കുരിശുകളിൽ നിന്ന് കുതറിമാറാതിരിക്കാം

ജിന്‍സി സന്തോഷ്‌

കുരിശുകളിൽ നിന്ന് കുതറിമാറണം എന്നത് മനുഷ്യസഹജമായ വികാരമാണ്. മനുഷ്യനു മുമ്പിൽ തോറ്റവനായ ദൈവത്തിന്റെ രൂപമുണ്ട് ദുഃഖവെള്ളിയാഴ്ച്ചയിലെ കുരിശിൽ. “ദേവാലയം നശിപ്പിച്ച് മൂന്നു ദിവസം കൊണ്ട് അത് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക. നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്ന് ഇറങ്ങിവരിക” (മത്തായി 27:40).

കുരിശിനു താഴെ ചുറ്റും നിൽക്കുന്ന പടയാളികളുടെയും തന്റെയൊപ്പം ക്രൂശിക്കപ്പെട്ടിരിക്കുന്ന കവർച്ചക്കാരുടെയും പരിഹാസങ്ങളുടെ നടുവിൽ പ്രാണൻ പിരിയുന്ന വേദനയിലും ശാന്തതയോടെ കുരിശിൽ തൂങ്ങിനിൽക്കുന്ന ക്രിസ്തു.

“നീ ദൈവപുത്രനാണെങ്കിൽ…” ഒരു പുരുഷായുസ്സിന്റെ അസ്ഥിത്വം ഇളക്കുന്ന ചോദ്യശരങ്ങൾ. ക്രിസ്തു ദൈവപുത്രൻ ആയതുകൊണ്ടാണ് കുരിശിൽ നിന്ന് ഇറങ്ങിവരാൻ സാധിക്കാതെ പോയത്. മനുഷ്യൻ മാത്രം ആയിരുന്നെങ്കിൽ ഇറങ്ങിവരാൻ ഒരു ശ്രമമെങ്കിലും നടത്തിയേനേ. മനുഷ്യൻ ജയിക്കാൻ വേണ്ടി തോൽക്കുന്നവനാണ് ദൈവം. പക്ഷേ, പിന്നീട് മനുഷ്യൻ തിരിച്ചറിയും ദൈവത്തെ തോൽപിച്ചു നേടിയ വിജയങ്ങളൊന്നും യഥാർത്ഥ വിജയമല്ലെന്ന്.

കുരിശ് നല്കുമ്പോൾ കുതറിമാറുന്നവനിൽ നിന്ന് ക്രൂശിതനും പിൻവാങ്ങും. സ്വീകരിക്കുന്നവന് അവനത് കുറേക്കൂടി നല്കും. അങ്ങനെ അവൻ മിശിഹായിലേക്ക് ഉയരും. ഓരോ സഹനത്തിലും ഒരു അഭിഷേകം അവൻ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുരിശിലെ ക്രിസ്തുവിന്റെ മുറിപ്പാടുകൾ വിശ്വാസത്തിന്റെയും സൗഖ്യത്തിന്റെയും അടയാളമായി മാറി. തിരിച്ചറിയുക, ദൈവത്തിന് ഉണക്കാൻ പറ്റാത്ത മുറിവുകളൊന്നും നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല. ജീവിതഗാഗുൽത്തായിൽ ക്രിസ്തു മരിച്ചവനല്ല; ഉയിർത്തെഴുന്നേറ്റവനാണ്. അവന്റെ ക്ഷതങ്ങൾ മാത്രമല്ല, നിന്റെ ക്ഷതങ്ങളും സൗഖ്യദായകമാണ്. “കുരിശ് നിങ്ങളെ തകർക്കുകയില്ല. അതിന്റെ ഭാരം നിങ്ങളെ സംഭ്രമിപ്പിക്കുന്നുണ്ടെങ്കിലും അതിന്റെ ശക്തി നിങ്ങളെ താങ്ങിക്കൊള്ളും” (വി. പാദ്രേ പിയോ).

ജിൻസി സന്തോഷ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.