ജൂണ്‍ 27 – വിശുദ്ധ എമ്മാ

പതിനൊന്നാം നൂറ്റാണ്ടില്‍ ഓസ്ട്രിയായില്‍ ചക്രവര്‍ത്തിയായിരുന്ന ഹെൻറിയുടെ ഒരു ചാര്‍ച്ചക്കാരിയാണ് എമ്മാ. ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ വളര്‍ന്ന എമ്മായ്ക്ക് ബാല്യത്തില്‍ വി. കുനെഗുണ്ടിന്റെ ശിക്ഷണം ലഭിച്ചിരുന്നു. ഇത് അന്ത്യം വരെ ഈശ്വരഹിതം അനുവര്‍ത്തിച്ചുകൊണ്ട് വിശ്വസ്തതയോടു കൂടി പുണ്യജീവിതം നയിക്കാന്‍ അവള്‍ക്ക് സഹായകമായി.

ഫ്രീസാച്ചിലെ പ്രഭുവായിരുന്ന വില്യം എമ്മായെ വിവാഹം ചെയ്തു. അവര്‍ക്ക് വില്യം, ഹാര്‍ട്‌വിഗ് എനീ രണ്ട് പുത്രന്മാരുണ്ടായി. ഏതാനും വര്‍ഷങ്ങൾ കഴിഞ്ഞ് പ്രഭു, തന്റെ മുഖ്യ ധനാഗമ മാര്‍ഗ്ഗമായിരുന്ന ഖനികളിലെ ജോലികളുടെ മേല്‍നോട്ടം പുത്രന്മാരെ ഏല്പിച്ചു. ഖനിത്തൊഴിലാളികളില്‍ ഏറിയ കൂറും അസ്വസ്ഥരും കലാപകാരികളും ആയിരുന്നതുകൊണ്ട് അവര്‍ക്ക് അവരെ ഫലപ്രദമായി നിയന്ത്രിക്കാനായില്ല. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പ്രഭു ഒരു തൊഴിലാളിയെ തൂക്കിലേറ്റി. അതോടെ തൊഴിലാളികള്‍ ഒന്നടങ്കം ഇളകി. ആ കുമാരന്മാരെ പിടികൂടി വധിച്ച് പ്രഭുവിനോട് പകരം വീട്ടി.

പുത്രന്മാര്‍ കൊല്ലപ്പെട്ടു എന്നറിഞ്ഞപ്പോള്‍ എമ്മാ ഹൃദയം നൊന്ത് കരഞ്ഞു. വില്യമാകട്ടെ, പ്രതികാരദാഹം പൂണ്ട് ഉപരിസാഹസങ്ങള്‍ക്കു മുതിര്‍ന്നു. സകല തൊഴിലാളികളെയും കുടുംബത്തോടെ കൊന്നൊടുക്കാനാണ് തീരുമാനിച്ചത്. എന്നാല്‍, എമ്മായുടെ അപേക്ഷയെ മാനിച്ച് അയാള്‍ തൊഴിലാളികള്‍ക്ക് മാപ്പ് നല്കി. അധികം വൈകാതെ അയാള്‍ മരണമടഞ്ഞു.

പുത്രദുഃഖത്തോടൊപ്പം അപ്രതീക്ഷിതമായി ഭര്‍തൃവിയോഗദുഃഖം കൂടി സഹിക്കേണ്ടി വന്നപ്പോള്‍ എമ്മാ തളര്‍ന്നുപോയി. എങ്കിലും ഈശ്വരപാദങ്ങളില്‍ അവള്‍ ആശ്വാസം കണ്ടെത്തി. കുടുംബസ്വത്ത് മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിച്ചു. അവള്‍ ദരിദ്രര്‍ക്ക് ഉദാരമായ സഹായം നല്കുകയും ധാരാളം ആശ്രമങ്ങള്‍ പണിയിക്കുകയും ചെയ്തു. എമ്മാ തന്റെ കൊട്ടാരത്തിന്റെ ഒരു ഭാഗം ആശ്രമാംഗങ്ങളുടെ ഉപയോഗത്തിനു വിട്ടുകൊടുത്ത് ആശ്രമാംഗമായി ജീവിച്ചുവെന്നും വിശ്വസിക്കുന്നു.

1045-നോടടുത്ത് എമ്മാ അന്തരിച്ചു. ഗുര്‍ക്കില്‍ വിശുദ്ധ പണിയിച്ച ഒരു ദേവാലയത്തില്‍ മൃതദേഹം സംസ്‌കരിക്കപ്പെട്ടു.

ഫാ. ജെ. കൊച്ചുവീട്ടില്‍