
പ്രിയപ്പെട്ടവരുടെ വഞ്ചനയോ ക്രൂരതയോ ജീവിതത്തിൽ നമ്മെ ഏറ്റവും സങ്കടപ്പെടുത്തുന്ന കാര്യങ്ങളിൽ ഒന്നാണ്. ആരെങ്കിലും നമ്മളെ വേദനിപ്പിക്കുമ്പോൾ, ആ വിഷമത്തിൽ നിന്നും ദേഷ്യത്തിൽ നിന്നും പുറത്തുകടക്കാൻ വലിയ ബുദ്ധിമുട്ടാണ്. ഈ ദേഷ്യം മനസ്സിൽ കൊണ്ടുനടക്കുന്നത് നമ്മുടെ സമാധാനം കളയുകയും ബന്ധങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഇതിനുള്ള ഏറ്റവും നല്ല മരുന്നാണ് ക്ഷമ. ക്ഷമിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ ശരിയായ വഴികളിലൂടെ നമുക്കത് സാധിച്ചെടുക്കാം.
1. ക്ഷമ എന്താണെന്ന് മനസ്സിലാക്കുക
ക്ഷമിക്കുക എന്നാൽ നമ്മളെ വേദനിപ്പിച്ചവരോട് കരുണ കാണിക്കുക എന്നാണ് അർഥം. അവർ ചെയ്ത തെറ്റ് ശരിയാണെന്ന് സമ്മതിക്കുകയോ, അത് മറന്നുകളയുകയോ അല്ല ക്ഷമ. നമ്മൾ മറ്റൊരാളോട് ക്ഷമിക്കുമ്പോൾ നമ്മുടെ മനസ്സിലെ ദേഷ്യവും വിഷാദവും കുറയുകയും, നമുക്ക് പുതിയൊരു ആത്മവിശ്വാസം ലഭിക്കുകയും ചെയ്യും.
2. ക്ഷമിക്കാൻ സ്വയം തയാറെടുക്കുക
ശരീരത്തിന് വ്യായാമം നൽകുന്നത് പോലെ മനസ്സിനും ക്ഷമിക്കാനുള്ള വ്യായാമം നൽകണം. നമ്മെ വേദനിപ്പിച്ചവരെക്കുറിച്ച് മറ്റുള്ളവരോട് മോശമായി സംസാരിക്കാതിരിക്കുക എന്നതാണ് ഇതിന്റെ ആദ്യ പടി. അതോടൊപ്പം, ദൈനംദിന ജീവിതത്തിൽ ചെറിയ കാര്യങ്ങൾക്ക് ക്ഷമിക്കാൻ പഠിക്കുക (ഉദാഹരണത്തിന്: റോഡിൽ വച്ച് ആരെങ്കിലും നമ്മുടെ വണ്ടിക്കു കുറുകെ വന്നാൽ ദേഷ്യപ്പെടാതിരിക്കുക).
3. മനസ്സിന്റെ വേദന തിരിച്ചറിയുക
ആരാണ് നമ്മളെ വേദനിപ്പിച്ചത്, അത് എങ്ങനെയാണ് നമ്മളെ ബാധിച്ചത് എന്ന് കൃത്യമായി മനസ്സിലാക്കുക. ഭയം, ദേഷ്യം, സങ്കടം, ആത്മവിശ്വാസക്കുറവ് എന്നിവയെല്ലാം ഈ വേദനയുടെ ഭാഗമാണ്. ഈ വേദനകൾ മനസ്സിലാക്കുമ്പോൾ മാത്രമേ നമുക്ക് അതിൽ നിന്നും മോചനം പ്രാപിക്കാൻ കഴിയൂ.
4. സഹതാപത്തിലൂടെ ക്ഷമ ശീലിക്കുക
നമ്മെ വേദനിപ്പിച്ച വ്യക്തിയുടെ സാഹചര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. അവർ ചെറുപ്പത്തിൽ അനുഭവിച്ച സ്നേഹക്കുറവോ മറ്റ് മാനസിക വിഷമങ്ങളോ ആയിരിക്കാം അവരെ അങ്ങനെ ആക്കിയത്. അവരും നമ്മളെപ്പോലെ തന്നെ തെറ്റുകൾ പറ്റുന്ന സാധാരണ മനുഷ്യരാണെന്ന് മനസ്സിലാക്കുമ്പോൾ അവരോട് സഹതാപം തോന്നുകയും ക്ഷമിക്കാൻ എളുപ്പമാവുകയും ചെയ്യും.
5. കഷ്ടപ്പാടുകളിൽ നിന്ന് നല്ല പാഠങ്ങൾ ഉൾക്കൊള്ളുക
നമുക്കുണ്ടായ സങ്കടങ്ങൾ കൊണ്ട് ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചിന്തിക്കുക. ഈ അനുഭവങ്ങൾ നമ്മളെ കൂടുതൽ ശക്തരോ ധൈര്യശാലികളോ ആക്കിയിട്ടുണ്ടാകാം. മറ്റുള്ളവരോട് കൂടുതൽ സ്നേഹത്തോടെയും കരുതലോടെയും പെരുമാറാൻ ഈ വേദനകൾ നമ്മെ പഠിപ്പിക്കുന്നു.
6. കഠിനമായ സാഹചര്യങ്ങളിൽ മറ്റു സാധ്യതകൾ പരീക്ഷിക്കുക
ചില വലിയ തെറ്റുകളോട് പെട്ടെന്ന് ക്ഷമിക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിൽ സ്വയം കുറ്റപ്പെടുത്തരുത്. ആ സമയങ്ങളിൽ ക്ഷമ, ധൈര്യം, ശാന്തത എന്നിവ കൈവിടാതെ സൂക്ഷിക്കുക. വിഷമഘട്ടങ്ങളിൽ നല്ല സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സഹായം തേടാം.
7. സ്വയം ക്ഷമിക്കുക
മറ്റുള്ളവരോട് ക്ഷമിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സ്വയം ക്ഷമിക്കുക എന്നതും. നമ്മൾ ചെയ്ത തെറ്റുകളെ ഓർത്ത് സ്വയം വെറുക്കാതെ, സ്വന്തം മൂല്യം മനസ്സിലാക്കുക. അതിനുശേഷം നമ്മൾ കാരണം വിഷമം ഉണ്ടായവരോട് മനസ്സറിഞ്ഞ് മാപ്പ് ചോദിക്കാനും തയ്യാറാകണം.
8. സ്നേഹമുള്ള ഒരു ഹൃദയം വളർത്തിയെടുക്കുക
ക്ഷമിക്കാൻ പഠിക്കുന്നതിലൂടെ നമ്മുടെ മനസ്സിലെ കയ്പ്പും ദേഷ്യവും മാറി പകരം സ്നേഹം നിറയും. ഈ മാറ്റം നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും നല്ലൊരു അന്തരീക്ഷം ഉണ്ടാക്കാൻ സഹായിക്കും. വരുംതലമുറയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് സ്നേഹമുള്ള ഒരു മനസ്സ്.
ക്ഷമിക്കുക എന്നത് നമ്മളെ വേദനിപ്പിച്ചവരോട് കാണിക്കുന്ന ഒരു ഔദാര്യമല്ല, മറിച്ച് നമ്മുടെ മനസ്സിന്റെ സമാധാനത്തിന് വേണ്ടി നമ്മൾ തന്നെ ചെയ്യുന്ന കാര്യമാണ്. മനസ്സിലെ പകയും ദേഷ്യവും മാറ്റിവച്ച് ക്ഷമയുടെ വഴിയിലൂടെ നടക്കാൻ സാധിച്ചാൽ, ജീവിതം കൂടുതൽ സന്തോഷമുള്ളതും അർഥവത്തായതുമായി മാറും. അതിനായി ഈ എട്ട് വഴികൾ ജീവിതത്തിൽ പകർത്താൻ നമുക്ക് ശ്രമിക്കാം.
വിവർത്തനം: ഡിൻസി തോമസ്



