ആഗസ്റ്റ് 07: വിശുദ്ധ ആല്‍ബര്‍ട്ട് ത്രപാനി

സിസിലിയിലെ ത്രപാനിയിലാണ് ആല്‍ബര്‍ട്ട് ജനിച്ചത്. ദീര്‍ഘകാലം സന്താനങ്ങളില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കള്‍, തങ്ങള്‍ക്കൊരു പുത്രനുണ്ടാകുന്നപക്ഷം അവനെ കര്‍മ്മലമാതാവിന് സമര്‍പ്പിച്ചുകൊള്ളാമെന്ന് നേര്‍ച്ചനേര്‍ന്നിരുന്നു. തല്‍ഫലമായി അവര്‍ക്ക് ദൈവം നല്കിയ സന്താനമാണ് ആല്‍ബര്‍ട്ട്.

വിദ്യാഭ്യാസകാലം കഴിഞ്ഞ് ആല്‍ബര്‍ട്ട് കര്‍മ്മലീത്താ സഭാംഗമായി സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കായി മെസ്സീനായിലേക്ക് നിയോഗിക്കപ്പെട്ടു. യഹൂദന്മാരുടെ ഇടയിലാണ് മുഖ്യമായും പ്രവര്‍ത്തിച്ചത്. ധാരാളം ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ടായിരുന്നിട്ടും ആല്‍ബര്‍ട്ട് എന്നും രാത്രിയില്‍ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ മുട്ടുകുത്തി നിന്നുകൊണ്ട് സങ്കീര്‍ത്തനങ്ങള്‍ മുഴുവന്‍ ചൊല്ലുക പതിവായിരുന്നു.

നേപ്പിള്‍സിലെ രാജാവ് ഒരിക്കല്‍ മെസ്സീനാ നഗരം പിടിച്ചെടുക്കുന്നതിനുവേണ്ടി അതിനുചുറ്റും ഉപരോധമേര്‍പ്പെടുത്തി. നഗരവാസികള്‍ പുറത്തുപോകാനാവാതെ വലഞ്ഞു. പലരും പട്ടിണിമൂലം മരിച്ചു. സിസിലിയിലെ രാജാവായിരുന്ന ഫ്രെഡറിക് മൂന്നാമന്‍, നഗരം ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിനേക്കാള്‍ അഗ്നിക്കിരയാക്കുകയാണ് ഉത്തമമെന്നു തീരുമാനിച്ചു. ഈ വിഷമഘട്ടത്തില്‍ നഗരവാസികള്‍ ആല്‍ബര്‍ട്ടിനെ സമീപിച്ച് സഹായമഭ്യര്‍ഥിച്ചു. ആല്‍ബര്‍ട്ടിന്റെ പ്രാര്‍ഥനയുടെ ഫലമായി ഏതാനും കപ്പലുകള്‍ ഭക്ഷണസാധനങ്ങളുമായി ഉപരോധം ഭേദിച്ച് തുറമുഖത്ത് വന്നുചേരുകയും നഗരവാസികള്‍ വിമോചിതരാവുകയും ചെയ്തുവെന്നു പറയപ്പെടുന്നു.

അന്ത്യകാലമായപ്പോള്‍ ആല്‍ബര്‍ട്ട് മെസ്സീനായില്‍ ഉഗ്രമായ തപോനിഷ്ഠയോടുകൂടി ജീവിതം നയിച്ചു.

വിശുദ്ധ അഗത്താഞ്‌ജെലോ

പതിനേഴാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി അലക്‌സാണ്ട്രിയായില്‍ വന്നെത്തിയ ഏതാനും ഫ്രഞ്ച് വൈദികരിലൊഒരാളാണ് അഗത്താഞ്‌ജെലോ. അദ്ദേഹം 1598-ല്‍ ജനിച്ചു. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ലീമാന്‍സിലെ ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തില്‍ ചേര്‍ന്നു. 1625-ല്‍ വൈദികനായി. തുടര്‍ന്ന് അധികാരികളുടെ നിര്‍ദേശമനുസരിച്ച് സിറിയായിലേക്കു പോവുകയും ആലപ്പോ എന്ന സ്ഥലത്തു താമസിച്ച് മിഷന്‍പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അനേകര്‍ മാനസാന്തരപ്പെട്ടു. അതോടൊപ്പം ശത്രുക്കളുടെ എണ്ണവും വര്‍ധിച്ചു. അവസാനം അഗത്താഞ്‌ജെലോയെ അധികാരികള്‍ തൂക്കിലേറ്റി.

വിശുദ്ധ കജെറ്റന്‍ (1480-1547)

ലൊമ്പാര്‍ഡിയില്‍ വിന്‍സെന്‍സാ എന്ന സ്ഥലത്ത് ഒരു കുലീനകുടുംബത്തില്‍ ജനിച്ചു. പാദുവായിലെ സര്‍വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസം നേടിയശേഷം റോമില്‍ സഭാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഓഫീസില്‍ ജോലിയേറ്റെടുത്തു. 36-ാമത്തെ വയസ്സില്‍ വൈദികനായി.

42-ാമത്തെ വയസില്‍ കഠിനരോഗബാധിതരെ ശുശ്രൂഷിക്കാന്‍ ഒരു ആശുപത്രി ആരംഭിച്ചുകൊണ്ട് തീക്ഷ്ണതയോടെ ആതുരശുശ്രൂഷയിലേര്‍പ്പെട്ടു. സഭയില്‍ വ്യാപകമായിത്തീര്‍ന്ന മൂല്യച്യുതി മനസ്സിലാക്കിയ കജെറ്റന്‍ വൈദിക ജീവിതനവീകരണം ലക്ഷ്യംവച്ച് തീയറ്റിന്‍സ് എന്നൊരു സന്യാസ സഭ ആരംഭിച്ചു. 1547 ആഗസ്റ്റ് 7-ാം തീയതി കജെറ്റന്‍ മരണമടഞ്ഞു.

വിചിന്തനം: ”പ്രാര്‍ഥനകളില്‍ ഉണര്‍വ്വും ഉത്സാഹവുമുണ്ടായിരിക്കട്ടെ. സര്‍വത്തിലും നീ നിന്നെത്തന്നെ എളിമപ്പെടുത്തുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.