധികം കോൺവെന്റുകളിലെ സന്യാസിനിമാർ ഇതിനോടകം തന്നെ ആയിരക്കണക്കിന് ജപമാലകൾ നിർമ്മിച്ചു നൽകാൻ മുന്നോട്ടുവന്നു. മിണ്ടാമഠത്തിലെ സന്യാസിനികളുടെ പ്രതികരണം ഏറെ മനോഹരമായിരുന്നു.” സിസ്റ്റർ ജൂഡ് ആൻഡ്രൂ ലിങ്ക് പറയുന്നു.
സന്യാസിനികൾ മാത്രമല്ല സാധാരണക്കാരായ ജനങ്ങളും ഈ ദൗത്യത്തിൽ പങ്കാളികളാണ്. തന്റെ ആദ്യകുർബാന സ്വീകരണത്തിന് മുന്നോടിയായി 250 ജപമാലകൾ സ്വന്തമായി നിർമ്മിക്കുന്ന എട്ടുവയസ്സുകാരി മുതൽ പൂവേരിയ നോട്രെ ഡാമേ ഹൈസ്കൂളിലെ കൗമാരക്കാർ വരെ ഈ വിശുദ്ധ ദൗത്യത്തിൽ അഹോരാത്രം പങ്കുചേരുന്നു.




