വിയറ്റ്‌നാമിൽ നിന്നുള്ള ആദ്യ വാഴ്ത്തപ്പെട്ട രക്തസാക്ഷി; ഫാ. ഫ്രാൻസിസ് സേവ്യർ ഇനി വാഴ്ത്തപ്പെട്ടവൻ

വിയറ്റ്‌നാമിന്റെ മണ്ണിൽ വച്ച് നടന്ന ആദ്യത്തെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. തന്നോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട എഴുപതോളം പേരുടെ ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ ബലിനൽകിയ, രക്തസാക്ഷിയായ ഫാ. ഫ്രാൻസിസ് സേവ്യർ ട്രൂങ് ബു ഡിപിനെയാണ് ജൂലൈ രണ്ടിന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ലെയോ പതിനാലാമൻ മാർപാപ്പയുടെ പ്രത്യേക പ്രതിനിധിയായി എത്തിയ ഫിലിപ്പീൻസ് കർദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിശുദ്ധ കുർബാന നടന്നത്. വിയറ്റ്‌നാമിലെ കാ മാവു പ്രവിശ്യയിൽ, കാൻ തോ രൂപതയ്ക്ക് കീഴിലുള്ള ‘തക് സൈ’ (Tắc Sậy) തീർഥാടന കേന്ദ്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ.

വിയറ്റ്‌നാം വിദ്യാഭ്യാസ-പരിശീലന മന്ത്രാലയത്തിന്റെ ഔദ്യോഗിക പത്രമായ ‘ഗിയാവോ ഡുക് ആന്റ് തോയ് ഡായ്’ (വിദ്യാഭ്യാസവും കാലവും) റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രാദേശിക അധികാരികളുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുക്കാൻ ആയിരക്കണക്കിന് ആളുകളാണ് ഇവിടെയെത്തിയത്. “ഇത് വിയറ്റ്‌നാമിലെ കത്തോലിക്കാ സഭയ്ക്ക് വലിയ സന്തോഷവും എല്ലാവർക്കും ഒരു അനുഗ്രഹവുമാണ്” എന്ന് പത്രം വിശേഷിപ്പിച്ചു.

ദരിദ്രരോട് യേശുവിന്റെ കാരുണ്യവും നീതിയും കാണിക്കാൻ ഫ്രാൻസിസ് സേവ്യർ ഒരിക്കലും മടിച്ചിരുന്നില്ലെന്ന് കർദിനാൾ എടുത്തുപറഞ്ഞു. “ക്രൈസ്തവരല്ലാത്തവരെപ്പോലും ഉൾക്കൊള്ളുന്ന യേശുവിന്റെ സ്നേഹവും, ചെന്നായ്ക്കളുടെയും കള്ളന്മാരുടെയും മുന്നിൽ തന്റെ ആടുകളെ തനിച്ചാക്കാത്ത നല്ല ഇടയനായ യേശുവിന്റെ വിശ്വസ്തതയുമാണ് അദ്ദേഹം കാണിച്ചുതന്നത്” – കർദിനാൾ കൂട്ടിച്ചേർത്തു.

വാഴ്ത്തപ്പെട്ട ഫ്രാൻസിസ് സേവ്യറിന്റെ ജീവിതസാക്ഷ്യത്തെ മുൻനിർത്തി കർദിനാൾ ചില ചോദ്യങ്ങൾ വിശ്വാസികൾക്ക് മുന്നിൽ വച്ചു: “നമ്മൾ എന്താണ് തിരഞ്ഞെടുക്കുക. അഴിമതിയിലൂടെ പണക്കാരനാകാനോ, അതോ പാവപ്പെട്ടവനായാലും സത്യസന്ധമായി ജീവിക്കാനോ? നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ പൂഴ്ത്തിവെക്കാനോ, അതോ പാവപ്പെട്ടവരുമായും ആവശ്യക്കാരുമായും അവ പങ്കുവെക്കാനോ? സ്വന്തം സുരക്ഷയും ആശ്വാസവും നോക്കാനോ, അതോ മറ്റുള്ളവരുടെ സങ്കടങ്ങൾ സ്വന്തമായി ഏറ്റെടുക്കാനോ? നിങ്ങൾ യേശുവിനെയാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവരാണ്.” കർദിനാൾ പറഞ്ഞു.

ആരായിരുന്നു വാഴ്ത്തപ്പെട്ട ഫ്രാൻസിസ് സേവ്യർ ട്രൂങ് ബു ഡിപ്?

1897 ജനുവരി ഒന്നിന് തെക്കുപടിഞ്ഞാറൻ വിയറ്റ്‌നാമിലെ താൻ ദുർക്കിലാണ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. തുടർന്ന് അദ്ദേഹവും പിതാവും കംബോഡിയയിൽ അഭയം പ്രാപിച്ചു.

നോം പെന്നിലെ പ്രധാന സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ഫ്രാൻസിസ് സേവ്യർ 1924 സെപ്റ്റംബർ 20-ന് വൈദികനായി അഭിഷിക്തനായി. 1930-ൽ അദ്ദേഹം തന്റെ ജന്മനാടായ തക് സൈയിലെ ഇടവക വികാരിയായി നിയമിതനായി. അവിടെ 16 വർഷത്തോളം തന്റെ ജനത്തെ വളരെ ഭക്തിയോടെ പരിചരിക്കുകയും നിരവധി മിഷനറി കേന്ദ്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

1944-നും 1945-നും ഇടയിൽ ആ പ്രദേശത്തുണ്ടായ വലിയ ക്ഷാമകാലത്ത്, ക്രിസ്ത്യാനികളെന്നോ അല്ലാത്തവരെന്നോ ഭേദമില്ലാതെ പാവപ്പെട്ടവരായ നിരവധി പേർക്ക് ഭക്ഷണവും ജോലിയും താമസസ്ഥലവും നൽകി അദ്ദേഹം സഹായിച്ചു. സ്നേഹത്തോടും കാരുണ്യത്തോടും കൂടിയുള്ള അദ്ദേഹത്തിന്റെ ഈ സേവനം കണ്ട് ഒരുപാട് ആളുകൾ അദ്ദേഹത്തിൽ നിന്ന് മാമോദീസ സ്വീകരിക്കാനായി മുന്നോട്ടുവന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം, 1945-നും 1946-നും ഇടയിൽ, ഈ വൈദികൻ സമാധാനത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി നിലകൊണ്ടു. പല ഭാഗങ്ങളിൽ നിന്നുമുള്ള സമ്മർദ്ദങ്ങളെ അദ്ദേഹം ചെറുക്കുകയും പാവപ്പെട്ടവർക്കായി കൃഷിഭൂമി വീതിച്ചു നൽകുകയും ചെയ്തു. അദ്ധേഹത്തിന്റെ ഈ പ്രവർത്തി പല സായുധ സംഘത്തലവന്മാരുടെയും വലിയ ഭൂവുടമകളുടെയും ശത്രുതയ്ക്ക് കാരണമായി എന്ന് ഫാ. ജാക്വസ് പറയുന്നു.

ഈ പ്രദേശത്തുനിന്ന് മാറി സുരക്ഷിത സ്ഥാനത്തേക്ക് പോകാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചപ്പോൾ, “ഞാനൊരു ഇടയനാണ്. ഞാൻ എന്റെ ആടുകളുടെ ഇടയിലാണ് ജീവിക്കുന്നത്. അവർക്കൊപ്പം മരിക്കാനും ഞാൻ തയ്യാറാണ്; ഞാൻ എങ്ങോട്ടും പോകില്ല,” എന്നായിരുന്നു ഫ്രാൻസിസ് സേവ്യറിന്റെ മറുപടി.

1946 മാർച്ച് 12-ന് ഒരു കൂട്ടം സായുധ ഭടന്മാർ ഫാ. ഫ്രാൻസിസിനെയും എഴുപതിലധികം വിശ്വാസികളെയും അറസ്റ്റ് ചെയ്തു. അവരെ രണ്ട് കളപ്പുരകളിലായി പൂട്ടിയിടുകയും ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അവരെ രക്ഷിക്കാനായി ഫാ. ഫ്രാൻസിസ് മൂന്ന് തവണയാണ് തട്ടിക്കൊണ്ടുപോയവരുമായി ചർച്ച നടത്തിയത്. മറ്റുള്ളവർക്ക് പകരം തന്നെ തടവിലാക്കിക്കൊള്ളാനും അദ്ദേഹം അഭ്യർഥിച്ചു.

പക്ഷെ, മൂന്നാമത്തെ തവണ അദ്ദേഹം തിരികെ വന്നില്ല. സായുധ ഭടന്മാർ കളപ്പുരകൾ തുറന്ന് തടവുകാരെ പോകാൻ അനുവദിച്ചു. രണ്ട് ദിവസത്തിന് ശേഷം, ഒരു കുളത്തിൽ നിന്ന് ഫാ. ഫ്രാൻസിസിന്റെ മൃതദേഹം കണ്ടെത്തി. കുരിശിലെ യേശുവിനെപ്പോലെ നഗ്നനാക്കപ്പെട്ട അവസ്ഥയിലായിരുന്നു അത്. അദ്ദേഹത്തിന്റെ തലയോട്ടി തകർക്കപ്പെട്ടിരുന്നു. പിന്നീട് 1969-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ തക് സൈ പള്ളിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.