ആഗസ്റ്റ് 14: വിശുദ്ധ മാക്‌സ്മില്യന്‍ കോള്‍ബെ (1894-1941)

1894-ല്‍ പോളണ്ടിലെ സ്ദുന്‍സ്‌ക്കാ ഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ ജനിച്ചത്. ഭക്തികാര്യങ്ങളില്‍ തല്പരനായി വളര്‍ന്ന അദ്ദേഹത്തിന് സമര്‍പ്പിതജീവിതത്തോട് ചെറുപ്പം മുതലേ ആഭിമുഖ്യമുണ്ടായിരുന്നു.

1910-ല്‍ കണ്‍വഞ്ച്വല്‍ വിഭാഗത്തില്‍ ചേര്‍ന്ന് നവസന്യാസ പരിശീലനം ആരംഭിച്ചു. സഹപാഠികള്‍ക്കെല്ലാം റെയ്മണ്ട് ഉത്തമ മാതൃകയായിരുന്നു. നവസന്യാസ കാലത്തിനു ശേഷവും നിഷ്ഠയോടു കൂടെ റെയ്മണ്ട് അനുഷ്ഠിച്ചിരുന്ന ഒരു ഭക്തകൃത്യമാണ് ദിവ്യകാരുണ്യസന്ദര്‍ശനം. എത്ര തിരക്കുള്ള ദിവസമാണെങ്കിലും അനുദിനം 10 പ്രാവശ്യമെങ്കിലും ദിവ്യകാരുണ്യസന്ദര്‍ശനം നടത്തുക ഒരു പതിവാക്കിയിരുന്നു.

നവസന്യാസ പരിശീലനശേഷം ആദ്യവ്രതവാഗ്ദാനം നടത്തി, മാക്‌സിമില്യന്‍ എന്ന പേരും സ്വീകരിച്ചു. റോമില്‍ ഗ്രിഗോരിയന്‍ സര്‍വ്വകലാശാലയില്‍ പഠനം തുടര്‍ന്നു. 1917-ല്‍ അമലോത്ഭവസൈന്യത്തിന് രൂപം നല്കി. അടുത്ത വര്‍ഷം വൈദികനായി നാട്ടില്‍ തിരിച്ചെത്തി. ഒരു ആരോഗ്യകേന്ദ്രത്തിന്റെ ചുമതല കുറച്ചുകാലം നിര്‍വ്വഹിച്ചു. 1920-ല്‍ ക്ഷയരോഗബാധിതനായി ഒരു ശ്വാസകോശം നഷ്ടമായി. അനാരോഗ്യം വിഗണിച്ചു കൊണ്ട് ക്രാക്കോവില്‍ നിന്നും അമലോത്ഭവസൈനികന്‍ എന്ന പത്രം പ്രസിദ്ധീകരിക്കുകയും വാര്‍സോയ്ക്കടുത്ത് സ്ഥലം വാങ്ങി അമലോത്ഭവനഗരം സ്ഥാപിക്കുകയും ചെയ്തു.

1930-ല്‍ മാക്‌സ്മില്യന്‍ നാല് സഹോദരന്മാരോടൊത്ത് ജപ്പാനിലെ നാഗസാക്കിയിലെത്തി, ഒരു മലഞ്ചെരുവില്‍ രണ്ടാമത്തെ അമലോത്ഭവനഗരം സ്ഥാപിച്ചു. പിന്നീട് അതാണ് ജപ്പാനിലെ കണ്‍വഞ്ച്വല്‍ പ്രോവിന്‍സിന്റെ കേന്ദ്രമായി മാറിയത്.

1939-ല്‍ ഔഷ്‌വിറ്റസ് തടങ്കലിലാക്കി. ഒരിക്കല്‍ ഒരു തടവുകാരന്‍ ജയില്‍ ചാടി രക്ഷപ്പെട്ടു. അതിന് ശിക്ഷയെന്ന വിധം 10 പേരെ പട്ടിണിക്കിട്ടു വധിക്കുവാന്‍ അധികാരികള്‍ നിശ്ചയിച്ചു. വിവാഹിതനും ചെറുപ്പക്കാരനുമായിരുന്ന ഒരുവനു പകരമായി മാക്‌സ്മില്യന്‍ സ്വയം മരണത്തിനേല്പിച്ചു കൊടുത്തു. കാര്‍ബോളിക്ക് ആസിഡ് കുത്തിവച്ച് തന്നെ കൊലപ്പെടുത്താന്‍ വന്ന ആരാച്ചാര്‍ക്ക് 1941 ഓഗസ്റ്റ് 14-ാം തീയതി ഫാ. കോള്‍ബെ, ‘ആവേ, മരിയാ…’ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് കൈ നീട്ടിക്കൊടുത്തു.

1979 ഒക്ടോബര്‍ 10-ാം തീയതി ജോണ്‍ പോണ്‍ രണ്ടാമന്‍ പാപ്പാ മാക്‌സ്മില്യന്‍ കോള്‍ബെയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

വിശുദ്ധ എവുസേബിയൂസ് 

നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ വൈദികനാണ് എവുസേബിയൂസ്. ആരിയൂസ് പക്ഷപാതിയായിരുന്ന കോണ്‍സ്റ്റാന്‍ഷ്യസിന്റെ ദുര്‍നയങ്ങളെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ട് സ്വഭവനത്തിലെ ഒരു ഇടുങ്ങിയ മുറിയില്‍ തടവുകാരനായി കഴിയുവാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എങ്കിലും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും ഇതര വൈദികശുശ്രൂഷകള്‍ നിര്‍വ്വഹിക്കുന്നതിനും ഒരിക്കലും മുടക്കം വരുത്തിയിരുന്നില്ല. അങ്ങനെ ഏഴുമാസം കഴിഞ്ഞപ്പോള്‍ അനാരോഗ്യം മൂലം മരണമടഞ്ഞു.

കലിസ്റ്റസിന്റെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കപ്പെട്ടു. ‘ദൈവമനുഷ്യന്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ മഹാത്മാവ് റോമില്‍ ഒരു ഇടവകദേവാലയം സ്ഥാപിച്ചു. ‘തിത്തൂലസ് എവുസേബി’ എന്നാണ് ആ ദേവാലയം അറിയപ്പെട്ടിരുന്നത്.

വിചിന്തനം: ”എനിക്ക് പ്രവചനവരം ഉണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍ തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാനൊന്നുമല്ല” (1 കോറി. 13:2).

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ